2011 നവംബർ 7, തിങ്കളാഴ്‌ച

ഒരു ട്രെയിന്‍ യാത്ര

 
Farnborough സ്റ്റേഷനില്‍ നിന്ന് ലണ്ടന്‍ കാണാനുള്ള തത്രപ്പാടില്‍ ആയിരുന്നു രാജേഷ്‌. കൂടെ സലിമും. പൗണ്ട് എണ്ണിതിട്ടപ്പെടുത്തി കൌണ്ടറില്‍ കൊടുത്തപ്പോള്‍ മനസ്സില്‍ ഏറെ ചോദ്യങ്ങള്‍, കൂടാതെ 20  പൗണ്ട് ചെലവാക്കിയതിന്റെ ഖേദവും. ഇന്ത്യയില്‍ നിന്നും UK യില്‍ എത്തുന്ന ഏതൊരാളും ആദ്യം സ്വാഭാവികമായി തങ്ങള്‍ ചെലവഴിക്കുന്ന പൌണ്ടിന്റെ മൂല്യം രൂപയിലേക്ക് തിട്ടപ്പെടുത്തുമ്പോള്‍ എന്നും വെപ്രാളപ്പെടും. ഒരു പൗണ്ട് 80 രൂപ എന്ന് എവിടെയും അറിയാതെ അവരുടെ ചിന്താശകലത്തില്‍ ഇടിച്ചു കയറും. അത് മാറിവരാന്‍ സമയം പിടിക്കും. 
രാജേഷും സലീമും UK ല്‍ എത്തിയിട്ട് അധികം നാള്‍ ആയിട്ടില്ല. പണം ചിലവഴിക്കുന്ന കാര്യത്തില്‍ പിശുക്കന്‍മാരില്‍ ഒന്നാമനായി വിലസുകയാണ് രാജേഷ്. കാല്‍നടയാത്ര എത്ര ദൂരം വേണമെങ്കിലും, വിശന്നാലും സഹിക്കുന്ന കാലം. പുറത്തു നിന്നും എന്തെങ്കിലും വാങ്ങാന്‍ പത്തു തവണ ചിന്തിക്കും. രാജേഷിന്റെ വിശദീകരണം മറ്റൊന്നുമല്ല, UK യില്‍ പിശുക്കി ഇന്ത്യയില്‍ ആര്‍മാദിക്കാമല്ലോ. ചിലപ്പോള്‍ സലിം രാജേഷിനോട് ചോദിക്കും Farnborough  യില്‍ നിന്ന് ലണ്ടന്‍ വരെ നടന്നാലോ എന്ന്. രാജേഷ് അല്പം ലജ്ജയോടെ അത് കേട്ട് പുഞ്ചിരിക്കും. മറ്റൊന്നുമല്ല, രാജേഷ് അതിനും വേണമെങ്കില്‍ തയ്യാര്‍. അത് വഴി 1600 രൂപ രാജേഷിനു ഒരു ട്രെയിന്‍ യാത്രയില്‍ ലാഭിക്കാമല്ലോ.

Farnborough സ്റ്റേഷനില്‍ ട്രെയിന്‍ എത്തി. എത്ര ശാന്തരായ യാത്രക്കാര്‍ ...........ട്രെയിനിന്റെ ഒരു  വാതില്ക്കലും  തിക്കും തിരക്കും കാണാനേ പ്രയാസം.ആദ്യം ഇറങ്ങുന്ന ആളുകളുടെ ഊഴം പിന്നെ കയറുന്നവരുടെയും.  പക്ഷെ രാജേഷ്‌ സായിപ്പന്മാരുടെ മര്യാദ തെറ്റിച്ചു.  നാട്ടില്‍ K S R T C ബസ്സില്‍ കയറാന്‍ അടികൂടുന്നത്‌ പോലെ രാജേഷ്‌ തിരക്കിലെക്ക് ആക്രമിച്ചു. കേരളീയന്റെ ചോറിന്റെയും വെളിച്ചെണ്ണയുടെയും ആരോഗ്യം അവന്‍ സായിപ്പിന്റെ അടുത്തും പുറത്തെടുത്തു. ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങിയ സായിപ്പിനിട്ടു ഒരു തള്ള്. സായിപ്പ് രാജേഷിനെ തൂക്കിയെടുത്ത് പുറത്തിട്ടു. ആജാനുബാഹുവായ സായിപ്പ് "after me " എന്ന് പറഞ്ഞതെ രാജേഷിനു മനസ്സിലായുള്ളു. പിന്നെ പറഞ്ഞതെല്ലാം സായിപ്പിന്റെ ഉച്ചാരണത്തില്‍ രാജേഷിനു നഷ്ടപ്പെട്ടു .
രാജേഷ്‌ ഒന്ന് അടങ്ങി. പിന്നിലോട്ടു വലിഞ്ഞു. പക്ഷെ ഇറങ്ങിവന്ന സായിപ്പ് രാജേഷിനെ discipline പഠിപ്പിക്കാന്‍ തയ്യാറായത് പോലെ കണ്ണെത്തും ദൂരം വരെ പിറുപിറുത്തു കൊണ്ട് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. 
രാജേഷ്‌ ട്രെയിനില്‍ കയറി ഇടം പിടിച്ചു. അതി മനോഹരമായി പണിത കമ്പാര്‍ട്ട്മെന്റ്, സുഗമമായ ഇരിപ്പിടം, നിലത്തു വിരിച്ച മനോഹരമായ പരവതാനി,  ഭംഗിയായി  അലങ്കരിച്ച മേശ,  ഇടവിട്ട് വരുന്ന അനൌണ്സ്മെന്റും ഡിസ്പ്ളേ ബോര്‍ഡ്‌ ല്‍ പതിയുന്ന വിവരണവും. സലിം ഉടനടി ഏതു ഇന്ത്യക്കാരനെയും പോലെ നമ്മുടെ ഇന്ത്യന്‍ റെയില്‍വേയെ തരം താഴ്ത്തി, കിട്ടിയ ചാന്‍സ് മുതലാക്കി. നമ്മുടെ രാജ്യക്കാരുടെ തനതായ ശൈലിയില്‍ രാജ്യത്തെയും ഭരണ വര്‍ഗ്ഗത്തെയും കരിതെക്കാനും സലിം മറന്നില്ല. ഇന്ത്യാ രാജ്യത്തിന് രക്ഷയില്ല, പഴിമാത്രം ബാക്കി എന്ന രീതിയില്‍ രാജേഷ്‌ തലയാട്ടി. 

ട്രെയിന്‍ മുന്നോട്ടു നീങ്ങി. ശാന്തരായ യാത്രക്കാര്‍ അവരവരുടെ കാര്യങ്ങളില്‍ മുഴുകി. രാജേഷ് അടുത്തിരുന്ന യാത്രക്കാരനെ നോക്കി. അയാള്‍ തന്റെ ബുക്കില്‍ എന്തൊക്കെയോ കുത്തിക്കുറിക്കുകയാണ്. സൂക്ഷിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത്, അയാള്‍ സ്വന്തം  രാജ്യത്തിനു വേണ്ടി 2025 -26 വര്‍ഷത്തിലേക്കുള്ള  പ്ലാന്‍ തയ്യാറാക്കുകയാണ് . അതിന്റെ നടത്തിപ്പിന് വേണ്ടി വരുന്ന ചിലവും, അതിനു വരുന്ന സമയവും അയാള്‍ തിട്ടപ്പെടുത്തുകയാണ് . ആശ്ചര്യം!!. നമ്മുടെ നാട് എന്ന് ഭാവിയെ പറ്റി ചിന്തിച്ചു ഒരു പ്ലാന്‍ ഉണ്ടാക്കും എന്ന ചിന്ത രാജേഷിന്റെ മനസ്സിലൂടെ കടന്നുപോയി. ഇന്ന് ഭരിക്കുന്നവര്‍ക്ക് ദിവസേന രാജ്യത്തു എന്ത് സംഭവിക്കുന്നു എന്ന് കൃത്യമായി തിട്ടപ്പെടുത്താന്‍ കഴിയുന്നുണ്ടോ എന്ന ആശങ്ക രാജേഷിന്റെ മനസ്സില്‍ ഉടലെടുത്തു.
ട്രെയിന്‍ Wimbilton സ്റ്റേഷനില്‍ നിര്‍ത്തി.  തന്റെ  മുന്‍പിലുള്ള ഒഴിഞ്ഞ സീറ്റിലേക്ക്  ഒരു നീഗ്രോ മദ്ധ്യവയസ്ക കയറി വന്നിരുന്നു. രാജേഷിനു അവന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വീട്ടില്‍ പുറം പണി ചെയ്തിരുന്ന കല്യാണി ഏടത്തി ടീ ഷര്‍ട്ടും സ്കേര്‍ട്ടും ഇട്ടു, മുണ്ടും ബ്ലൌസും ഊരിവച്ചു മുടിയും ബോബ് ചെയ്തു UK യിലെ ട്രെയിനില്‍!

   ഗുഹ പോലെ കണ്ട  പൊക്കിളും തള്ളി നിന്ന വയറും കുറഞ്ഞു സ്ലിം ആയിരിക്കുന്നു. കല്യാണി ഏടത്തിയുടെ മുഖത്ത് ചായവും ചുണ്ടില്‍ ലിപ്സ്ടിക്കും. നഖം നന്നായി വെട്ടിയിരിക്കുന്നു, കൂടാതെ പോളിഷും ചെയ്തിരിക്കുന്നു. കല്യാണി ഏടത്തി ഒരിക്കലും ചെരിപ്പുകള്‍ അണിഞ്ഞിരുന്നില്ല . എന്നാല്‍ ട്രെയിനില്‍ ഇരിക്കുന്ന കല്യാണി ഏടത്തിയെ നോക്കു, മുട്ടോളം എത്തിനില്‍ക്കുന്ന തിളങ്ങുന്ന ബൂട്ട്, കയ്യിലൊരു ലെതെര്‍ ബാഗ്‌, തുട കാണുന്ന ഇറുങ്ങിയ സ്കെര്റ്റ്.
കല്യാണി ഏടത്തിയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാന്‍ രാജേഷിനു കഴിഞ്ഞില്ല, വിശ്വസിക്കാന്‍ കഴിയുന്നില്ല, അമ്മയെയും ചുറ്റിപ്പറ്റി കഴിഞ്ഞിരുന്ന കല്യാണി ഏടത്തി അപ്രതീക്ഷിതമായി ലണ്ടനില്‍ അതും പ്രതീക്ഷിക്കാന്‍ കഴിയാത്ത രൂപത്തില്‍. എന്തോ രാജേഷിന്റെ തുറിച്ചു നോട്ടത്തില്‍ പന്തികേട് തോന്നിയ കല്യാണി ഏടത്തി ഒന്ന് മന്ദഹസിച്ചു. രാജേഷിന്റെ മുഖത്ത് ഒരു മാറ്റവും ഉണ്ടായില്ല. അപ്രതീക്ഷിതക്കൊടുവില്‍  ട്രെയിന്‍  ലണ്ടനിലെ വാട്ടര്‍ ലൂ സ്റ്റേഷനില്‍ എത്തി.
തിരിഞ്ഞു മറയുന്നതിനിടയില്‍ കല്യാണി ഏടത്തിയെ രാജേഷ്‌ കാണാതായി. exit എടുത്ത് വാട്ടര്‍ ലൂ വില്‍ നിന്ന് പുറത്തേക്കു പോകാം എന്ന് കരുതി നില്‍ക്കുമ്പോള്‍ സലിമിന് 'ലൂ' ശങ്ക. രാജേഷിനെ ഒരു കൌണ്ടരിന്റെ മുന്നില്‍ നിര്‍ത്തി സലിം മൂത്ര ശങ്ക പരിഹരിക്കാന്‍ പോയി. രാജേഷ്‌ അലസമായി കൌണ്ടരിന്റെ മുന്നിലിരുന്നു സമയം മുന്നോട്ടു തള്ളി നീക്കുമ്പോള്‍ അടുത്തായി ഒരു പോലീസ് കൂട്ടം, നടുവിലായി ഒരു സ്ത്രീയും രാജേഷിന്റെ ശ്രദ്ധയില്‍ പെട്ടു. ഒന്ന് ശ്രദ്ധിച്ചു നോക്കിയപ്പോള്‍ കല്യാണി ഏടത്തി.


രാജേഷിനു ജിജ്ഞാസയുടെ ചിറകുകള്‍ വിരിഞ്ഞു. രാജേഷ്‌ മെല്ലെ കല്യാണി ഏടത്തിയുടെയും പോലീസിന്റെയും അടുത്ത് പതുങ്ങി എത്തി. അടുത്ത് എത്തിയപ്പോഴാണ് മനസ്സിലായത് രാജേഷ്‌ കണ്ടത് പോലീസിനെ അല്ല , മറിച്  യുണിഫോം അണിഞ്ഞ T T R നെ ആണ്. കല്യാണി ഏടത്തി ടിക്കറ്റ്‌ എടുത്തിട്ടില്ല. T T R പണം ചോദിക്കുകയാണ്. പതുങ്ങി പതുങ്ങി വരുന്ന രാജേഷിനെ കണ്ടപ്പോള്‍ കല്യാണി ഏടത്തി ശ്രദ്ധിച്ചു.  ചുറ്റും നിന്നിരുന്ന യുണിഫോം ധാരികളുടെ അടുത്ത് നിന്നും കല്യാണി ഏടത്തി അല്പം ചമ്മലോടെ രാജേഷിനെ  സമീപിച്ചു. നാട്ടില്‍ പോയാല്‍  ഒണക്കച്ചന്റെയും  കുട്ടികളുടെയും പ്രാരാബ്ദം പറയാന്‍ ഓടി അടുക്കുന്ന കല്യാണി ഏടത്തിയെ ആണ് രാജേഷിനു ഓര്‍മ വന്നത്. കല്യാണി ഏടത്തി ഇംഗ്ലീഷ് പഠിച്ചിരിക്കുന്നു.അതും B B C ചാനലില്‍ കേട്ടിരുന്ന വാക്ചാതുര്യതോടെ. പറയുന്നത് മനസ്സിലാക്കാനും പ്രയാസം. രാജേഷ്‌ കല്യാണി ഏടത്തിയുടെ മുഖത്ത് നോക്കി. കല്യാണി ഏടത്തി ബാഗ്‌  ഉയര്‍ത്തിയും തുറന്നും  കാണിക്കുന്നുണ്ടായിരുന്നു.മനസ്സിലേക്ക് കയറാത്ത വാക്കുകളോടെ കല്യാണി ഏടത്തിയെ നിശബ്ദതയോടെ അയാള്‍ നോക്കി കണ്ടു. എന്നത്തേയും പോലെ  അവസാനം കല്യാണി ഏടത്തി കണ്ണീരില്‍ കഥ അവസാനിപ്പിച്ചു. ഒരു മാറ്റവും ഇല്ല, ഇന്ത്യയിലും UK യിലും കല്യാണി ഏടത്തി ഒരുപോലെ തന്നെ .

രാജേഷിനു ഒരേ ഒരു കാര്യം പിടികിട്ടി. കല്യാണി ഏടത്തിക്ക് ടിക്കെറ്റിന്റെ കാശും ഫൈനും ചേര്‍ത്ത് 40 പൗണ്ട് വേണം. ഒന്നും ആലോചിക്കാതെ രാജേഷ്‌ പേഴ്സ് പുറത്ത് എടുത്ത് 40 പൗണ്ട് T T R നെ ഏല്‍പ്പിച്ചു.  കണ്ണുതുടച്ചു കല്യാണി ഏടത്തി രാജേഷിനെ കെട്ടിപ്പിടിച്ചു. അറുത്ത കൈക്ക് ഉപ്പു തേക്കാത്ത പിശുക്കനായ രാജേഷ്‌ 40 പൗണ്ട് , രൂപയിലേക്ക് കണക്കു കൂട്ടി അന്ന് സഹതപിച്ചില്ല.

കെട്ടിപുണര്‍ന്നു നില്‍ക്കുന്ന രാജേഷിനെയും കല്യാണി ഏടത്തിയെയും കണ്ടു കൊണ്ട് വന്ന സലിം ഓര്‍ത്തു. ഈ ചെക്കന്‍ എവിടെ പോയാലും ആരെയെങ്കിലും വീഴ്ത്തും. ഇവന് ഒരു മദാമ്മയെ വീഴ്ത്തിയാല്‍ എന്താ...ഈ വയസ്സായ കറുംബിയെയേ ഇവന്‍ കണ്ടുള്ളൂ.....

