അതിരാവിലെ എഴുന്നേറ്റ ജാനു ഒരു യാത്രക്കുള്ള തത്രപ്പാടിലാണ്. മൂന്നു വർഷത്തിനു ശേഷം മീനാക്ഷി നാട്ടിൽ വന്നിരിക്കുകയാണ്. കൂടെ മൂന്നു വയസ്സുള്ള പോക്കിരിയും. ജാനുവിന്റെ ഭാഷയിൽ പറഞ്ഞാൽ 'ഇത്തിനാ പിടിയുള്ള ഓളെ പോറ്റിയതും ഒറക്കിയതും അപ്പിയിടീപ്പിച്ചതും അവളാണ്. മീനാക്ഷിക്ക് ഉറക്കം ഞെട്ടിയാൽ ജാനു അടുത്തു വേണം. കുളിപ്പിക്കാനും ഊട്ടാനും അംബിളി മാമനെ പിടിക്കാനും ചെരട്ട പുട്ട് ചുടാനും അവൾ തന്നെ വേണം. പെറ്റമ്മ മാനന്തവാടിയിൽ ടീച്ചറായി ജോലി ചെയ്യുന്നത് കൊണ്ടാണ് പോറ്റമ്മയുടെ ഉത്തരവാദിത്ത്വം ജാനു നിർവഹിച്ചിരുന്നത് .
കാലങ്ങൾ കടന്നു പോയിരിക്കുന്നു. ജാനുവിന്റെ കാലിനു വാതം ബാധിച്ചിരിക്കുന്നു, നടക്കാൻ വയ്യ. എന്നാലും മീനാക്ഷിയെ കാണാതെ ഇനി ഒരു നിമിഷം നില്ക്കാൻ അവൾക്കു കഴിയും എന്നു തോന്നുന്നില്ല. ജാനു സാരി ഉടുക്കുന്നതിനിടയിൽ ഒണക്കച്ചൻ പറയുന്നുണ്ടായിരുന്നു, ' ഞ്ഞി ഈ കാലും ബെച്ചിറ്റ് ആട കാണാൻ പോന്നുണ്ടോ' എന്ന് . ആര് കേൾക്കാൻ !! ഏഴു ദിവസം മാറ്റിവെച്ചത് ജാനുവിന് മാത്രം അറിയാം. പോവുമ്പോൾ എപ്പോഴത്തെയും പോലെ മീനാക്ഷിയുടെ പ്രീയപ്പെട്ട അരിയുണ്ട ഇലയിൽ ചുരുട്ടി എടുക്കാനും അവൾ മറന്നില്ല.
കയ്യിലെ പോതിയിലെക്കായിരിക്കും അവളുടെ നോട്ടം, തന്നെ കണ്ടാലുണ്ടാകുന്ന സന്തോഷം, മാറി മാറി ഓടിയ മീനാക്ഷിയുടെ ബാല്യകാല സ്മരണകൾ, വികൃതമായ നടത്തത്തിൽ വഴിനീളെ മനോഹരമായ സ്വപ്നങ്ങൾ ജാനുവിന്റെ മനസ്സിനെ തലോടി. പരിസമാപ്തിയിൽ ജാനു മീനാക്ഷിയുടെ വീട്ടിലെത്തി.
മുൻ വാതിലിലൂടെ കയറുന്ന പതിവ് ജാനുവിനു പണ്ടേ ഇല്ല. 'നമ്പാളുടെ വീടല്ലേ!'. പിന്നിലൂടെ നടന്നു അവൾ പിന്നാമ്പുറത്തു ഇരിപ്പായി.ഇതാ ഒരു സ്വപ്നത്തിലെന്ന പോലെ കുഞ്ഞ് തൻറെ മുന്നിൽ. പക്ഷെ മീനാക്ഷിയുടെ കണ്ണുകളിൽ ജാനുവിനെ കാണുമ്പോഴുണ്ടാകുന്ന പ്രസരിപ്പ് നഷ്ടപ്പെട്ടിരിക്കുന്നു. സ്നേഹം ആ കണ്ണുകളിൽ നിന്നും അകന്നു പോയിരിക്കുന്നു.ആകാംക്ഷയില്ലാത്ത ആ കൈകളിൽ ജാനു അവളുടെ ഇലപ്പൊതി ഏൽപ്പിച്ചു.