2011 ഒക്‌ടോബർ 16, ഞായറാഴ്‌ച

കുഞ്ഞുമേരിയുടെ പ്രണയം



അപ്രതീക്ഷിതമായിരുന്നു കുട്ടപ്പായിയുടെ ഒടുക്കത്തെ നടുവേദന. തിരിയാനും മറിയാനും പറ്റാത്ത വേദന. എന്നും കമ്പ്യൂട്ടറിന്റെ മുന്നിലെ കുത്തിയിരിപ്പ് സമരത്തിന്റെ പരിണാമമോ അതോ നട്ടെല്ലിന്റെ ക്ഷതമോ അറിയില്ല, കുട്ടപ്പായി ശരിക്കും ചക്രശ്വാസം വലിക്കുകയായിരുന്നു. അയാള്‍ ആദ്യം സമീപിച്ചത് മസ്സാജ് വീരന്‍ കേളുവെട്ടനെ. കേളുവേട്ടന്‍ വിദഗ്ദനായ ഒരു ബാര്‍ബറും മസ്സാജ് വീരനും ആയിരുന്നു. കേളുവേട്ടന്‍ കുട്ടപ്പായിയുടെ നടുപ്പുറത്ത് താണ്ഡവം ആടി. ന്യൂട്രലില്‍ ഇരുന്ന തല എല്ലാ ഗിയറിലേക്കും ഇട്ടു. ഒടുക്കത്തെ നടുവേദന ഒടുങ്ങാത്ത നടുവേദന ആക്കാന്‍ കേളുവേട്ടനു അധികം സമയം വേണ്ടി വന്നില്ല. കൂടാതെ കുട്ടപ്പായി കിടപ്പിലും ആയി. 

അലോപ്പതിയില്‍ തീരെ വിശ്വാസമില്ലാതിരുന്ന കുട്ടപ്പായി വലിച്ചു പിടിച്ച് ആയുര്‍വേദ ആശുപത്രിയില്‍ എത്തി. ആയുര്‍വേദ ഡോക്ടര്‍ കുട്ടപ്പായിയെ പരിശോധിച്ചു. കണ്ണുകള്‍ ഉരുട്ടി ദീര്‍ഘ നിശ്വാസത്തോടെ ഡോക്ടര്‍ പറഞ്ഞു, "പണി പിടിക്കും" ! . കുട്ടപ്പായിയെ അവിടെ അഡ്മിറ്റ്‌ ചെയ്തു. ഉഴിച്ചിലും പിഴിച്ചിലും ഗംഭീരമായി നടക്കുന്നു. കുട്ടപ്പായിയുടെ പോക്കെറ്റും നന്നായി പിഴിയുന്നുണ്ടായിരുന്നു. 

രാവിലെ എഴുന്നേറ്റാല്‍ നെയ്‌ ചേര്‍ത്ത മരുന്ന്. അത് ഉള്ളില്‍ ചെല്ലേണ്ട, അലാറം അടിയും , അത് കക്കൂസിലെ കതിന വെടിയിലെ അവസാനിക്കാറുള്ളൂ. എല്ലാ ദിവസവും കുട്ടപ്പായി കക്കൂസില്‍ കാര്‍ഗില്‍ യുദ്ധം നടത്തി തിരിച്ചു വരുമ്പോഴേക്കും അടുത്ത നെയ്‌ മരുന്ന്. അത് പോഖ്രാനിലെ ആറ്റം ബോംബിനു സമമായിരിക്കും. കുട്ടപ്പായി ക്ഷീണിച്ചു. കൂടാതെ നടുവേദനക്ക് അല്‍പ്പം ആശ്വാസവും. 

ക്ഷീണിതനായി യുദ്ധം ചെയ്തുവരുന്ന കുട്ടപ്പായിക്ക് ജ്യുസും ആയി കുഞ്ഞുമേരി സിസ്റ്റര്‍ കാത്തു നില്‍പ്പുണ്ടാവും. കുഞ്ഞു മേരി അതിസുന്ദരിയായ ഒരു യുവതിയാണ്. എന്നും ഒടിഞ്ഞു തൂങ്ങിയ വയസ്സന്മാരെ ശുശ്രൂഷിച്ചു മടുത്ത കുഞ്ഞുമേരിക്ക് വേനലിലെ ഒരു തണുത്ത മഴയായിരുന്നു കുട്ടപ്പായി. കക്കൂസിലെ യുദ്ധവും കഴിഞ്ഞു വരുന്ന കുട്ടപ്പായി നനഞ്ഞു ഒട്ടിയ ലുങ്കി, ഒട്ടിയ വിരിഞ്ഞ വയറില്‍ വലിച്ചു കെട്ടുന്നത് കാണുന്നതില്‍ കുഞ്ഞു മേരി ഒരു ആനന്ദം കണ്ടു. കുട്ടപ്പായിക്ക് ജ്യൂസ്‌ കൊടുക്കുമ്പോള്‍ ചൂണ്ടു വിരല്‍ കൊണ്ട് കുഞ്ഞു മേരി അവന്റെ വിരലുകളില്‍ മൃദുലമായി സ്പര്ശിക്കുമായിരുന്നു. വരണ്ട മരുഭൂമിയിലെ ഒരു മരുപ്പച്ചയായിരുന്നു കുഞ്ഞുമേരിക്ക് കുട്ടപ്പായിയുടെ വിരലിലെ ഈ സ്പര്‍ശനം. എപ്പോഴെങ്കിലും കുഞ്ഞുമേരി കുട്ടപ്പായിയെ സ്പര്‍ശിച്ചാല്‍ കുഞ്ഞുമേരിയുടെ മൂക്കിന്റെ ദ്വാരങ്ങളുടെ വ്യാസം അപ്രതീക്ഷിതമായി വര്ധിക്കുന്നതയും ഇടതു പുരികം പിടഞ്ഞു കൊണ്ടിരിക്കുന്നതായും അവള്‍ക്ക് അനുഭവപ്പെട്ടിരുന്നു. സ്പര്‍ശനം പിന്‍വലിച്ചാല്‍ മൂക്കും പുരികവും സാധാരണ ഗതിയിലേക്ക് വരികയും ചെയ്യുമായിരുന്നു.

കുട്ടപ്പായിക്ക് എന്നും നടുപ്പുറത്ത് കിഴി വെക്കണം. കിഴി വച്ചിരുന്നത് കുഞ്ഞുമേരിയും. കിഴിയിലൂടെ സംഭവിക്കുന്ന കുട്ടപ്പായിയുമായുള്ള സ്പര്‍ശനം മൂക്കിന്റെയും പുരികത്തിന്റെയും അസാധാരണ രാസപ്രക്രിയയില്‍ അവസാനിച്ചിരുന്നു.  എത്രയും ചൂട് താങ്ങാന്‍ കഴിയുന്നുവോ അത്രയും വേഗം ആശുപത്രി വിട്ടു പോകാം എന്ന് രോഗിയോട് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പക്ഷെ കുഞ്ഞു മേരി ഒരിക്കലും ചൂടുള്ള കിഴി കുട്ടപ്പായിയുടെ ദേഹത്ത് പ്രയോഗിച്ചില്ല, കാരണം കുട്ടപ്പായി കൂടുതല്‍ ദിവസം ആശുപത്രിയില്‍ കിടക്കേണ്ടത്‌ കുഞ്ഞുമേരിയുടെ ആവശ്യമായിരുന്നു. കുട്ടപ്പായി കുഞ്ഞുമേരിയുടെ ചന്തി മറയുന്ന മുടിയിലും ഉണ്ട കണ്ണുകളിലും ഭംഗിയുള്ള കൈകളിലും കാലുകളിലും ശ്രദ്ധിക്കുന്നതായി അവള്‍ക്കു തോന്നി. അവന്‍ നോക്കുന്നതിനു അനുസരിച്ച് അവള്‍ തന്റെ ശരീര വടിവ് അവനെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. 

ആശുപത്രിയിലെ ഒടിഞ്ഞു തൂങ്ങിയ വയസ്സന്മാര്‍ എന്നും കുട്ടപ്പായിയുടെ നോട്ടത്തിലും കുഞ്ഞുമേരിയുടെ നടപ്പിലും സംശയാലുക്കള്‍ ആയിരുന്നു. എന്നും വയസ്സന്മാര്‍ ഒന്നും കാണാത്ത മട്ടില്‍ കുഞ്ഞുമേരിയുടെ ജ്യുസ് ഗ്ലാസില്‍ ഇടം കണ്ണിട്ടു നോക്കുകയും കുഞ്ഞുമേരിയുടെ സ്വപ്നത്തില്‍ ഊളിയിട്ടു ഇറങ്ങുകയും ചെയ്തു. കൂടാതെ കുഞ്ഞുമേരി കുട്ടപ്പായിയെ ശുശ്രൂഷിക്കുമ്പോള്‍ വയസ്സന്മാര്‍ തങ്ങളോടു മറ്റു നേഴ്സ്മാര്‍ നീതികാണിക്കാത്ത മട്ടില്‍ പിറുപിറുത്തു. കുട്ടപ്പായിയുടെ ബെഡ്ഡില്‍ എന്ത് സംഭവിക്കുന്നു എന്നതായിരുന്നു ചാവാറായ കിളവന്‍മാരുടെ ആധി. 

കുട്ടപ്പായിയുടെ ആശുപത്രി നാളുകള്‍ നീണ്ടുപോയി. ഒരുദിവസം തന്റെ കക്കൂസിലെ യുദ്ധവും കഴിഞ്ഞ് കുഞ്ഞുമേരിയുടെ കയ്യില്‍ നിന്നും ജ്യുസും വാങ്ങി കുടിച്ചു ഒരു കഥാകാരന് കഥ എഴുതാന്‍ പ്രസവവേദന കിട്ടിയ മാതിരി കടലാസില്‍ എന്തോ കുത്തിക്കുറിക്കുകയാണ് കുട്ടപ്പായി. ഒരു മൂലയില്‍ കിടന്ന ഒടിഞ്ഞ വയസ്സന്‍ അല്പം തലപൊക്കി ആരും കേള്‍ക്കാതെ ആംഗലേയത്തില്‍ പറഞ്ഞു "love letter". കുട്ടപ്പായി വളരെ ആലോചിച്ചു മുക്കിയും മൂളിയും എഴുതി തീര്‍ത്ത കടലാസ് ഒരു ബൂക്കിനുള്ളിലാക്കി വച്ചു. വയസ്സന്മാരെ കൂടാതെ കുഞ്ഞു മേരിയും ഇത് കണ്ടു. 
കുഞ്ഞുമേരിക്ക് ഉത്തര കടലാസ് കിട്ടുമ്പോഴുള്ള ടെന്‍ഷന്‍ ആയിരുന്നു. പരീക്ഷയില്‍ തോല്‍ക്കുമോ അതോ ജയിക്കുമോ? ആശുപത്രിയിലെ വയസ്സന്മാര്‍ക്കും കുഞ്ഞുമേരിക്കും എഴുത്തിനെ ചൊല്ലി  ഒരേ  ജിജ്ഞാസയായിരുന്നു. ഉച്ചക്ക് കിഴിവെക്കാന്‍ കുഞ്ഞുമേരി കുട്ടപ്പായിയുടെ അടുത്തു വന്നു. വയസ്സന്മാര്‍ തിമിരം ബാധിച്ച കണ്ണുകള്‍ കൊണ്ട് കഷടപ്പെട്ട് ഇനി എന്ത് സംഭവിക്കും എന്ന് അറിയാന്‍ വേണ്ടി ഇമ വെട്ടാതെ കുട്ടപ്പായിയുടെ ബെഡിലേക്ക് നോക്കിയിരുന്നു, കൂടാതെ കത്ത് വെച്ച ബുക്കിലേക്കും. 

കുഞ്ഞുമേരി കിഴിമതിയാക്കി പോകാന്‍ ഒരുങ്ങുമ്പോള്‍ കുട്ടപ്പായി ആരും കാണുന്നില്ലല്ലോ എന്ന് ഉറപ്പു വരുത്തി അല്പം ലജ്ജയോടെ എഴുതിയ കത്ത് വച്ചു നീട്ടി. ഒരു ചോദ്യം പോലും ചോദിക്കാതെ കുഞ്ഞുമേരി ആ കത്ത് വാങ്ങി.വയസ്സന്മാര്‍ ദീര്‍ഘ നിശ്വാസം വിട്ടു. കുഞ്ഞുമേരി കത്തുമായി ഡ്യൂട്ടി റൂമിലേക്ക്‌ ഓടി. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഓമന നേഴ്സ് കാണാതെ ബുക്കിനുള്ളില്‍ ഒളിപ്പിച്ചു കത്ത് വായിക്കാന്‍ തുടങ്ങി.

  എത്രയും പ്രീയപ്പെട്ട മേരി സിസ്റ്റര്‍, 
               എന്റെ ചേട്ടന്‍ ഒരു പുല്ലു ലോറി ആയി എന്റെ മുന്നില്‍ കല്യാണം കഴിക്കാതെ നില്ക്കാന്‍ തുടങ്ങിയിട്ട് നാള്‍ ഏറെയായി. എന്റെ അപ്പനാണെങ്കില്‍ പുര നിറഞ്ഞു നില്‍ക്കുന്ന ചേട്ടനെ കല്യാണം കഴിപ്പിക്കാന്‍ ഒരു താല്‍പ്പര്യവും കാണിക്കുന്നുമില്ല. നിങ്ങള്‍ എത്ര ആത്മാര്‍ഥതയോടെ ആണ് രോഗികളെ പരിചരിക്കുന്നതു? എന്ത് കൊണ്ട് എന്റെ ചേട്ടനെ കല്യാണം കഴിച്ചു പരിചരിച്ചു കൂട? ഉത്തരം പ്രതീക്ഷിച്ചുകൊണ്ട് ,
                                                                                                       കുട്ടപ്പായി.

കുഞ്ഞുമേരി കഷായം കുടിച്ചതു  മാതിരി ആയി. കുട്ടപ്പായിയെ സ്നേഹിച്ച കുഞ്ഞുമേരിയുടെ മുന്നില്‍  സ്വന്തം ചേട്ടനെ കല്യാണം കഴിക്കാനുള്ള അപേക്ഷയുമായി കുട്ടപ്പായി. അന്ന് വൈകുന്നേരം നല്ല തിളപ്പിച്ച വെള്ളത്തില്‍ മുക്കിയ കിഴികൊണ്ട് കുട്ടപ്പായിയെ മൂന്നുലോകവും കുഞ്ഞുമേരി കാണിച്ചു കൊടുത്തു. കിഴിയുടെ ചൂടില്‍ കുട്ടപ്പായിയും കണ്ടു നിന്ന വയസ്സന്മാരും അവരവരുടെ ഭാവനകള്‍ രചിച്ചു. അന്ന്  എന്നും സംഭവിച്ചിരുന്ന മൂക്കിന്റെയും പുരികത്തിന്റെയും അസാധാരണത അവള്‍ക്കു അനുഭവപ്പെട്ടില്ല.


2011 ഒക്‌ടോബർ 2, ഞായറാഴ്‌ച

വംശനാശം സംഭവിക്കാത്ത മാതൃത്വം

ബോസ്ടനിലെ പുലര്ച്ചകള്‍ സംഗീത മധുരിമം ആക്കുന്നത് 91.4 fm റേഡിയോ ആണ്. പ്രഭാതങ്ങള്‍ എന്നും ശാപമേറ്റ്  വാങ്ങിയിരുന്നു ഷാജിയില്‍ നിന്ന്. എന്നാല്‍ ശാപമോക്ഷം നല്‍കാനായി മീനാക്ഷി എന്നും 91.4 fm റേഡിയോ തുറന്നു വെയ്ക്കും. മനസ്സിനെ കുളിര്‍പ്പിക്കുന്ന സ്വരങ്ങളുമായി ഷാജിയുടെ ഉറക്കത്തിനു പൂര്‍ണ്ണ വിരാമം.
   എന്നും  സംഗീതത്തില്‍ മുഴുകിയിരുന്ന 91.4 fm ചാനല്‍ ഒരു ദിവസം ഷാജിയെ ഉണര്‍ത്തിയത് തികച്ചും വ്യത്യസ്തമായ ഒരു പരിപാടിയും കേള്‍പ്പിച്ചു കൊണ്ടാണ്. അവര്‍ അമേരിക്കയില്‍ താമസിക്കുന്ന ചിലരെ തിരഞ്ഞെടുത്തു അവരുടെ അമ്മമാരെ കേരളത്തില്‍ നിന്നും അമേരിക്കയിലേക്ക്‌ ഒരു ചിലവും കൂടാതെ കൊണ്ടുവരാന്‍ പരിപാടി ഇട്ടിരിക്കുന്നു. fm കാര്‍ക്ക് തെരഞ്ഞെടുക്കുന്നതിന് ചില നിബന്ധനകള്‍ ഉണ്ടെന്നു മാത്രം. fm കാരുടെ ഈ പ്രഖ്യാപനം കാട്ടുതീ പോലെ ബോസ്ടനിലെ മലയാളികള്‍ കൊണ്ടാടി. പലരും അവരുടെ അമ്മമാരെ കൊണ്ടുവരാന്‍ യോഗ്യത പ്രഖ്യാപിക്കുകയും ചെയ്തു.
    fm  ന്റെ പ്രയത്നത്തിന്റെ സഫലീകരണം എന്ന മട്ടില്‍ 10 മലയാളി അമ്മമാര്‍ ഒരു ഡിസംബറില്‍ ബോസ്ടനില്‍ എത്തി. അതില്‍ വേറിട്ട്‌ നിന്നത് ഖദീജ ഉമ്മയായിരുന്നു. തലയില്‍ തട്ടമിട്ട്  കാതില്‍ മുഴുവന്‍ ആഭരണവും അണിഞ്ഞു തടിച്ച ഒരു കറുമ്പി. വാക്കുകളില്‍ മലബാര്‍ ചുവ, പ്രവര്‍ത്തികളില്‍ നിഷ്കളങ്കത, മനസ്സില്‍ ലാളിത്യവും. fm കാരെയും കൂടെ വന്നവരേയും അടുപ്പിക്കാന്‍ വേറെ എന്ത് വേണം! ഖദീജ ഉമ്മയുടെ മകന്റെ   ജോലി റോഡ്‌ മൈന്റനന്സില്‍ ആണ്. മഞ്ഞു കാലങ്ങളില്‍ കുന്നുകൂടുന്ന ഐസ് പാളികളെ മാറ്റി വാഹനം നന്നായി ഓടാനുള്ള സജ്ജീകരണം ചെയ്യുന്ന കമ്പനിയില്‍ ആണ് ഉമ്മയുടെ മകന്‍  ബഷീറിന്റെ ജോലി. ഡിസംബര്‍ മാസം ആയതിനാല്‍ ബഷീറിനു ഭാരിച്ച ഉത്തരവാദിത്വമാണ്. ഉമ്മയെ ഒന്ന് പരിചരിക്കാനോ കണ്ടു സംസാരിക്കാനോ ബഷീറിനോ  സമയം ഇല്ല. 
   മീനാക്ഷിക്ക് fm കാരുടെ ഉത്സവവും അമ്മമാരുടെ വരവും അത്ര പ്രധാന്യമുള്ളതായിരുന്നില്ല. ഒരു ദിവസം റേഡിയോ ജോക്കി ആയി fm കാര്‍ ഖദീജ ഉമ്മയെ അവതരിപ്പിച്ചു. നിഷ്കളങ്കതയില്‍ ചാലിച്ച വാക്കുകള്‍ മീനാക്ഷിയെ ചെവിയെടുക്കാതെ fm ലേക്ക് അടുപ്പിച്ചിരുത്തി. ആദ്യത്തെ ഫോണ്‍ കാള്‍ കണക്ട് ചെയ്തു.

'ഉമ്മ എന്താണ് അമേരിക്കയിലേക്ക്‌ കൊണ്ട് വന്നത്? ' ഒരാള്‍.

 'കോയിക്കോടന്‍ ഹല്‍വയും ചിപ്സും ഉണ്ടയും. തോക്കുള്ള അമേരിക്കന്‍ പോലിസ് എയര്‍പോര്‍ട്ടില്‍ വച്ച് അത് മുഴുവനും വാങ്ങി വച്ച്. ചെലപ്പോള്‍ രാത്രി അവര് ശാപ്പിട്ടു കാണും'. 


കൂട്ടച്ചിരി !

മറ്റൊരു കാള്‍ "ഉമ്മയുടെ യാത്ര എങ്ങിനെ ഉണ്ടായിരുന്നു?" .


" എന്റെ മോനെ എന്ത് പറയാനാ.... നല്ല കിളുന്തു മക്കള് ജൂസ് വേണോ, ചായ വേണോ കാപ്പി വേണോന്നും ചോയിച് ചുറ്റും നടക്കുകയാ ബിമാനത്തില്. ഒരു നേരം ബിമാനത്തിന്റെ ജനലെക്കൂടി നോക്കുമ്പോ എനക്ക് തോന്നി ആകാശത്തില് നിര്തീട്ടതാ എന്ന്. ആളെ ഇറക്കി ബേറെ ബിമാനത്തില് കേറ്റാന്‍ ആണെന്ന് തോന്നുന്നു".


ചിരി തുടരുന്നതിന് ഇടക്ക് അടുത്ത കാള്‍. 'ഉമ്മ പാട്ട്  പാടണം' .


ഒരു നാണവും കൂടാതെ ഖദീജ ഉമ്മ ഉറക്കെ തന്നെ ഒരു നാടന്‍ പാട്ട്.....

അടുത്ത കാള്‍ 'ബോസ്ടനിലെ മലയാളികളോട്  എന്താണ് പറയാനുള്ളത്?' 

അതുവരെ കളിച്ചും ചിരിച്ചും പറഞ്ഞിരുന്ന ഖദീജ ഉമ്മ കുറച്ചു ഗൗരവം പ്രാപിച്ചു. 

    'നിങ്ങളെല്ലാം  ഇമ്മളെ നാടു ബിട്ടു ബേറെ ദേശത്ത് വന്നു കഷ്ടപ്പെടുന്നോരാ. ഒരു കൊയിക്കറി ഞാന്‍ ബെച്ചാല്‍ എനക്ക് തോണ്ടേന്നു ഇറങ്ങൂല. കാരണം ബേറൊന്നും അല്ല. അന്റെ മോന്‍ ബഷീര്‍ മഞ്ഞത്ത് കിടന്നു ഇബിട കഷ്ടപ്പെടുമ്പോ എങ്ങനെ ഉമ്മാക്ക് ബറ്റു ഇറങ്ങും. അതുപോലെയല്ലേ എന്റെ ഇബിടുള്ള മക്കളെല്ലാം.  ' ഏതു ഉമ്മക്കും കേട്ടിയോക്കും ആകും  നാട്ടിലേക്ക്  അയച്ചു തരുന്ന പൈസ കൊണ്ട് ഇറച്ചിയും പത്തിരിയും തിന്നു ഇരിക്കാന്‍?' ഇവിടെ ഉള്ളോരെല്ലാം എനക്ക് എന്റെ ബഷീറിനെ പോലെയാ. നിങ്ങളെല്ലാം എന്റെ മക്കളാ.  

Fm  ലൂടെ ഉമ്മയുടെ കരയുന്ന ശബ്ദം സ്പഷ്ടമായി കേള്‍ക്കാം. നിശബ്ദത. നിഷ്കളങ്കതയില്‍ പൂത്തുലഞ്ഞ ആ വാക്കുകളില്‍  ജാതിയുടെയോ മതത്തിന്റെയോ ഒരു പ്രതീകം പോലും ഇല്ലായിരുന്നു. മറിച്ചു നാനാത്വത്തില്‍ ഏകത്വം കണ്ടിരുന്ന മാതൃത്വത്തിന്റെ പൂര്‍ണ്ണതയുള്ള വാക്കുകളായി അവ.  അതുവരെ ചിരിച്ചും കളിയാക്കിയും ഇരുന്നവര്‍ അല്‍പനേരം തങ്ങളുടെ അച്ഛനെയും അമ്മയെയും മനസ്സില്‍ കണ്ടു. ഉമ്മ നിറഞ്ഞ കണ്ണുകളോടെ തുടര്‍ന്നു. 

   'ബഷീറിനെ ബയറ്റില്‍ ഇട്ടു നടക്കുമ്പോ ഒരു ദിവസം ഒരു ഇളക്കവും ചെക്കനില്ല....ഇതറിഞ്ഞ ബഷീറിന്റെ ഉപ്പാക്ക് നിക്കക്കള്ളിയില്ലതായി. രാത്രി മൂന്നു മൈല്‍ നടന്നു ഡോക്ടറെ പൊരേല് എത്തിയപ്പോ മണി നാല്. ഡോക്ടര്‍ സാറ് എണീക്ക്ന്നത് ബരെ കാത്ത് ബയറു കാണിച്ച്. ഓറു നോക്കീട്ടു പറഞ്ഞ് കുഞ്ഞന് ഒന്നൂല്ലാന്നു. ആ ബയറിന്റെ ബേദന മക്കള് ഏട നിന്നാലും ഉണ്ടാവൂലെ മക്കളെ' .

ഉമ്മ തുടര്‍ന്നു.

'ഞാളെ പോറ്റാന്‍ ഓന്‍ ഇങ്ങു ബരുമ്പോ പോണ്ടാ എന്ന് പറയാന്‍ പറ്റുമോ? ഓന്റെ തായ രണ്ടു പെണ്‍കുട്ടികള്‍ ആണ്. ഓന്‍ ഞങ്ങളെ ചങ്കും പറിച് ഇങ്ങു പോന്ന്'. 

കേട്ട് നിന്ന റേഡിയോ ജോക്കികള്‍ കരഞ്ഞു തളര്‍ന്ന ഉമ്മയോട് മൂഡ്‌ മാറ്റാന്‍ ഒരു പാട്ട് പാടാന്‍ പറഞ്ഞു. ഉമ്മ ഒരു താരാട്ട് പാട്ട് പാടി. പാടുന്നതിനു ഇടയില്‍ ആ ഉമ്മ കരഞ്ഞു തീര്‍ക്കുന്നുണ്ടായിരുന്നു. പാട്ട് നിര്‍ത്തിയപ്പോള്‍ ആരോ ചോദിച്ചു, താരാട്ട് പാട്ടിനും ഉമ്മ എന്തിനാ കരയുന്നത് എന്ന്. 

ഉമ്മ തുടര്‍ന്നു.

'ബഷീറിനെ പെറ്റു കെടക്കുമ്പോള്‍ അപ്പറത്തെ പൊരേല് ഒരു തള്ള ഒരു ചെക്കനേയും പെറ്റു ചത്ത്‌ പോയി. അബര് ഞമ്മന്റെ ആളല്ലായിരുന്നു'.

ഇത് കേട്ടു നിന്ന ഒരാള് ചോദിച്ചു. 'ഞമ്മന്റെ ആളല്ല ' എന്ന് പറഞ്ഞാല്‍ എന്താ?


ഉമ്മ പറഞ്ഞു.
'അബര് ബേറെ മതക്കാരാ...ഹിന്ദുക്കളാ.. തള്ള ചത്ത അന്ന് മുതല് ആ ചെക്കന്‍ ബായിട്ടു കരയും. കരച്ചില് കേട്ടാല് ഞമ്മന്റെ മൊലെല്  പാല് നെറയും. ഒരു ദിവസം ഞാന്‍ ആ ചെക്കനെ ബാരിയെടുത്ത് മൊല കൊടുത്ത്. പിന്നെ അത് തൊടര്‍ന്നു. എന്നും ഈ പാട്ട് പാടി ഒറക്കും . ഒരു മൊല ബഷീറിനും മറ്റേ മൊല ആ ചെക്കനും. ഇത് ആ ചെക്കന്റെ അച്ഛനും എനക്കും ബഷീറിന്റെ ഉപ്പാക്കും മാത്രം അറിയാവുന്ന ഒരു സീക്രട്ടാ....'

ഒന്നു കൂടി ആ ഉമ്മ അവസാനമായി ചേര്‍ത്തു. 


' ആ ചെക്കനാ മാറാട് കലാപത്തില് ബഷീറിന്റെ ഉപ്പാനെ കുത്തിയത് '.


പറഞ്ഞു പറഞ്ഞു തളര്‍ന്ന ഉമ്മ മൈക്ക് വേറൊരാള്‍ക്ക് കൊടുത്തു. 


പിറ്റേ ദിവസം മീനാക്ഷി പുലര്‍ച്ചെ എഴുന്നേറ്റു പത്തിരിയും  ചിക്കന്‍ കറിയുമായി ബോസ്ടനിലെ fm റേഡിയോ സ്റ്റേഷന്‍ ഓഫീസിലേക്ക് 20  മൈല്‍ തനിയെ ഓടിച്ചു എത്തി. മറ്റൊന്നിനും അല്ലാ, നിഷ്കളങ്കത നശിക്കാത്തതും മനസ്സില്‍ സ്നേഹം മാത്രം നിറച്ചു നടക്കുന്ന വംശനാശം വന്നുകൊണ്ടിരിക്കുന്ന അമ്മമാരില്‍ ഒരാളായ ഖദീജ ഉമ്മയെ കാണാന്‍. പക്ഷെ fm സ്റ്റേഷന്‍ ല്‍ എത്തുന്നതിനു മുന്‍പ് ഉമ്മ എയര്‍പോര്‍ട്ട് ലേക്ക് തിരികെയുള്ള യാത്രക്കായ് തിരിച്ചിരുന്നു.

മീനാക്ഷിയുടെ തിരികെയുള്ള യാത്രയില്‍ ഒരു ചോദ്യം അവളെ വല്ലാതെ അലട്ടിയിരുന്നു. ഖദീജ ഉമ്മയുടെ നിഷ്കളങ്കത ആവാഹിക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിയാതെ പോകുന്നത് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അപക്വതയോ അതോ സാമൂഹിക പരിവര്‍ത്തനമോ ?





 
 

2011 സെപ്റ്റംബർ 25, ഞായറാഴ്‌ച

ഉണങ്ങാത്ത മുറിവുകള്‍.......

വേളത്തു നിന്ന് അമേരിക്കയിലേക്ക്‌ - 7


പ്രയാണങ്ങളുടെ വഴിവക്കില്‍ മീനാക്ഷി ഒരു തവണ കൂടി പുലിക്കോടന്‍ നാരായണനെ കാണാന്‍ ഇടയായി. കൂട്ടുകാരനെ കാണാന്‍ പുറപ്പെട്ട ഷാജിയും മീനാക്ഷിയും ചെന്നെത്തിയത്  1978  ഇല്‍ പ്രതിനായകനായി രാജിവെക്കെണ്ടിവന്ന ആഭ്യന്തര മന്ത്രി കരുണാകരന്റെ ചതുരംഗത്തിലെ ശക്തനായ പുലിക്കോടന്റെ മുന്‍പില്‍. അന്നത്തെ പല്ലും നഖവും അഴിച്ചു മാറ്റി പുലിക്കോടന്‍ സ്വാത്വിക ഭാവം കൈവരിച്ചിരിക്കുന്നു. നെറ്റിയില്‍ ചന്ദനകുറി, ശാന്തമായ പ്രകൃതം, മനസ്സില്‍ പക്വത. മീശയുടെ ഗാംഭീര്യം കുറഞ്ഞോ എന്നൊരു സംശയവും.

ബോസ്ടനില്‍ താമസിക്കുന്ന മകന്റെ കൂടെയാണ് പുലിക്കോടന്റെ താമസം. മീനാക്ഷിക്ക് പുലിക്കൊടനുമായി ബന്ധപ്പെട്ട കായണ്ണ പോലീസ് സ്റ്റെഷനോ, രാജനോ സംസ്ഥാനം മുഴുവന്‍ ഇളക്കിയ രാജന്റെ തിരോധാന കഥയോ ഒന്നും അറിയില്ലായിരുന്നു. അവിടുന്നും ഇവിടുന്നും കേട്ട രാജന്റെ ശകലവും പുലിക്കോടന്‍ ശകലവും മാത്രം. കൂട്ടുകാരന്‍ ആതിഥ്യ മര്യാദ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ കാണിച്ചു. പുലിക്കൊടനെയും മകനെയും ഷാജിക്കും മീനക്ഷിക്കും പരിചയപ്പെടുത്തി, തിരിച്ചും. മീനാക്ഷി തന്റെ സ്കൂള്‍ ദിന ഓര്‍മകളുടെ ഭാണ്ഡം തുറന്നു വിട്ടു. താന്‍ പഠിച്ചിരുന്ന സ്കൂളില്‍ ഒരു സ്പോര്‍ട്സ് ദിനം ഉദ്ഘാടനം ചെയ്യാന്‍ പുലിക്കോടന്‍ വന്നിരുന്നു. പുലിക്കൊടനും അത് ഒരു ഓര്‍മയായി അവശേഷിക്കുന്നു.