ആമുഖം 'സുഖമാണോ ജാനൂ' എന്ന ചോദ്യത്തിൽ മീനാക്ഷി ഒതുക്കി. കൂടെ ഒണക്കച്ചന്റെ സുഖവിവരവും. അത് കേട്ട മീനാക്ഷിയുടെ സായിപ്പൻ കുട്ടി ഒണക്കച്ചനെ 'dry father ' ആയി ഉപമിച്ചു. ആംഗലേയവും മലയാളവും ഒത്തു ചേരുന്ന ഒരു വികൃത ഭാഷയുടെ വക്താവായിരുന്നു ആ കുഞ്ഞ് .
രണ്ടു പ്രധാന കാര്യങ്ങളാണ് ജാനു മീനാക്ഷിയുടെ വീട്ടിലെത്തിയാൽ പാലിച്ചു പോന്നത്. ഒന്ന് മീനാക്ഷിയുടെ അമ്മ നാട്ടുകാരുടെ പരദൂഷണത്തിൽ ഏർപ്പെടുമ്പോൾ അതിനെ സ്വാഗതം ചെയ്ത് എരിവും പുളിയും ചേർക്കുക.രണ്ട് , മീനാക്ഷിയുടെ അമ്മയുടെ പ്രസ്ഥാവനകളെ അതെ പോലെ സ്വീകരിച്ച് സമ്മതം മൂളി തലയാട്ടുക. അത് കൃത്യമായി അന്നും ജാനു പാലിച്ച് അന്ത്യം മടക്ക യാത്രക്കൊരുങ്ങി .
യാത്രക്കൊരുങ്ങിയ ജാനുവിനെ അൽപനേരം കൂടെ ഇരിക്കാൻ മീനാക്ഷി നിര്ബന്ധിച്ചു. അമ്മയെയും വിളിച്ച് മീനാക്ഷി ഉള്ളിലേക്ക് പോയി. സംശയം, തിരിച്ചു പോകുമ്പോൾ ജാനുവിന് എന്താ ഒന്നു കൊടുക്കുക എന്ന് തന്നെ. അമ്മയും മകളും പെട്ടിയുടെ മുന്നിൽ തപസ്സായി. മീനാക്ഷി ഓരോ സാധനം എടുത്തു ഉയർത്തി കാണിക്കും. അമ്മ അതിനു നല്ല വില ഉണ്ടാകില്ലേ എന്ന് പറഞ്ഞു നിരാകരിക്കും. അവസാനം ഒരു ടൂത്ത് ബ്രഷ് എടുത്ത് മീനാക്ഷി അമ്മയെ കാണിച്ചു. അമ്മ അതിനു തലയാട്ടി. അവർ തമ്മിലുള്ള കുശുകുശുപ്പിന് ശേഷം ബ്രഷുമായി മീനാക്ഷി പുറത്തു വന്നു. ബ്രഷ് ജാനുവിന് കൊടുത്ത ശേഷം മീനാക്ഷി അതു വിവരിച്ചു. ഇത് വെറും ഒരു ബ്രഷ് അല്ല. മറിച് തനിയെ കറങ്ങും, വായിലിട്ടാൽ തനിയെ വൃത്തിയാക്കും, തേക്കേണ്ട ആവശ്യമില്ല. അമ്മയുടെ മുഖത്ത് അല്പം വേവലാതി പിടികൂടി. അമ്മക്കറിയില്ലായിരുന്നു, ഇത് സ്വിച്ച് അമർത്തിയാൽ കറങ്ങുന്ന ബ്രഷ് ആണെന്ന്. അറിയാമെങ്കിൽ ഒരിക്കലും ജാനുവിന് കൊടുക്കാൻ സമ്മതിക്കില്ലായിരുന്നു. കൂടാതെ സ്വന്തമാക്കാനും തീരുമാനിച്ചേനേ. എന്ത് ചെയ്യാൻ , കൊടുത്ത സാധനം ഇനി മടക്കി വാങ്ങാൻ കഴിയില്ലല്ലോ.
ജാനു ഒരിക്കലും കറങ്ങുന്ന ഒരു ബ്രഷ് കണ്ടിട്ടില്ല. ഉമിക്കരിയിൽ പല്ല് തേച്ചു ശീലിച്ച ജാനുവിന് ഇതാ ഒരു ബ്രഷ് . അതും കറങ്ങുന്നത്. കൈയ്യിൽ ബ്രഷുമായി കയറി വന്ന ജാനുവിനെ കണ്ടപ്പോൾ ഒണക്കച്ചൻ കളിയാക്കുന്ന ഒരു ചോദ്യം. ' ഒരിയാണ നീ പല്ല് തേക്ക്വാൻ തീരുമാനിച്ചോ? ''ഈ തീയ്യനു ബേറെ ഒരു കിന്നാരോം പറയാനില്ലേ?' എന്ന ചോദ്യത്തിൽ ജാനുവിന്റെ മറുപടി ഒതുക്കി.