സംസാരം മുറുകി, സാംസ്‌കാരിക , സാമ്പത്തിക സാമൂഹിക തലങ്ങളിലേക്ക് കടന്നു. അതിനു പിന്നാലെ വിനോദ മേഖലയായ സിനിമ സംസാരത്തില്‍ സ്ഥാനം പിടിച്ചു. എല്ലാവരും ചര്‍ച്ചയില്‍ കാര്യമായ സംഭാവനകള്‍ കൊടുത്തു കൊണ്ടിരിക്കുമ്പോള്‍ പുലിക്കോടന്‍ മാത്രം എല്ലാത്തില്‍ നിന്നും ഒന്ന് ഒതുങ്ങി സംസാരിച്ചു. സംസാരം കടന്നു 'തലപ്പാവ് ' എന്ന സിനിമയിലും എത്തി. സിനിമയുടെ ഗഹനതയും ആളുകളുടെ പരിച്ചേദവും മനസ്സിലാക്കാതെ മീനാക്ഷി നക്സല്‍ വര്‍ഗീസിന് പകരം രാജനെ തലപ്പാവില്‍ പ്രതിഷ്ഠിച് സംസാരത്തില്‍ മുഴുകി. രാജന്‍ എന്ന പദം പുലിക്കോടന് എങ്ങിനെ വര്‍ണ്ണിക്കണം എന്നറിയില്ല. 1976- 77  ശേഷം ഓരോ വര്‍ഷവും രാജന്റെ നിര്‍വചനം മാറിയിരിക്കും. ആ മനസ്സില്‍ ആദ്യം രാജനെന്ന ക്രിമിനലും പിന്നെ കൊല ചെയ്യണ്ട അവസ്ഥയിലും പിന്നെ പശ്ചാത്താപത്തിന്റെ നീറ്റലിലും ആ നിര്‍വചനം മാറിയിരുന്നു. എന്നാലും രാജന്‍ എന്ന വാക്ക് മീനാക്ഷിയുടെ വായില്‍ നിന്ന് അടര്‍ന്നു വീണതും പുലിക്കോടന്‍ ഒരു കൊലകുറ്റം ചെയ്ത മാനസിക നൊമ്പരവും പേറി മിണ്ടാതെ തല താഴ്ത്തി ഇരിപ്പുണ്ടായിരുന്നു. മനോവ്യഥ മനസ്സിലാക്കിയ ഷാജി കണ്ണുരുട്ടി മീനാക്ഷിയെ പേടിപ്പിച്ചു. പന്തികേട്‌ മനസ്സിലാക്കിയ മീനാക്ഷി ഒന്നും പിന്നെ മിണ്ടിയില്ല. കൂടാതെ അച്ഛന്റെ മനോവ്യഥ മനസ്സിലാക്കിയ മകന്‍ പെട്ടെന്ന് മറ്റൊരു വിഷയം തെരഞ്ഞെടുക്കുകയും രാജന്റെ വിഷയം തിരിച്ചു വരാതെ നോക്കുകയും ചെയ്തു.
സൗഹൃദം പുതുക്കി മീനാക്ഷിയുടെ മടക്ക യാത്രയില്‍ ഷാജി മീനാക്ഷിയെ പൊതിരെ ശകാരിച്ചു. കാരണം മറ്റൊന്നും ആയിരുന്നില്ല. പുലിക്കോടന്റെ മുന്നില്‍ വച്ച് രാജന്റെ ശബ്ദം പ്രയോഗിച്ചത് ഷാജിക്ക് തീരെ പിടിച്ചില്ല. കൂടെ ഉണ്ടായിരുന്നവരും മീനാക്ഷിയെ കുറ്റപ്പെടുത്തി. അടിയന്തിരാവസ്ഥ കാലവും , രാജന്റെ തിരോധാനവും പുലിക്കോടന്റെ പങ്കും ഷാജി വിവരിച്ചപ്പോള്‍ മീനാക്ഷിക്ക് തന്റെ നാവിന്റെ വികട സരസ്വതിയെ പഴിചാരാനേ കഴിഞ്ഞുള്ളൂ. മീനാക്ഷിയുടെ മുഴുവന്‍ ചിന്തയും പുലിക്കോടന്റെ മാനസിക സംഘര്‍ഷത്തെ കുറിച്ചായിരുന്നു. 1977 നു ശേഷം എത്ര മീനാക്ഷിമാര്‍ രാജന്‍ എന്ന പേരും ചൊല്ലി പുലിക്കോടന്റെ മുന്നില്‍ പോയിട്ടുണ്ടാവും, തികച്ചും സ്വാത്വികനും ശബ്ദത്തില്‍ പക്വതയും കാട്ടിയ പുലിക്കോടന് എങ്ങിനെ ഈ തെറ്റ് പറ്റി. ഭരണ വര്‍ഗ്ഗത്തിന്റെ പ്രതാപം നിലനിര്‍ത്താന്‍ പുലിക്കോടന്‍ ഒരു ചൂണ്ടമൃഗം ആയതാണോ എന്ന് മീനാക്ഷിക്ക് തോന്നി. എന്തായാലും സത്യാവസ്ഥ അറിയണം എന്ന് അവള്‍ തീരുമാനിച്ചു.  ആദ്യം മീനാക്ഷി ചെന്നെത്തിയത് ഒരു അച്ഛനും ഈ ഗതി വരരുതേ എന്ന് തോന്നിപ്പിക്കുന്ന T V ഈച്ചര വാര്യരുടെ "ഒരു അച്ഛന്റെ ഓര്‍മ്മകള്‍ " എന്ന പുസ്തകത്തിലേക്ക്  ആയിരുന്നു. ഒരു സമൂഹത്തിനും ഉത്തരം നല്‍കാനാകാതെ ഈച്ചര വാര്യര്‍ ഇന്നും കേരള മനസ്സില്‍ നില്‍ക്കുന്നു. സ്വന്തം മകന്റെ ശവ ശരീരം പോലും കാണാന്‍ ആ അച്ഛനെ ഭരണ വര്‍ഗ്ഗം അനുവദിച്ചില്ല. സ്വന്തം ഭാര്യ പോലും ഈച്ചരവാര്യരെ കുറ്റപ്പെടുത്തി, 'തന്റെ മകനെ കണ്ടുപിടിക്കാന്‍ കഴിയാത്തവന്‍'. ആ അമ്മയുടെ ശാപവും പേറി ഈച്ചരവാര്യര്‍ കയറി ഇറങ്ങാത്ത കോടതികളില്ല , സര്‍ക്കാര്‍ ഓഫീസുകളില്ല , ആര്‍ക്കും അറിയില്ല രാജന്‍ എവിടെ പോയി എന്ന്. സംരക്ഷണം ഉറപ്പാക്കെണ്ടവര്‍ തന്നെ  തന്റെ മകനെ വക വരുത്തിയോ എന്ന് ആ അച്ഛന് തോന്നി. ഒരു അച്ഛനെന്ന നിലയില്‍ ഒരിക്കല്‍ പോലും രാജനെ തല്ലിയിട്ടില്ല ഈച്ചരവാര്യര്‍. പോലീസിന്റെ മൂന്നാം മുറ സഹിക്കാനാവാതെ മരിച്ചാല്‍ മതിയായിരുന്നു എന്ന് പിടിക്കപ്പെട്ടവര്‍ കരുതിയിരുന്നു. അതില്‍ സാഫല്യം പ്രാപിച്ചത് രാജന്‍ മാത്രം. കാരണം രാജനെ പ്രഹരം താങ്ങാന്‍ അച്ഛന്‍ പഠിപ്പിച്ചിരുന്നില്ല.


അറിയാത്ത ഒരു തോക്കിനെ പറ്റി പോലീസിനോട് പറയാന്‍ കഴിയാതിരുന്ന രാജന്റെ നിസ്സഹായാവസ്ഥ മീനാക്ഷി സ്വന്തം ആത്മാവില്‍ ആവാഹിച്ചു. കക്കയം ക്യാമ്പിലെ രാജന്റെ ദീനരോദനം മീനാക്ഷിയുടെ കാതില്‍ അലയടിച്ചു. ദിവസങ്ങളോളം പട്ടിണിക്കിട്ട രാജന്റെ കരച്ചില്‍ ബോസ്ടനില്‍ ഇരുന്നു മീനാക്ഷി കേട്ടു. ഒരു പിടി ചോറ് കൊടുക്കാന്‍ അവന്റെ അമ്മയെ പോലെ അവളും കൊതിച്ചു. തോരാത്ത ബോസ്ടനിലെ മഴയത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കക്കയം ക്യാമ്പിലെ അന്നത്തിനു വേണ്ടിയുള്ള മുരളിച്ച മീനാക്ഷിയുടെ ചെവിയില്‍ ഇപ്പോഴും പ്രതിധ്വനിക്കുന്നു. രാജന്‍ നന്നായി പാടുമായിരുന്നു. ബോസ്ടനിലെ ചോരാത്ത മഴയത്ത് വിശന്നു ഒരു പിടി ചോറിനായി പാടുന്ന രാജന്റെ വരികള്‍ മഴയുടെ ശബ്ദത്തില്‍ ചാലിച്ച് മീനാക്ഷിയുടെ ചെവിയില്‍ അലയടിക്കുമ്പോള്‍ ഒന്നും ചെയ്യാനാകാതെ 1977 ലെ കാഴ്ചക്കാരെ പോലെ നില്‍ക്കാനേ മീനാക്ഷിക്ക് കഴിഞ്ഞുള്ളൂ.

തന്റെ മകന്റെ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യാന്‍ അല്പം ചാരം ആവശ്യപ്പെട്ട അച്ഛന്റെ മനസ്സ് മറക്കാന്‍ മീനാക്ഷിക്ക് കഴിഞ്ഞില്ല. ഈച്ചരവാര്യരുടെ പുസ്തകത്തില്‍ എന്നും വില്ലന്‍ സ്ഥാനത്തായിരുന്നു പുലിക്കോടന്‍. മീനാക്ഷിക്ക് മനസ്സിലാകാതെ പോയത് താന്‍ പുലിക്കൊടനെ ശത്രുവായി കാണണോ വേണ്ടയോ എന്നാണ്. ഒരിക്കല്‍ പോലും തന്നോട് ശത്രുതയുടെ മുഖം കാണിക്കാത്ത പുലിക്കോടന്‍ തനിക്കു എങ്ങിനെ ശത്രുവാകും? എന്നാല്‍ മൃഗതോല് കൊണ്ടുണ്ടാക്കിയ ലാട ചേര്‍ത്ത് ഉറപ്പിച്ച ബൂട്സ്  കൊണ്ട് ദുര്‍ബലനായ രാജനെ പുലിക്കൊടന്‍ ചവിട്ടുന്നതും രാജന്‍ പിടഞ്ഞു മരിക്കുന്നതും ആഴ്ചകളായി മീനാക്ഷിയെ പിന്തുടരുന്ന ദുസ്വപ്നമായി മാറി. ആ സ്വപ്നത്തില്‍ പുലിക്കൊടനെ നിരപരാധിയാക്കാന്‍ മീനാക്ഷിക്ക് ഒരു ദിവസം പോലും കഴിഞ്ഞതും ഇല്ല..




2011 സെപ്റ്റംബർ 11, ഞായറാഴ്‌ച

നാട്ടിലെങ്ങും പാട്ടായി .....

                   വേളത്തു നിന്നും അമേരിക്കയിലേക്ക്‌.......6
    
നിറങ്ങളുടെ കളഭം ചാര്‍ത്തി പ്രകൃതി പൂത്തുലഞ്ഞു നില്‍ക്കുന്ന ഓണക്കാലം പോയി എന്ന് പലരും കരുതുന്നു. പക്ഷെ ഓണം ആഘോഷിക്കാന്‍ എന്നും മിടുക്കരാണ് മലയാളികള്‍. അത് കേരളത്തില്‍ തന്നെ വളരെ വൈവിധ്യത്തോടെ ആഘോഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്നും നാനാത്വത്തില്‍ ഏകത്വം മുറുകെ പിടിക്കുന്ന കേരളീയന് ഓണത്തിന്റെ കാര്യത്തിലും മാറ്റം വരുത്തേണ്ടതില്ലല്ലോ. ഡിസ്കൌണ്ട് ഓണം , പെഗ് ഓണം, കാറ്ററിംഗ് ഓണം എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്.
        ബോസ്ടനില്‍ ഓണം ഒരു ഒത്തു ചേരലിന്റെ ദിനം കൂടിയാണ്. ബോസ്ടനിലെ നൂറോളം കുടുംബങ്ങള്‍ ഓണദിനത്തില്‍ ലീവെടുത്ത് ഓണം ആഘോഷിക്കാന്‍ ഒത്തുചേരും. അന്ന് വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്ക് അവസാനമായി ഒരു ഓണസദ്യ. പ്ലാസ്റ്റിക്‌ ഇല വടിച്ചു ഇറങ്ങിപോകുന്ന അച്ഛനമ്മമാര്‍ക്ക് അമേരിക്കയില്‍ ജനിച്ച ലഗോണ്‍ കുഞ്ഞുകള്‍ സദ്യ എങ്ങിനെ കഴിക്കണം എന്നറിയാതെ കഷ്ടപ്പെടുന്നത് ബോസ്ടനിലെ രസകരമായ  ഒരു  ഓണകാഴ്ച തന്നെയാണ്. 
        ബോസ്ടനിലെ ഓണാഘോഷ കമ്മറ്റിയില്‍ ഇപ്രാവശ്യം ഷാജി ഒരു പ്രധാന സ്ഥാനം വഹിക്കുന്നുണ്ട് . ഷാജിയുടെ ശബ്ദം ഓണാഘോഷ കമ്മറ്റിയില്‍ ഉയര്‍ന്നു കേട്ടു. ഷാജി ഉദ്ഘോഷിച്ചു, ഇപ്രാവശ്യത്തെ ഓണം നമുക്ക് കേമമാക്കണം. അത് ഏറ്റു പിടിച്ചു മറ്റുള്ളവര്‍ പ്രമേയം പാസാക്കി. ഡാന്‍സ് പഠിപ്പിക്കാനായി കലാമണ്ഡലം ശശിയെ ഷാജി നാട്ടില്‍ നിന്നും വിളിച്ചു വരുത്തി. 
             കലാമണ്ഡലം ശശി സ്ത്രൈണ ഭാവം പൂണ്ട ഒരു പുരുഷനായിരുന്നു. നടപ്പിലും സംസാരത്തിലും പ്രവര്‍ത്തിയിലും കലാമണ്ഡലം തന്റെ സ്ത്രൈണ ഭാവത്തിനു ഒരു കുറവും കാട്ടിയിരുന്നില്ല. ബോസ്ടനിലെ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പെട്ടെന്ന് സ്ത്രൈണ ഭാവം പൂണ്ട കലാമണ്ഡലം ദ്വിമുദ്രയില്‍ അഞ്ചു ഡോളര്‍ എടുത്ത് ടിക്കറ്റ്‌ കൌണ്ടറില്‍ കൊടുത്തു. തിരികെ നല്‍കിയ രണ്ടു ഡോളര്‍ ചിന്മുദ്രയില്‍ വാങ്ങി കീശയില്‍ ഇട്ടു. മുഖത്താണെങ്കില്‍ ശൃംഗാരവും. കണ്ടു നിന്ന ടിക്കറ്റ്‌ കൌണ്ടറിലെ സായിപ്പ് ഏക മുദ്രയില്‍ നമസ്കരിച്ചു. അങ്ങിനെ ശശിയുടെ സ്ത്രൈണഭാവം ബോസ്ടനിലെ മലയാളികള്‍ക്കിടയില്‍ ഒരു സംസാര വിഷയമായി.
      കലാമണ്ഡലം പഠിപ്പിക്കാന്‍ ഉദ്ദേശിച്ചത് രണ്ടു ഡാന്‍സ് ഐറ്റം ആയിരുന്നു. ഒന്ന് സംഘ നൃത്തവും മറ്റൊന്ന് ഒപ്പനയും. ഒപ്പന ഇതുവരെ ആരും ഓണത്തിന് അവതരിപ്പിചിരുന്നില്ല. അത് കൊണ്ട് ഷാജിക്ക് നിര്‍ബന്ധം ഒപ്പനയിലയിരുന്നു. കൂടാതെ മീനാക്ഷിയെ ഒപ്പനയുടെ ക്യാപ്ടനും ആക്കി. ക്യാപ്ടന് അധ്വാനം കുറഞ്ഞ ജോലിയും ഷാജി സമ്മാനിച്ചു. ഒപ്പനയിലെ പുതു മണവാട്ടി. 
          പലദിവസങ്ങളിലും ഒപ്പന പ്രാക്ടീസിന് പലരും അപ്രത്യക്ഷമാകുമായിരുന്നു. ആ ദിവസങ്ങളില്‍ കലാമണ്ഡലം  പൂര്‍ണ്ണ സ്ത്രൈണ ഭാവം പൂണ്ടു ഒപ്പനയുടെ ഭാഗമാകും. ആളുകളുടെ എണ്ണം തികച്ചിരുന്നത് കലാമണ്ഡലം ആയിരുന്നു. ഒപ്പന കളിച്ചിരുന്ന പങ്കജാക്ഷി പലപ്പോഴും പറയുമായിരുന്നു കലാമണ്ഡലം പലപ്പോഴും ഒപ്പനയില്‍ എകമുദ്രയും ദ്വിമുദ്രയും ഒപ്പനയുടെ കൈകൊട്ടലുമായി കൂട്ടിക്കുഴക്കുന്നു എന്ന്.
    കലാമണ്ഡലത്തിന്റെ പരിചരണം ഷാജിയുടെ ഉത്തരവാദിത്വം ആയിരുന്നു. ഷാജി  ആതിഥ്യ മര്യാദയില്‍ കാര്‍ക്കശ്യം കാണിച്ചു. ആതിഥ്യ മര്യാദയുടെ കാര്‍ക്കശ്യം കലാമണ്ഡലത്തിന്റെ സ്ത്രൈണത ഒരു പകര്‍ച്ച വ്യാധിയെ പോലെ ഷാജിക്ക് പിടിപെട്ടോ എന്ന് മീനാക്ഷിക്ക് തോന്നാറുണ്ടായിരുന്നു. കലാമണ്ഡലം ശശിയുടെ വരവ് മടിച്ചു നിന്ന മലയാളി കുടുംബങ്ങളെയും ഓണാഘോഷ പരിപാടിയിലേക്ക് അടുപ്പിച്ചു. ഓണ പരിപാടിയുടെ മെയിലിലും പോസ്ടരിലും കലാമണ്ഡലത്തിന്റെ ദ്വിമുദ്രയിലുള്ള ഫോട്ടോ പ്രദര്‍ശിപ്പിച്ചിരുന്നു. ഇത് കണ്ട മലയാളികള്‍ അല്ലാത്ത സമൂഹവും കലാമണ്ഡലത്തിന്റെ നൃത്ത വിരുന്നു കാണണം എന്ന് ആഗ്രഹിച്ചിരുന്നു.
          കഠിന പരിശീലനങ്ങള്‍ക്കും വിളംബരങ്ങള്‍ക്കും ഒടുവിലായി ഓണ പരിപാടിയുടെ ദിനം വന്നു ചേര്‍ന്നു. മലയാളി ആണുങ്ങള്‍ പാന്റും ഷര്‍ട്ടും ഊരി വച്ച് മുണ്ടും ജുബ്ബയും , പെണ്ണുങ്ങള്‍ ശരീര വളര്‍ച്ച പ്രതിധ്വനിക്കുന്ന പാന്റും ടീ ഷര്‍ട്ടും ഊരിവച്ചു സെറ്റ് സാരിയും ഉടുത്ത് ഓണ പരിപാടിക്ക് വന്നു. സാരിയുടെ 'കെട്ടുറപ്പ്' സാരി ഉടുത്തു പരിചയമില്ലാത്ത മറുനാടന്‍ മലയാളി പെണ്ണുങ്ങള്‍ക്ക്‌ എന്നും ഒരു ഭയമായിരുന്നു.
             കലാമണ്ഡലം എപ്പോഴത്തെയും പോലെ ദ്വിമുദ്ര പിടിച്ചു തന്റെ ശിഷ്യ ഗണങ്ങളെ വന്ദിച്ചു. എല്ലാവരും പ്രസന്ന വദനത്തോടെ ഗുരുവിനെ വന്ദിച്ചു. പ്രസന്ന വദനം വിട്ടൊഴിഞ്ഞു മീനാക്ഷി മാത്രം ഒരു മൂലയില്‍ നില്‍ക്കുന്നുണ്ടായിരുന്നു. കലാമണ്ഡലം തന്റെ പ്രഥമ ശിഷ്യയുടെ വ്യഥയുടെ കാരണം തിരക്കി. മീനാക്ഷി വളരെ ഭവ്യതയോട് കൂടി ഗുരുവിനോട് പറഞ്ഞു  പുതു മണവാട്ടിയായി ഒപ്പനയില്‍ ഞാന്‍ പങ്കെടുക്കില്ല എന്ന്. കേട്ടയുടന്‍ കലാമണ്ഡലം ഞെട്ടി. തന്റെ പ്രഥമ ശിഷ്യയും ഒപ്പനയുടെ ക്യപ്ടനുമായ താന്‍ പുതുമണവാട്ടിയാകാതെ  എങ്ങിനെ ഒപ്പന നടത്താനാകും. മീനാക്ഷി പക്ഷെ പുറകോട്ടു പോയില്ല. തനിക്കു മണവാട്ടിയാകാന്‍ പറ്റില്ല എന്ന് തീര്‍ത്തു പറഞ്ഞു. കലാമണ്ഡലം മണവാട്ടിയില്ലാത്ത ഒപ്പനയുടെ അപ്രയോഗികതയെ പറ്റി പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു കൊണ്ട് പൂര്‍ണ്ണമായി സ്ത്രൈണ ഭാവം പൂണ്ടു സെന്റിയില്‍ മുഴുകി. കലാമണ്ഡലത്തിന്റെ സെന്ടിമെന്റ്സില്‍ അലിഞ്ഞ മീനാക്ഷി ഗുരുവിനോട് ചോദിച്ചു. മണവാട്ടിക്കു ഇരിക്കാതെ സ്റ്റേജില്‍ നിന്ന് ഒപ്പന കളിയ്ക്കാന്‍ ആകുമോ? ഒരിക്കലും സംഭവിക്കാത്തതും പ്രയോഗികമല്ലാതതുമായ ഒരു ആവശ്യമാണ് മീനാക്ഷി ഉന്നയിച്ചിരിക്കുന്നത്. ഗുരുവിനു അറിയേണ്ടത് മണവാട്ടി ഇരിക്കാതെ നിന്ന് കൊണ്ട് ഒപ്പന കളിക്കണം എന്ന ആവശ്യത്തിന്റെ ചേതോവികാരമായിരുന്നു.
                  അല്പം ലജ്ജയോടെ മീനാക്ഷി കലാമണ്ഡലത്തിന്റെ ചെവിയില്‍ എന്തോ മന്ത്രിച്ചു. കേട്ടയുടന്‍ കലാമണ്ഡലം ലജ്ജയോടെ ഒപ്പനക്കാരോട് പറഞ്ഞു. ഇന്നത്തെ ഒപ്പന നമ്മള്‍ അല്പം വ്യത്യാസം വരുത്തി , മണവാട്ടി നിന്ന് കൊണ്ടാണ് ഒപ്പന കളിയ്ക്കാന്‍ ഉദ്ദേശിക്കുന്നത്. മീനാക്ഷി മണവാട്ടിയുടെ വേഷമണിഞ്ഞു നിന്ന് കൊണ്ട് സ്റ്റേജില്‍ ഒപ്പനക്കാര്‍ കൈകൊട്ടി. ഇത് ഒപ്പന ചരിത്രത്തില്‍ ആദ്യമായിരിക്കും ഒരു മണവാട്ടിക്കു ഇരിക്കാന്‍ കസേര ഇല്ലാതെ നിന്നുകൊണ്ട് കൂടെ ഉള്ളവര്‍ ഒപ്പന കളിക്കുന്നത്.  ഒപ്പന കഴിഞ്ഞപ്പോള്‍ ആരും അടുത്തില്ല എന്ന് ഉറപ്പു വരുത്തി പങ്കജാക്ഷി ഗുരുവിനോട്  ചോദിച്ചു. പെട്ടെന്ന് എന്താ നമ്മുടെ മണവാട്ടിയായ മീനാക്ഷിയെ നിന്നുകൊണ്ട് മണവാട്ടിയാകാന്‍ അനുവദിച്ച് ഒപ്പന നടത്തിയത്, നമ്മള്‍ പ്രാക്ടീസ് ചെയ്തത് അങ്ങിനെ അല്ലല്ലോ എന്ന്. അല്പം ലജ്ജ പൂണ്ട് സ്ത്രൈണ ഭാവത്തില്‍ തന്റെ വിരലുകള്‍  ദ്വിമുദ്രയില്‍ ആക്കികൊണ്ട് കൈകള്‍ പ്രിഷ്ഠ ഭാഗത്തേക്ക് ചലിപ്പിച്ചു. അതിനുശേഷം കൈമുദ്രകൊണ്ട് പ്രിഷ്ഠത്തിനു മുകളിലായി ഒരു മുഴ വരച്ചു കാണിച്ചു.  കണ്ടു നിന്ന പങ്കജാക്ഷി ചിരി അടക്കാന്‍ വയ്യാതെ ഗ്രീന്‍ റൂമിലേക്ക്‌ ഓടി. അങ്ങിനെ മീനാക്ഷിയുടെ മൂലക്കുരു രഹസ്യം നാട്ടിലെങ്ങും പാട്ടായി.

2011 സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

ഭാരത്‌ മാതാ കീ ജയ്‌.

വേളത്തുനിന്നു അമേരിക്കയിലേക്ക്‌  -5




  പിറന്ന മണ്ണ് എന്ന വികാരം ഷാജിയുടെ  ഓരോ ജീനിലും അന്ന  ഹസാരെ  ആളിക്കത്തിച്ചു . ഗാന്ധിജിയെയും സുഭാഷ്‌ ചന്ദ്ര ബോസിനെയും പാഠപുസ്തകത്തില്‍ മാത്രം ഒതുക്കിയ അയാള്‍ക്ക് പുതിയ ജീവന്‍ ഉണര്തുന്നതായിരുന്നു അന്ന  ഹസാരെ. അഴിമതിയില്‍ മുങ്ങിക്കുളിച്ച രാജ്യത്തെ കരകയറ്റാനുള്ള ആദ്യത്തെ പിടിവള്ളി. 
                  ആരാധനയോ രാജ്യസ്നേഹമോ അതോ അയാളുടെ തന്നെ ചോദ്യങ്ങളുടെ ഉത്തരമാണോ എന്നറിയില്ല, അന്ന ഹസാരെ അയാളുടെ ആരാധന കഥാപാത്രമായി. നിറയെ ചോദ്യങ്ങള്‍ ആയിരുന്നു അയാളുടെ മനസ്സില്‍, എന്തിനു അന്നാജിയെ അറസ്റ്റ് ചെയ്തു, ആരാണ് അന്നാജിയെ ഈ സമൂഹത്തിനു മുന്നില്‍ വലിച്ചിഴച്ചത്, അന്നാജി എങ്ങിനെ ഈ സമൂഹത്തില്‍ ജനിച്ചു എന്നിവ.
      ഇന്ത്യയിലെ പകലുകളെ അയാള്‍ രാത്രിയില്‍ വാര്‍ത്ത ചാനലുകളിലൂടെ കണ്ടു. ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി ഇന്ദ്രപ്രസ്ഥത്തിലെ ഇടവഴികളിലൂടെ ഭാരതമാതാവിനെ പുകഴ്ത്തി നിരത്തിലിറങ്ങിയ ജനങ്ങള്‍, ആത്മാംശം നശിച്ച ഭരണവര്‍ഗ്ഗം, ചര്‍ച്ചയില്‍ മുഴുകിയ സാമൂഹിക പ്രവര്‍ത്തകര്‍ . ഷാജി രാത്രിയും പകലും TV ചാനലിലെ ചര്‍ച്ചകളില്‍ മുഴുകി. തികഞ്ഞ ആത്മര്തത അയാള്‍ സാമൂഹിക പ്രതിബദ്ധതയില്‍ കാണിച്ചു. മീനാക്ഷിയുടെ കാര്യങ്ങളില്‍ അയാള്‍ ശ്രദ്ധ കൊടുത്തതെയില്ല. ഭക്ഷണം യാന്ത്രികമായി, ചിന്തകള്‍ ഒന്നിലോതുങ്ങിപ്പോയി, ഒന്നു മാത്രം അന്ന ഹസാരെ. "Times now " എന്ന ചാനലിലൂടെ രാംലീല മൈതാനതിലയിരുന്നു അയാള്‍ എന്നും. ഉപവാസം അയാളെ വേദനിപ്പിച്ചു. ഒരു മനുഷ്യന്‍ സമൂഹ നന്മയ്ക്കും അഴിമതിക്കെതിരെയും,  ആയുധം നിരാഹാരമാക്കി പടവെട്ടുന്നു. രാജ്യത്തിന്റെ പാരമ്പര്യം അയാള്‍ മുറുകെ പിടിച് രാജ്യസഭക്കെതിരെ നിരാഹാരതിലിരുന്നു ചോദ്യമുയര്തുന്നത് ഷാജിയെ വല്ലാതെ ഈ ആശയത്തില്‍ പിടിച്ചു നിര്‍ത്തി.
          അന്ന ഹസാരെയില്‍ മീനാക്ഷി തീരെ താല്‍പ്പര്യം കാണിച്ചില്ല. കൂടാതെ അവള്‍ ഷാജിയുമായി കൊമ്പു കോര്‍ത്തു . അന്നാ  എന്നും പറഞ്ഞു തന്നെ തീരെ ശ്രദ്ധിക്കുന്നില്ല, പുറത്തു കൊണ്ട് പോകുന്നില്ല, ഹോട്ടലില്‍ കൊണ്ടുപോയി ഭക്ഷണം വാങ്ങി തരുന്നില്ല, കറന്റ്‌ ബില്ലും , ഇന്റര്‍നെറ്റ്‌ ബില്ലും അടക്കാനുള്ള നിശ്ചിത തീയ്യതിയും താണ്ടി ഫൈനില്‍ എത്തി നില്‍ക്കുകയാണ്. എന്ത് പറഞ്ഞാലും അത് ചെവിക്കകത്ത്‌ എത്തുന്നില്ല എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത ആക്ഷേപങ്ങള്‍ ഉന്നയിച്ചു ഭരണ പക്ഷത്തെ പോലെ മീനാക്ഷി ഷാജിയുടെ മുന്നില്‍ നിന്നു. പൊറുതി മുട്ടിയ ഷാജി ലോക്പാല്‍, ലോകയുക്ത് , സിറ്റിസണ്‍ ചാര്ടര്‍ മുതലായ ആശയങ്ങള്‍ മീനക്ഷിയുമായി പങ്കുവയ്ക്കാന്‍ ശ്രമിച്ചു.  "കാട്ടു കോഴിക്ക് എന്ത് സംക്രാന്തി " എന്ന മട്ടില്‍ അവള്‍ തലയാട്ടി. ഒന്നും അവളുടെ തലയിലേക്ക് കയറിയില്ല. 