ബ്രഷ് കിട്ടിയതുനു ശേഷം ജാനു കയ്യിൽ നിന്ന് താഴെ വച്ചിട്ടില്ല. അതിന്റെ സ്വിച്ച് ഓണ്‍ ചെയ്ത് കയ്യിലെ രോമത്തിൽ പിടിക്കും. ഇക്കിളി കൂട്ടി ചിരിക്കും. മിന്നുന്ന ബ്രഷിന്റെ കവർ നോക്കുന്നത് കണ്ടാൽ തോന്നും 'instruction' എല്ലാം മന:പാഠമായി എന്ന്. ജാനു ഒണക്കച്ചന് കറങ്ങുന്ന ബ്രഷിന്റെ പ്രവർത്തനം വിശദീകരിച്ചു കൊടുത്തു. ഡെമോയും കാണിച്ചു. ഒണക്കച്ചന്റെ ആകാംക്ഷയും ജിജ്ഞാസയും പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. ജാനുവിന്റെ കയ്യിൽ നിന്ന് വാങ്ങി ഒണക്കച്ചൻ ബ്രഷ് ഓണ്‍ ചെയ്തു. കറങ്ങുന്നത് കണ്ട് രണ്ടുപേരും നിഷ്കളങ്കമായി ആർത്തു ചിരിച്ചു.
മങ്ങിയ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലും ഉറക്കത്തിന്റെ ഞെട്ടലിലും ജാനു ബ്രഷ് എടുത്തു സ്വിച്ചിട്ട് ഒന്ന് കറക്കും. മങ്ങിയ ചിമ്മിനി വെളിച്ചത്തിൽ ബ്രഷ് കറങ്ങുന്നതും അതിന്റെ ഒച്ചയും ഒരു സ്വപ്നവും അതിലെ സംഗീതവും ആയി മാറി ജാനുവിന്. എത്ര തവണ അവൾ അത് കറക്കി എന്ന് അവൾക്ക് തന്നെ തിട്ടമുണ്ടാകില്ല . എന്നാലും ബ്രഷിന്റെ താരാട്ടിൽ അവൾ അറിയാതെ മയങ്ങി പോയി.
വൈകിയാണ് ഉണർന്നതെങ്കിലും ഉണർന്നപ്പോൾ ജാനു തപ്പി നോക്കിയത് ബ്രഷിനു വേണ്ടിയായിരുന്നു. അല്പം അകലെയായി കറങ്ങുന്ന ബ്രഷിന്റെ ഒച്ച കേട്ടപ്പോൾ അല്പം വൈമനസ്യത്തോടെ ശബ്ദത്തിന്റെ ദിശയിലേക്ക് അവൾ നടന്നു.കിണറ്റിന്റെ കരയിലെ ആ കാഴ്ച അസഹാനീയമായിരുന്നു. പല്ലില്ലാത്ത ഒണക്കച്ചൻ കറങ്ങുന്ന ബ്രഷ് കൊണ്ട് മോണ തേച്ച് ആനന്ദിക്കുന്നതും ഇക്കിളി കൂട്ടി ചിരിക്കുന്നതുമായ കാഴ്ചയാണ് അവൾ കണ്ടത്. പക്ഷെ എന്തെന്നറിയില്ല ഓണക്കച്ചനെതിരെ ഒരു വാക്കുപോലും അവൾ ഉരിയാടിയില്ല.
ബ്രഷ് കൈക്കലാക്കിയ ഒണക്കച്ചന്റെ കഥ മീനാക്ഷിയുടെ അമ്മയുമായുള്ള ജാനുവിന്റെ പരദൂഷണത്തിനിടയിൽ മറ്റൊരു ദിവസം പൊങ്ങി വന്നു. ഇത് കേട്ട മീനാക്ഷി വികാരഭരിതയായി പറഞ്ഞു , ഇതാണ് നമ്മൾ ഫെമിനിസ്റ്റ് ആയി പോകുന്നത്. അത് കേട്ട ജാനു അതിനും തലയാട്ടി, ജീവിതത്തിൽ ഫെമിനിസ്റ്റ് എന്ന വാക്ക് ഒരു തവണ പോലും കേട്ടിട്ടില്ല എങ്കിലും...