      അന്ന ഹസാരെ യുടെ നിരഹാരത്തിന്റെ ദിവസങ്ങള്‍ കൂടുന്നതിന് അനുസരിച് ഷാജിയും മീനാക്ഷിയും തമ്മിലുള്ള അകല്‍ച്ച സ്പഷ്ടമായിരുന്നു. ഷാജി പറയുന്ന ആശയം പങ്കുവയ്ക്കാന്‍ മീനാക്ഷിയോ മീനാക്ഷിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഷാജിയോ തയ്യാറായില്ല. ഷാജി മുഴുവന്‍ സമയവും ലാപ്ടോപ്പിന്റെ മുന്നില്‍ അന്ന ഹസാരെക്ക് വേണ്ടി മനസ്സില്‍ ശബ്ദമുയര്‍ത്തി. മീനാക്ഷി അതെ സമയം തന്റെ ഭര്‍ത്താവിലുണ്ടായ ഈ വ്യതിയാനത്തെ ചൊല്ലി ദുഖിച്ചു.
                 മീനാക്ഷി, ഹസാരെ എങ്ങിനെയെങ്കിലും  നിരാഹാരം നിര്‍ത്താന്‍ ഭരണ വര്‍ഗ്ഗത്തിന് മനസ്സ് മാറണമേ എന്ന് പ്രാര്‍ത്ഥിച്ചു. കാരണം, അഴിമതിയില്‍ മുങ്ങിയ രാജ്യത്തെ പുനര്ജീവിപ്പിക്കനല്ല മറിച്ച് തന്റെ ഭര്‍ത്താവിന്റെ പിടിവള്ളി തിരിച്ചു കൈക്കലാക്കനായിരുന്നു. അന്ന ഹസാരെ ഒരു ചോദ്യ ചിഹ്നമായി ഫേസ് ബുക്കും ആഘോഷിച്ചു. തന്റെ ഫേസ് ബുക്ക്‌ മുഴുവന്‍ അന്ന ഹസാരെ ആയതില്‍ പ്രതിഷേധിച്ചു മീനാക്ഷി തന്റെ അക്കൗണ്ട്‌ തന്നെ ക്ലോസ് ചെയ്തു. ആര്‍ക്കും വേറൊന്നും പറയാനില്ല. ഷാജിയെട്ടനും തന്റെ കൂട്ടുകാര്‍ക്കും ഒരേ സ്വരം. ഇത് ഒരു വലിയ പ്രതിഷേധമായി മീനാക്ഷിയുടെ മനസ്സില്‍ അലയടിച്ചു.  അന്ന ഹസാരെ ഒരു ക്രൂരനും തന്റെ ഭര്‍ത്താവിനെയും കൂട്ടുകാരെയും കൈക്കലാക്കിയ ഒരു ദുഷ്ട പ്രസ്ഥാനവുമായി അവള്‍ക്കു തോന്നി. അത് അന്ന ഹസരെക്കെതിരെ ചിന്തിപ്പിക്കാന്‍ അവളെ പ്രേരിപ്പിച്ചു.
               മീനാക്ഷിയുടെ കുടുംബത്തില്‍ അശാന്തി തല ഉയര്‍ത്തിയ നാളുകളായിരുന്നു അത്. ഹസരെയോടുള്ള അവജ്ഞ പൂര്‍ണ്ണതയില്‍ നിലംകുത്തി വാഴ്ന്നിരുന്നു അവളുടെ മനസ്സില്‍. ഷാജി ഓഫീസില്‍ പോയ ഒരു ദിവസം മീനാക്ഷി ഷാജി ഉപയോഗിച്ച ലാപ്ടോപ് പുറത്തെടുത്തു. mute ല്‍ ആയിരുന്ന ലാപ്ടോപ് പാട്ട് കേള്‍ക്കാന്‍ വേണ്ടി ശബ്ദമുയര്‍ത്തി അവള്‍ mute ഓഫ്‌ ചെയ്തു. പെട്ടെന്ന് ഷാജി കണ്ടു കൊണ്ടിരുന്ന times now  ചാനല്‍ ശബ്ദമുയര്‍ത്തി. അവള്‍ അല്‍പനേരം ആ ശബ്ദം ശ്രദ്ധിച്ചു.

                    "Times now " ല്‍ അഴിമതിയില്‍ മുങ്ങിയ സമൂഹത്തെ കുറിച്ച് ഒരാള്‍ തന്റെ അനുഭവം പങ്കുവക്കുകയായിരുന്നു. സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരാള്‍, ശബ്ദം തീരെ പുറത്തു വരുന്നില്ല. പക്ഷെ അയാള്‍ക്ക് കൃത്യമായി എന്തോ പറയാനുണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഓഫീസില്‍ ജോലിയില്‍ മുഴുകിയിരുന്ന അയാളുടെ മൊബൈലില്‍ ഒരു unkown കോള്‍ ശബ്ദമുയര്‍ത്തി. ഫോണ്‍ കാള്‍ അദ്ദേഹത്തെ govt ഹോസ്പിറ്റലില്‍ വിളിച്ചു വരുത്തി. ആശുപത്രിയില്‍ എത്തിയപ്പോള്‍ ആണ് അറിയുന്നത് തന്റെ ഭാര്യ സഞ്ചരിച്ച ലൂണയുമായി  അശ്രദ്ധമായി വന്ന ഒരു ലോറി  ഇടിച്  ഭാര്യ മരണപ്പെട്ടിരിക്കുന്നു. അയാള്‍ക്ക് അല്‍പനേരം എന്ത് ചെയ്യണം എന്നറിയാതെ അടുത്തുള്ള ബെഞ്ചിലിരുന്നു. കരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ സമാധാനിപ്പിക്കനെന്ന ഭാവത്തില്‍ പുറത്ത് ആരോ തലോടി. തിരിഞ്ഞു നോക്കിയപ്പോള്‍ അത് ആ govt  ഹോസ്പിറ്റലിലെ ഒരു ജോലിക്കാരന്‍ ആയിരുന്നു. അയാളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത് തന്റെ ഭാര്യയെ postmotum കഴിഞ്ഞു മോര്‍ച്ചറിയിലോട്ട് മാറ്റി എന്നാണ്. തപ്പി പിടിച്ച് അയാള്‍ മോര്‍ച്ചറിയില്‍ എത്തി. വാര്‍ഡനോട് മരിച്ച തന്റെ ഭാര്യയെ പറ്റി തിരക്കി. വാര്‍ഡന്‍ അവജ്ഞയോടെ പറഞ്ഞു. പണം കെട്ടിയാല്‍ ശവം വിട്ടുതരാം. അടുത്തു നിന്ന ഒരാള്‍ മന്ത്രിച്ചു, വാര്‍ഡന്‍ കൈക്കൂലി ചോദിക്കുകയാണ്.   
           TV യില്‍ ഉണ്ടായിരുന്ന സാധാരണക്കാരന്‍ തന്റെ സാധാരണ ശബ്ദം കൈവെടിഞ്ഞ് ആക്രോശിച്ചു. ശവത്തിനു കൈക്കൂലി ചോദിക്കുന്ന ഉദ്യോഗസ്ഥ വര്‍ഗ്ഗമാണ് നമ്മുടെ സമൂഹത്തില്‍ ഉള്ളത്. അയാള്‍ക്ക് തന്റെ ഭാര്യയുടെ മരണത്തിനു കാരണക്കാരനായ ലോറി ഡ്രൈവറോട് ഉള്ളതിനേക്കാള്‍ വിദ്വേഷം ഹോസ്പിറ്റലിലെ വാര്‍ഡനോട് ആയിരുന്നു. വാര്‍ഡനു കൈക്കൂലി കൊടുത്താല്‍ തന്റെ ഭാര്യപോലും തന്നോട് പൊറുക്കുകയില്ല എന്ന് പറഞ്ഞ്, തന്റെ പ്രണയിനിയുടെ ശവശരീരം വാര്‍ഡന്റെ മുഖത്ത് വലിച്ചെറിയുന്നത് പോലെ സംസാരിച്ച്, ശവം തിരിച്ച് വാങ്ങാതെ അയാള്‍ യാത്രയായി. അയാളെ സംബന്ധിച്ചടത്തോളം ഇന്നും തന്റെ ഭാര്യയുടെ ശരീരം ശവസംസ്കാരത്തിന് ഇടവരുത്താതെ മോര്‍ച്ചറിയില്‍ കിടപ്പുണ്ട്.

      മീനാക്ഷി അല്‍പനേരം ചാനല്‍ ഓഫ്‌ ചെയ്ത് ചിന്തയില്‍ മുഴുകി. മീനാക്ഷി തന്നെ  ചാനലില്‍  വന്ന ആളുമായി ഉപമിച്ചു. അയാള്‍ മീനാക്ഷിയോട് പറയുന്നതായി അവള്‍ക്കു തോന്നി,"നാളെ ഇത് നിനക്കും സംഭവിക്കാം ". പിന്നെ ഒന്നും മറിച്ചു ചിന്തിക്കാന്‍ മീനാക്ഷിയെ പ്രേരിപ്പിച്ചില്ല. മീനാക്ഷിയും അന്നാജി യുടെ കൂടെ ആശയപരമായി ഒന്നുചേര്‍ന്നു.

2011 ഓഗസ്റ്റ് 20, ശനിയാഴ്‌ച

ഒരു പൂരിക്കഥ......

                  വേളത്തു നിന്നും  അമേരിക്കയിലേക്ക് -4

    

             അമേരിക്കയില്‍ ജോലിക്ക് വരുന്ന H1 വിസക്കാര്‍ക്ക്  അവരുടെ ജീവിത പങ്കാളി ജോലിചെയ്യുന്നതില്‍ നിന്നും ഗവണ്മെന്റ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയമം "ഉര്‍വശി ശാപം ഉപകാരം" എന്ന നിലയില്‍ പല കുടുംബിനികളും ഏറ്റെടുത്തു. ഭര്‍ത്താവ് ജോലിക്ക് പോയാല്‍ അവര്‍ക്കുള്ള പ്രധാന ആയുധം വോണെജ് ഫോണ്‍ ആയി മാറും. മാസം കൃത്യമായി പണം അടച്ചാല്‍ വോണെജ് കമ്പനിക്കാര്‍ 24 മണിക്കൂറും പൊങ്ങച്ചവും പരദൂഷണവും സൗജന്യമായി പ്രദാനം ചെയ്യും. അതുകൊണ്ട് തന്നെ ബോസ്ടനിലെ സ്ത്തീ ജനങ്ങള്‍ക്ക്‌ സൗജന്യ ജോലിയും ആനന്ദവും പ്രദാനം ചെയ്യാന്‍ വോണെജ് കമ്പനിക്ക് കഴിഞ്ഞു. അതുപോലെ ബോസ്ടനിലെ ഒരു വീട്ടില്‍  മൊട്ടുസൂചി അനങ്ങിയാല്‍ അത് എല്ലാ വീട്ടിലും കാട്ടുതീ പോലെ പടര്‍ന്നിരുന്നു. കൂടാതെ ഭര്‍ത്താവിന്റെ അപ്രൈസല്‍ മുതല്‍ പ്രമോഷന്‍ വരെ ഈ കുടുംബിനികള്‍ ചര്‍ച്ച ചെയ്തിരുന്നു. വളരെ പ്രധാന ചര്‍ച്ചാവിഷയം തങ്ങളുടെ ഭര്‍ത്താവിന്റെ വീര സാഹസികതയയിരുന്നു. ഭര്‍ത്താവിനെ ഒരു യോദ്ധാവായി പ്രതിഷ്ഠിച്, രാജാവിന്റെ പ്രകീര്‍ത്തനങ്ങള്‍ ചാര്‍ത്തി വിരാജിപ്പിക്കുന്ന പരദൂഷണ സമൂഹത്തെ പ്രോത്സാഹിപ്പിക്കാനായി വോണെജ് കമ്പനി പുതിയ കാള്‍ പ്ലാന്‍ തന്നെ തയ്യാറാക്കി.

        പരദൂഷണത്തിന്റെ കാര്യത്തില്‍ മീനാക്ഷി ഒരു ധീര സേനാനിയായിരുന്നു. തികഞ്ഞ അര്‍പ്പണ ബോധത്തോടെ അങ്കം വെട്ടാന്‍ അവള്‍ക്കു മടി തീരെ ഉണ്ടായിരുന്നില്ല. തന്റെ ഭര്‍ത്താവിന്റെ കര്‍മ്മ വ്യാവഹാരങ്ങളെ വാനോളം വോണെജിലൂടെ പ്രകീര്‍ത്തിക്കുന്ന മീനാക്ഷി, ഷാജിയെ നേരിട്ട്  കാണുമ്പോള്‍  പിച്ചി ചീന്തുന്നത്  കണ്ടാല്‍ വോണെജ് കമ്പനിക്കാര്‍ തന്നെ സഹികെട്ട്  കണക്ഷന്‍ എടുത്തുകളയും എന്ന് തോന്നി പ്പോകും.
       ഒരു ദിവസം അപ്രതീക്ഷിതം എന്ന് പറയട്ടെ ഭര്‍ത്താവിന്റെ പ്രകീര്‍ത്തനം മാറ്റി നിര്‍ത്തി വോണെജ് കൂട്ടായ്മ പുതിയ ആശയം അവതരിപ്പിച്ചു. അതിന്റെ സംവിധാനവും തിരക്കഥയും മീനാക്ഷിയുടെതായിരുന്നു. ആഴ്ചയില്‍ അഞ്ചു ദിവസം വോനെജിലൂടെയുള്ള ജോലി മാറ്റി നിര്‍ത്തി പുതിയ ഒരു സ്വയംതൊഴില്‍ കണ്ടെത്തണം.  അതുവഴി സ്വന്തം കാലില്‍ ഉറച്ചുനിന്ന് അല്പം പണം മിച്ചം വച്ച് അധ്വാന ജന വിഭാഗമായ നമ്മുടെ ഭര്‍ത്താക്കന്മാര്‍ക്ക് ഒരു ആശ്വാസമേകണം. സ്വയം തൊഴില്‍ കണ്ടു പിടിക്കേണ്ടത് അവരവര്‍, സഹകരണം വോണെജ് കൂട്ടായ്മയുടെത്.
               മീനാക്ഷി തെരഞ്ഞെടുത്തത് അത്ഭുതം എന്ന് പറയട്ടെ കാറ്ററിംഗ്. സ്വന്തമായി രുചിയോടു കൂടിയ  ഭക്ഷണം ഉണ്ടാക്കാന്‍ മീനാക്ഷിക്ക് അറിയില്ല. കൊഴുക്കട്ട ഉണ്ടാക്കിയാല്‍ അത് ഷോട്ട്പുട്ട്  പോലെയും ഇഡലി ഉണ്ടാക്കിയാല്‍ ഡിസ്കസ്  പോലെയും തോന്നിച്ചു. ദോശ മാവു കല്ലിലോഴിച്ചാല്‍ കല്യാണം കഴിഞ്ഞു നാളുകള്‍ കഴിയാത്ത ഇണ ദമ്പതികളെ പോലെ ഒട്ടിക്കിടക്കും. എന്താണ് കാറ്ററിംഗ് ന്റെ പിന്നിലെ ചേതോവികാരം എന്ന്  ഷാജിക്ക് മനസ്സിലായില്ല. സോഫ്റ്റ്‌വെയര്‍ ജോലിയും കൂടാതെ കാറ്ററിംഗ് ജോലിയും താന്‍ ചെയ്യേണ്ടിവരുമോ എന്ന് അയാള്‍ ഭയപ്പെട്ടിരുന്നു. ഷാജി എന്ന് ചൂടുള്ള ആവി പറക്കുന്ന പുട്ടും കടലയും സ്വപ്നം കണ്ടിരുന്നോ അന്ന് അയാള്‍ക്ക് ലഭിച്ചിരുന്നത് ഉണങ്ങിയ ചൂടാക്കിയ ബ്രെഡ്‌ ആയിരുന്നു. എന്ന് ദോശയും ചമ്മന്തിയും ആഗ്രഹിച്ചിരുന്നോ അന്ന് കിട്ടിയിരുന്നത് റെഡിമൈഡ് കോണ്‍ഫ്ലെക്സ്. ഷാജിക്ക് കാറ്ററിംഗ്  ഒരു ദഹിക്കാത്ത റോട്ടിയായി അടിവയറ്റില്‍ അവശേഷിച്ചു. 
       എന്നും മീനാക്ഷി ഉണര്‍ന്നിരുന്നത് ഷാജി ഓഫീസില്‍ പോകാന്‍ ഷൂ ലെസ് കെട്ടുമ്പോള്‍ ആയിരുന്നു. അതിനു ശേഷം ശാരീരികമോ മാനസികമോ ബുദ്ധിപരമോ ആയ ഒരു കഴിവും  വേണ്ടാത്ത വോണെജ് കമ്പനി ക്കാരുടെ ഫോണ്‍  ജോലി. മീനാക്ഷിയുടെ പുതിയ തീരുമാനം വേനലിലെ വൈകുന്നേരങ്ങളിലെ മഴപോലെ  മണ്ണില്‍ ലയിച്ചു പോകും എന്ന് ഷാജിക്ക് തീര്‍ച്ചയായിരുന്നു.   മീനാക്ഷിക്ക് വോണെജ് സമൂഹത്തിലെ വിലമതിക്കപ്പെട്ട ഒരു തീരുമാനമാണ് കാറ്ററിംഗ്. അതില്‍ നിന്ന് പിന്മാരാത്ത ഉറച്ച തീരുമാനം ആയിരുന്നു മീനക്ഷിയുടെത്. പുതിയ കാറ്ററിംഗ് ബിസിനസ്‌നു വേണ്ടി മീനാക്ഷിയും കൂട്ടരും കാന്‍വാസിംഗ് തുടങ്ങി. ആദ്യം അവര്‍ കണ്ടു മുട്ടിയത് ഷാജിയുടെ കമ്പനിയില്‍ ജോലി ചെയ്യുന്ന ബാച്ചിലേര്‍സിനെ ആണ്. നേരിട്ട് പൂര്‍ണ്ണ സഹകരണം വാഗ്ദാനം ചെയ്ത ബാച്ചിലേര്‍സ് സുഗുണന്മാര്‍ പിന്നില്‍ നിന്ന് കുത്തി. ഷാജിയുടെ തന്നെ അടുത്ത കൂട്ടുകാരില്‍ ഒരാള്‍ തന്നെയാണ് ആ അതീവ രഹസ്യം ബാച്ചിലര്‍ സുഗുണന്‍മാര്‍ക്ക് ചോര്‍ത്തിയത്. രഹസ്യം മറ്റൊന്നുമല്ല, ഷോട്ട്പുട്ടിന്റെ യും ദിസ്കസിന്റെ യും കഥയാണ്. കഥ കേട്ടയുടന്‍ അളന്നു മുറിച് തൂറി പഴക്കമുള്ള ബാച്ചിലര്‍ സുഗുണന്മാര്‍ പിന്‍വാങ്ങി. ഷാജിക്കും അവരുടെ തീരുമാനം ആശ്വാസമായി. ബാച്ചിലര്‍ സുഗുണന്‍ മാരില്‍ നിന്നും പ്രതികരണം ലഭിക്കാതിരുന്ന മീനാക്ഷി തന്റെ ബ്രഹ്മസ്ത്രമായ റാം ചേട്ടനെ പുറത്തെടുത്തു. റാം ചേട്ടന് ഒരു ഇന്ത്യന്‍ സ്റ്റോര്‍ ഉണ്ട്. സ്റ്റോറില്‍ എല്ലാ തരം ഇന്ത്യക്കാരും വന്നും പോയും കൊണ്ടിരിക്കും. അതുകൊണ്ട് അവിടെ ഒരു നോട്ടിസ് ഇട്ടു ഫോണ്‍ നമ്പറും കൊടുത്താല്‍ ആര്‍ക്കും വേണമെങ്കിലും വിളിച്ചു ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. മീനാക്ഷിയും കൂട്ടരും റാം ചേട്ടനെ ചാക്കിലാക്കി. റാം ചേട്ടന്‍ വ്യവസ്ഥകളോടെ സമ്മതം മൂളി. ലാഭത്തിന്റെ 10 ശതമാനം തനിക്ക്. കൂടാതെ ഓര്‍ഡര്‍ന്റെ എല്ലാ സാധനങ്ങളും തന്റെ സ്റ്റോറില്‍ നിന്നും വാങ്ങണം. മീനാക്ഷി ഹാപ്പി, റാം ചേട്ടന്‍ ഡബിള്‍ ഹാപ്പി. 
            ദിവസങ്ങള്‍ക്കുള്ളില്‍ മീനാക്ഷിയുടെ നോട്ടിസ് റാം ചേട്ടന്റെ ഇന്ത്യന്‍ സ്റ്റോര്‍ന്റെ ചില്ലുമേല്‍ പതിഞ്ഞു. വല്യ പ്രതീക്ഷയില്‍ ആയിരുന്നു മീനാക്ഷി. നോട്ടിസ് കണ്ട ബാച്ചിലര്‍ സുഗുണന്‍മാരും വോണെജ് കൂട്ടായ്മയും ഉള്ളില്‍ ചിരി ഒതുക്കി മീനാക്ഷിയെ കളിയാക്കി. മീനാക്ഷിക്ക് പ്രതീക്ഷ മാത്രമായിരുന്നു ഫലം. ആരും മീനാക്ഷിയെ ഷോട്ട്പുട്ട് നു ആയി വിളിച്ചില്ല.
            നാളുകള്‍ ഇഴഞ്ഞു നീങ്ങി. മീനാക്ഷി  കാറ്ററിംഗ് മറന്നത് പോലെയാണ്. അവളുടെ വോണെജ് കൂടുകരികളോട് അതിനെപ്പറ്റി സംസാരിക്കാറില്ല. ഒരു നഷ്ട സ്വപ്നം പോലെയായി കാറ്ററിംഗ്. അപ്രതീക്ഷിതം എന്ന് പറയട്ടെ ഒരു ദിവസം വനജാക്ഷി മീനാക്ഷിയെ വിളിച്ചു. വിളിച്ചയുടന്‍ വനജാക്ഷി മീനാക്ഷിയോട് ചോദിച്ചു. കാറ്ററിംഗ് നടത്തുന്ന മീനാക്ഷിയാണോ എന്ന്.  കാറ്ററിംഗ് മീനാക്ഷിയുടെ മനസ്സിന്റെ ഒരു കോണില്‍ പൊടിപിടിച്ചു അച്ചടക്കമില്ലാതെ കിടക്കുകയായിരുന്നു. പൊടിതട്ടി ആ ആശയത്തെ അവള്‍ പുനര്ജീവിപ്പിച്ചു.       വനജാക്ഷിയുടെ ആവശ്യം വളരെ വശ്യമനോഹരമായ, സൗമ്യമായ 600 പൂരികളാണ്. പൂരിക്ക് വേണ്ട നീളം, വീതി, വ്യാസം മുതലായവ വനജാക്ഷി മീനാക്ഷിക്ക് വിസ്തരിച്ചു. കൂടാതെ പൂരി രണ്ടു വിരല്‍ മുറിയന്നത്ര നിഷ്കളങ്കന്മാരയിരിക്കണം. മീനാക്ഷിയുടെ പൂരികള്‍ ഷാജിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ആക്സോ ബ്ലേഡ്  ഉപയോഗിച്ചാലും മുറിയാറില്ല. എന്നിട്ടല്ലേ രണ്ടു വിരല്‍ കൊണ്ട്! വനജാക്ഷിക്ക് ഈ പുരികള്‍ അമ്പലത്തില്‍ അന്നദാനത്തിന് കൊടുക്കനുള്ളതാണ്. പൂരി കെങ്കേമം ആയാല്‍ പരിപാടി പൊടിപൊടിക്കും.

     മീനാക്ഷിക്ക് ഉറക്കമില്ലാ രാവുകളായിരുന്നു വനജാക്ഷിയുടെ ഫോണ്‍ വന്നതിനു ശേഷം. അവള്‍ പൂരി സ്വപ്നത്തിലും കാണാന്‍ തുടങ്ങി. ചിലപ്പോള്‍ പൂരി ദുര്യോധനന്റെ രൂപത്തില്‍ വന്നു അവളുടെ തലക്ക് അടിച്ചു ഉറക്കത്തില്‍ നിന്നും എഴുന്നെല്പ്പിക്കുമായിരുന്നു. ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന മീനാക്ഷി ഷാജിയെ കുലുക്കി വിളിക്കും. സഹികെട്ട ഷാജി പുതപ്പും തലയണയും എടുത്ത് സോഫ മേല്‍ വന്നു കിടന്നു ഉറങ്ങുമായിരുന്നു.
     വനജാക്ഷിയുടെ ഫോണ്‍  വന്നതിനു ശേഷം വോനെജ് കൂട്ടായ്മയുടെ പ്രധാന സംസാര വിഷയം പൂരികളുടെ സൃഷ്ടി, സംരക്ഷണം, സംഹാരം എന്നിവയായി. മൃദുലവും സൗമ്യവുമായ പൂരികള്‍ ബോസ്ടനില്‍ എവിടെയും സംസാര വിഷയമായി. ചിലപ്പോള്‍ തോന്നും പൂരികള്‍ക്ക് ഇത്രയും പരിവര്‍ത്തനം സമൂഹത്തില്‍ ഉണ്ടാക്കാന്‍ പറ്റുമോ എന്ന്. 
           ദിവസമായി, 600 മൃദുലവും സൗമ്യവുമായ പൂരികള്‍ വിതരണം ചെയ്യാന്‍ മീനാക്ഷിയും  വോനെജ് കൂട്ടയ്മയും ഒരുങ്ങി. പൂരി നിര്‍മ്മാണ കേന്ദ്രമായി മീനാക്ഷിയുടെ വീട് മാറി.  മീനാക്ഷി എല്ലാവര്ക്കും മൃദുലവും സൗമ്യവുമായ പൂരി നിര്‍മാണ കൂട്ട് കാണിച്ചു കൊടുത്തു. കൂട്ടായ്മ കൂട്ട് അതെ പടി പകര്‍ത്തി. കൂട്ടയ്മയിലുള്ള കുറച്ചു ആളുകളുടെ ജോലി പൂരി തിളച്ച എണ്ണയില്‍ ചുട്ട് എടുക്കുക എന്നതായിരുന്നു. മീനാക്ഷിയുടെ ജോലി പൂരി രണ്ടു വിരലുകള്‍ കൊണ്ട് മുറിച്ചെടുക്കാന്‍ പറ്റുമോ എന്ന് പരിശോധിക്കുകയായിരുന്നു. 
       പൂരിയുടെ ജോലി കൂടായ്മ മണിക്കൂറുകളോളം ചെലവിട്ടു പൂര്‍ത്തിയാക്കി. ശബരിമലയും പതിനെട്ടാം പടിയും കയറുന്നത് നിസ്സാരം, 600 പൂരികളുടെ നിര്‍മാണവുമായി താരതമ്യം ചെയ്യുമ്പോള്‍ എന്ന് കൂട്ടായ്മ വിലയിരുത്തി. തളര്‍ന്ന കൂടുകാരെ നോക്കി മീനാക്ഷി ഉദ്ഘോഷിച്ചു, കൂട്ടരേ നമ്മള്‍ വിജയിച്ചു. ഇത് ബോസ്ടനിലെ ഇന്ത്യക്കാരുടെ ജീവിതത്തില്‍ സ്വര്‍ണ്ണ ലിപികളില്‍ എഴുതി ചേര്‍ക്കേണ്ട ദിനമാണ്.
                       600 പൂരികള്‍ 6 ട്രേകളില്‍ പായ്ക്ക് ചെയ്തു ഷാജി വനജാക്ഷിയുടെ വീട്ടിലേക്കു പുറപ്പെട്ടു. സന്തോഷ വദനനായ ഷാജി ആറു ട്രേ പൂരികളും വനജാക്ഷിക്ക് നല്‍കി. തിരിച്ചു സമ്മാനമായി 150 ഡോളര്‍ ഷാജിയെ ഏല്‍പ്പിച്ചു. അന്ന് ഷാജിക്ക് തന്റെ ഭാര്യയുടെ പ്രായോഗിക ബുദ്ധിയില്‍ അഭിമാനം തോന്നി. നിറഞ്ഞ മനസ്സോടെ ഷാജി 150 ഡോളര്‍ മീനാക്ഷിയെ ഏല്‍പ്പിച്ചു. ആദ്യമയി കാറ്ററിംഗ് ലൂടെ സമ്പാദിച്ച 150 ഡോളര്‍ കണ്‍നിറയെ അവള്‍ ആസ്വദിച്ചു. അത് അപ്പോള്‍ തന്നെ അവള്‍ ഇന്ത്യന്‍ രൂപയിലേക്ക് മാറ്റി കണക്കുകൂട്ടി നോക്കി. 7500 രൂപ.. അവള്‍ക്കു സ്വയം അഭിമാനം തോന്നി.അടുത്ത ദിവസം വോണെജ് ഫോണിനു സ്വൈര്യമില്ലാത്ത ദിനമായിരുന്നു. ബോസ്ടന്‍ മുഴുവന്‍ പൂരികഥ ഒരു വിജയഗാഥയായി കൊണ്ടാടി. എല്ലാവരും മീനാക്ഷിയുടെ കാറ്ററിംഗ് വിജയം വോനെജിലൂടെ ആഘോഷിച്ചു. 
               നാളുകള്‍ക്കു ശേഷം മീനാക്ഷി റാമിന്റെ ഇന്ത്യന്‍ സ്ടോരില്‍ ലാഭവിഹിതമായ പത്തു ശതമാനം നല്‍കാനായി പോയി. അവിടെ വച്ച് മീനാക്ഷി വനജാക്ഷിയെ അവിചാരിതമായി കണ്ടു. വനജാക്ഷി മീനാക്ഷിയും. മീനാക്ഷിയെ കണ്ടയുടന്‍ വനജാക്ഷി കാണാത്ത മട്ടില്‍ സ്ടോറിന്റെ മറ്റൊരു മൂലയിലേക്ക് മാറി. വനജാക്ഷി തന്നെ കണ്ടില്ല എന്ന് കരുതി തിരക്ക് പിടിച്ചു  മീനാക്ഷി  സൗഹൃദ സംഭാഷണത്തിനായി വനജാക്ഷിയുടെ അരികിലെത്തി. എന്ത് പറയാന്‍, വനജാക്ഷി മീനാക്ഷിയോട് സംസാരിക്കാന്‍ താല്പര്യം കാണിച്ചില്ല. തട്ടും തപ്പലും ആയി വനജാക്ഷി പറഞ്ഞ വാക്കുകളില്‍ നിന്നും മീനാക്ഷി സംഗ്രഹിച്ചു, വനജാക്ഷിയുടെ താല്‍പ്പര്യ കുറവ്. 
              മൃദുലവും സൗമ്യവും ആയി കൊടുത്ത 600 പൂരികള്‍ അതി മൃദുലവും അതി സൗമ്യവും ആയി പൊടിഞ്ഞു പോയി. അതിനാല്‍ പൂരി കഴിച്ചവര്‍ക്ക് വിരലുകള്‍ ഉപയോഗിക്കേണ്ടി വന്നതേ ഇല്ല. പൂരികള്‍ വനജാക്ഷിയെ അമ്പലത്തിനു പകരം ശ്മശാനത്തില്‍ എത്തിച്ചത് പോലെ ആക്കിയിരുന്നു അന്ന്. താല്‍പ്പര്യ കുറവ് മനസ്സിലാക്കിയ മീനാക്ഷി പിന്നെ അവിടെ നിന്നില്ല. പക്ഷെ വനജാക്ഷിയെ പിന്നെയും കണ്ട കാര്യം ഒരിക്കലും വോണെജ് കൂട്ടായ്മയില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. അവര്‍ 600 പൂരികളെയും അതിന്റെ സംവിധായികയെയും വാനോളം പുകഴ്ത്തി.


2011 ഓഗസ്റ്റ് 13, ശനിയാഴ്‌ച

കറുമ്പന്റെ സ്വപ്നം.......... .

വേളത്തുനിന്നും അമേരിക്കയിലേക്ക്‌  -3
                     




ശാരീരിക ക്ഷമതയില്‍ വാചാലയായിരുന്ന മീനാക്ഷിക്ക് സ്വന്തം കാര്യത്തില്‍  കാര്‍ക്കശ്യം കാട്ടാന്‍ തീരെ മടിയാണ്. എന്നാലും ഒരുനാള്‍ തീരുമാനമായി ,സ്വന്തം ശരീരത്തിലെ പിത്തവും കഫവും കുറച്ചു യുവത്വം വീണ്ടെടുക്കാന്‍ ‍. കണ്ടുപിടിച്ച വഴിയോ , വൈകുന്നേരങ്ങളിലെ നടത്തം. എന്നും വൈകുന്നേരം കാണാം തടാകത്തിന് ചുറ്റും പട്ടാളക്കാരെ വെല്ലുന്ന പ്രകടനം. മീനാക്ഷിയുടെ കാര്യത്തില്‍ വാഗ അതിര്‍ത്തിയിലെ പട്ടാളക്കാര്‍ പോലും തലകുനിക്കും.

വൈകുന്നേരങ്ങളിലെ നടത്തം മീനാക്ഷിക്ക് ഒരു പ്രത്യേക ഉത്തേജനം ഏകുന്നതായിരുന്നു. തടാകത്തിനു ചുറ്റും നടക്കാന്‍ എത്തുന്ന ആളുകള്‍ , തടാകത്തിലെ അരയന്നങ്ങളും താറാവുകളും, പട്ടികളെ പരിശീലിപ്പിക്കുന്ന ഒരു  കൂട്ടം ആളുകള്‍,  ഇളം ചുടു കാറ്റ് . അതില്‍ അവളെ ഏറ്റവും ആകര്‍ഷിച്ചത് മീന്‍ പിടുത്തക്കാര്‍ ആണ്.

മീന്‍ പിടുത്തക്കാര്‍ തങ്ങളുടെ ഇരിപ്പിടത്തില്‍ ആസ്വദിച്ചു , തികഞ്ഞ ആത്മാര്‍ഥതയോടെ ചൂണ്ടയിട്ടു ഇരിപ്പാണ്. ചൂണ്ടയില്‍ കുടുങ്ങിയ മീനിനെ പൂര്‍ണ്ണ രക്ഷ ഉറപ്പാക്കി തിരിച്ചു വെള്ളത്തിലേക്ക്‌ ഇടുകയായിരുന്നു ഈ മത്സ്യ  സ്നേഹികള്‍. തലകുലുക്കി വെള്ളത്തിലേക്ക്‌ തിരികെ നീന്തുന്ന പിടിക്കപ്പെട്ട മീനിനെ കണ്ടാല്‍ രാഷ്‌ട്രപതി കൊലക്കയര്‍ ശിക്ഷ ഇളവു ചെയ്ത ഒരു പ്രതിയുടെ ആര്‍മാദവസ്തയില്‍ ആയിരിക്കും. മീനാക്ഷിക്ക് പലപ്പോഴും തോന്നാറുണ്ട്, പിടിക്കപ്പെട്ട മീനുകള്‍ ഒരു സമ്മേളനം വിളിച്ചു മറ്റുള്ള മീനുകളോട് മീന്‍ പിടുത്തക്കാരെ പ്രകീര്തിക്കുമെന്ന്. എന്നാല്‍ സമ്മേളനത്തിന് എത്തുന്ന കൊച്ചു മീനുകള്‍ എന്നും ചോദ്യത്തിന്റെ ഒരു ഭാണ്ഡം തുറന്നു വിടും. അതിലെ ലളിതമായ ഒരു ചോദ്യം ഇതായിരിക്കും, മത്സ്യ സ്നേഹികള്‍ എന്തിന് ഈ ചോര തുപ്പുന്ന മുറിവുകള്‍ ചൂണ്ടയുടെ കൊക്ക കൊണ്ട് മത്സ്യങ്ങള്‍ക്ക് സമ്മാനിക്കുന്നു എന്ന്.!

എന്നും മീനാക്ഷി നടത്തത്തിനു ഇറങ്ങുമ്പോള്‍ ഒരു കറുമ്പന്‍ തടാകത്തിന്റെ ആരുമില്ലാത്ത ഒരു മൂലയില്‍ ഇരുന്നു മീന്‍ പിടിക്കുന്നുണ്ടാവും. അടുത്തെത്തുമ്പോള്‍ മീനാക്ഷി അയാളെ നോക്കി ഒന്ന് പുഞ്ചിരിക്കും. തിരിച്ചും ഒരു പുഞ്ചിരി സൗജന്യമായി കറുമ്പന്റെ വക. മീനാക്ഷിക്ക് മീന്‍ പിടിക്കാന്‍ ഒരു ആഗ്രഹം. ഈ ചൂണ്ട എവിടുന്നു കിട്ടും. ഒരു മുഴുമീനിനെ പിടിച്ചു കൊടം പുളിയിട്ടു വറ്റിക്കണം എന്ന് അവള്‍ കരുതിക്കാണും.  അപ്രതീക്ഷിതമായി കറുമ്പന്‍ ഒരുദിവസം സല്ലാപത്തിന് വന്നു. കണ്മഷിയിട്ടാല്‍ തിരിച്ചറിയാന്‍ പ്രയാസമായ കറുപ്പ്, തുടുത്ത ചുണ്ടുകള്‍, മൂക്കിന്റെ ദ്വാരം ഗുഹകളെ ഓര്‍മിപ്പിച്ചു. ആരുകണ്ടാലും ഒന്ന് ഭയക്കും. അടുത്തുള്ള ഇന്ത്യക്കാര്‍ക്ക് മീനാക്ഷിയും കറുമ്പനും സംസാരിക്കുന്നതു ഇഷ്ടപ്പെട്ടില്ല എന്ന് തോന്നും.

മീനാക്ഷിക്ക് അറിയേണ്ടത് മീനിനെ ചൂണ്ടയിട്ടു പിടിക്കുന്ന വിദ്യ ആയിരുന്നു. കറുമ്പന്‍ അത് പഠിപ്പിക്കാന്‍ വളരെ സന്നദ്ധനും. കറുമ്പന്‍ വിദ്യ പറഞ്ഞു കൊടുക്കുന്ന ഒരു നല്ല   അധ്യാപകനായി. അധ്യാപകനും വിദ്യാര്‍ത്ഥിയും എന്നും മീന്‍ സല്ലാപത്തില്‍ മുഴുകും.  ചില ദിവസങ്ങളില്‍ പിടിക്കപ്പെട്ട മീനിനെ തിരികെ വെള്ളത്തിലേക്ക്‌ അയക്കും മുന്‍പ് കറുമ്പന്‍ മീനാക്ഷിയോട് ചോദിക്കും, തനിക്ക് വേണോ എന്ന്. അവിടെ മീനാക്ഷി പിന്‍ തുടര്‍ന്നത് ഇരട്ടത്താപ്പ് നയം ആയിരുന്നു. ഒരു വശം കൊടമ്പുളി ഇട്ട കറി, മറുവശം ഷാജിഎട്ടന്റെ വിരുന്നു. 
ഷാജിക്ക് കറുമ്പന്‍ മാരെ തീര്‍ത്ത അവഹേളനമായിരുന്നു. അമേരിക്കയില്‍ ഉണ്ടാകുന്ന കുറ്റകൃത്യങ്ങളില്‍ ഏറിയ പങ്കും വഹിച്ചിരുന്നത് ആഫ്രിക്കന്‍- അമേരിക്ക ക്കാരാണെന്ന് ഷാജി വിശ്വസിച്ചു പോന്നു. 

അപ്രതീക്ഷിതം എന്ന് പറയട്ടെ  ഒരു ദിവസം മെയിന്റനന്‍സ് നു അതേ കറുമ്പന്‍ മീനാക്ഷിയുടെ വീട്ടില്‍  വന്നു. കറുമ്പനും മീനക്ഷിക്കും വിശ്വസിക്കാനാവാത്ത നിമിഷം ആയിരുന്നു അത്. അപ്പോഴാണ് കറുമ്പന്‍ മീനാക്ഷി യുടെ അതേ apartment  ല് ആണ് ജോലി ചെയ്യുന്നതെന്ന് മീനാക്ഷി ക്ക് മനസ്സിലായത്. മീനാക്ഷിക്ക് apartment കാരോട്  എപ്പോഴും ഒരു കാര്യത്തില്‍ രോഷം തോന്നിയിരുന്നു. മെയിന്റനന്‍സ് എന്ന പേരില്‍ അവര്‍ apartment ന്റെ ഒരു  താക്കോല്‍ കയ്യില്‍ വച്ചിരുന്നു. ആ താക്കോല്‍ ഉപയോഗിച്ച്   അവര്‍ വാതില്‍  തുറന്നു അകത്തു കടന്നു തങ്ങളുടെ ജോലി ചെയ്തിരുന്നു. അതിനു അവര്‍ക്ക് വീടുകാരുടെ അനുവാദം വാങ്ങണം എന്നില്ല. ഇത് ഭയന്ന ഷാജി എന്നും ഉള്ളില്‍ നിന്നും വാതിലിനു ലോക്ക് ചെയ്യാവുന്ന സംവിധാനം നിര്‍മ്മിക്കണം എന്ന് എപ്പോഴും കരുതിയിരുന്നു. ഷാജി എന്നും മീനാക്ഷിയുടെ നിസ്സംഗതയെ ഭയന്നിരുന്നു.
കറുമ്പന്‍ വളരെ ശാന്തനായിരുന്നു. തികച്ചും തന്റെ ഔദ്യോഗിക ഭാവത്തില്‍ മീനാക്ഷിയുടെ വീട്ടില്‍ വന്നു സുഖവിവരങ്ങള്‍ തിരക്കി. കറുമ്പന് മീനാക്ഷിയുടെ ആതിഥ്യ മര്യാദ തികച്ചും ബോധിച്ചു. കറുമ്പന്‍ തന്റെ ഔദ്യോഗിക പ്രക്രിയയില്‍ പ്രവേശിച്ചു. മീനാക്ഷിയുടെ കുളിമുറിയുടെ വാഷ്ബൈസിനില്‍ നിന്നും വെള്ളം ശരിക്ക് വരുന്നില്ല എന്നതായിരുന്നു പ്രശ്നം. കുറെ നേരം അയാള്‍ അതില്‍ എന്തൊക്കെയോ പണി ചെയ്തു. കുറച്ചു കഴിഞ്ഞ് അയാള്‍ മീനാക്ഷിയുടെ അടുത്ത് വന്നു കാര്യം പറഞ്ഞു. "പ്രയത്നിച്ചു, പക്ഷെ പരിഹാരം കണ്ടില്ല". നാളെ വന്നു ശരിയാക്കാം എന്ന് പറഞ്ഞു സംഭാഷണത്തില്‍  മുഴുകി.

കറുമ്പന് മീനാക്ഷിയുടെ കാര്യങ്ങള്‍ ഓരോന്നായി അറിയണമായിരുന്നു. കറുമ്പന്റെ ചോദ്യങ്ങള്‍ക്ക് മീനാക്ഷി വാചാലയായി. മീനാക്ഷിയുടെ ഒരേയൊരു കൂട്ട് ഇന്റര്‍നെറ്റ്‌ ലെ സൗഹൃദ കൂട്ടായ്മയായ ഫേസ് ബുക്ക്‌ ആയിരുന്നു. അവളുടെ ദൈനംദിന പ്രക്രിയകളില്‍ പകുതി സമയവും അവള്‍ ചിലവഴിച്ചത് ഫേസ് ബുക്കില്‍ ആണ്. കൂടാതെ അവള്‍ കാണുന്നത് തടാകത്തിനു ചുറ്റുമുള്ള വളരെ ചുരുങ്ങിയ ആളുകളെ മാത്രം. തികച്ചും ഒറ്റപ്പെട്ട പകലുകലയിരുന്നു  ഷാജി ജോലിക്ക് പോയതിനു ശേഷം അവള്‍ക്കു ഉണ്ടായിരുന്നത്. അവള്‍ എന്നും കരുതും, അമേരിക്കകാര്‍  ഭര്‍ത്താവിന് ജോലി കൊടുത്ത് അവരുടെ  ഭാര്യ ജോലി ചെയ്യരുത് എന്ന ഒരു നിയമവും ഉണ്ടാക്കി ഒരു വിഭാഗത്തെ വഞ്ചിക്കുകയല്ലേ എന്ന്. കറുമ്പന്റെ സൗഹൃദം മീനാക്ഷിക്ക് തന്റെ നിഷ്ക്രിയത്വത്തിന്റെ ഭന്ജനം ആയിരുന്നു.
       കറുമ്പന് അറിയേണ്ടത് നൂറുകൂട്ടം കാര്യങ്ങളാണ്‌. രാജ്യം, യാത്ര, ഭര്‍ത്താവ്, കുട്ടികള്‍, ജോലി,.....  മീനാക്ഷി എന്ന പേര്‍ കറുമ്പന്റെ നാവില്‍ വഴങ്ങാന്‍ പ്രയാസമായിരുന്നു. അതിനാല്‍ മീനാക്ഷി ചുരുക്കി മീനു എന്ന് പറഞ്ഞുകൊടുത്തു. കറുമ്പന് തികച്ചും വ്യത്യസ്തമായ ഒരു version കണ്ടെത്തി. അതാണ് ബീനു. ബീനു എന്ന് വിളിക്കുമ്പോള്‍ പഴചക്ക യുടെ മാധുര്യം കറുമ്പന്റെ  മുഖത്തു പ്രസന്നമായിരുന്നു.പറഞ്ഞു തീരും മുമ്പ് കറുമ്പന് അപ്പാര്‍ട്ട്മെന്റ് ഓഫീസില്‍ നിന്നും ഫോണ്‍ വന്നു. യാത്രയായി. എന്തായാലും നാളെ കാണാമല്ലോ എന്ന ആശ്വാസത്തില്‍ ആയിരുന്നു കറുമ്പനും മീനാക്ഷിയും .  ഒരു black and white‌ ചിത്രം പോലെ മീനാക്ഷി സ്വപ്നത്തില്‍ മുഴുകി. പക്ഷെ ഫ്രൈമില്‍ എപ്പോഴും കറുമ്പന് മുഴച്ചു നിന്നു. ഫ്രൈമില് യോജിക്കാത്ത പ്രകൃതം. കറുപ്പിന്റെ അതിപ്രസരം കറുമ്പനെ ഒപ്പിയെടുക്കാന്‍ സ്വപ്നങ്ങള്‍ പണിപ്പെട്ടു.
 ‍‍‍‍

എന്തെന്നില്ലാത്ത ആകാംഷയോടെ ഷാജിയോട്  മീനാക്ഷി  കറുമ്പന്റെ കണ്ടുമുട്ടല്‍ മുഴുവിക്കാത്ത ഒരു വാക്യം പോലെ പറഞ്ഞു കൊടുത്തു. പാതി കേട്ടയുടന്‍ ഷാജിയുടെ ഭാവം മാറി. ഷാജിക്ക് മീനാക്ഷിയോട് എന്തെന്നില്ലാത്ത ദേഷ്യം വന്നു. ഷാജിയുടെ അഭിപ്രായത്തില്‍ മീനാക്ഷി വേണ്ടാത്ത സൗഹൃദം സൃഷ്ടിക്കുകയാണെന്നും അത് ഭാവിയില്‍ വിഷമ ഘട്ടത്തില്‍ അവസാനിക്കുമെന്നും ആയിരുന്നു. ഷാജി വീണ്ടും വീട്ടിന്റെ ഉള്ളില്‍ നിന്നും അടച്ചു ഭദ്രമാക്കുന്ന ലോക്കിനെ പറ്റി ആലോചിക്കാന്‍ തുടങ്ങി.  മീനാക്ഷി ശരിക്കും വിഷമ ഘട്ടത്തിലായി.

അടുത്ത ദിവസം ഷാജി വളരെ  വൈകിയാണ് ഓഫീസില്‍ പോയത്. ഇന്ന് കറുമ്പന്‍  വരികയാണെങ്കില്‍ താന്‍ കൂടെ ഉള്ള സമയത്താവട്ടെ എന്ന് ഷാജി കരുതി കാണും . സമയം അതിക്രമിച്ചു. കറുമ്പന്‍ വന്നില്ല. ഷാജിക്ക് ഇനി വൈകിക്കാന്‍ പറ്റില്ല. സമാധാനം തീരെ ഇല്ലാതെ ഷാജി ഓഫീസിലേക്ക്  യാത്രയായി. 

ഷാജി കാറില്‍ കയറാന്‍ കാത്തു നിന്നതാണെന്ന് തോന്നും കറുമ്പന്‍ മീനാക്ഷിയുടെ  വാതിലില്‍ മുട്ടി. ഷാജി എന്തോ എടുക്കാന്‍ മറന്നു തിരിച്ചു വന്നതാണെന്ന് കരുതി മീനാക്ഷി വാതില്‍ തുറന്നപ്പോള്‍ സുസ്മേരവദനനായി കറുമ്പന്‍ മുന്നില്‍.   കറുമ്പന്റെ കയ്യിലെ റോസാപൂവ് മീനാക്ഷി ശ്രദ്ധിച്ചു . പെട്ടെന്ന് മീനാക്ഷിക്ക് ഓര്മ വന്നത് നിത്യ ഹരിത നായകന്‍ പ്രേം നസീറിനെ യാണ്. നസീര്‍ ഷീലയ്ക്ക് റോസ് നീട്ടി. മീനാക്ഷി സ്വല്പം ശബ്ദം ഉയര്‍ത്തി ചോദിച്ചു, ഇത് എന്തെന്ന്. ഒരു കൂസലും ഇല്ലാതെ കറുമ്പന്‍ പറഞ്ഞു താങ്കളും ആയുള്ള സൗഹൃദം എനിക്ക് ഇഷ്ടപ്പെട്ടു, അതിന്റെ സമ്മാനം ആണിത്. മീനാക്ഷിക്ക് റോസാ പൂവെന്നല്ല എല്ലാ പൂക്കളും ഇഷ്ടമാണ്. അവള്‍ ഓര്‍ത്തു, ഷാജിയേട്ടന്‍ ഇതുവരെ ഒരു റോസാ പൂവ് പോലും തനിക്കു സമ്മാനിച്ചിട്ടില്ല, എന്തിനു പറയുന്നു തന്റെ ബര്‍ത്ത് ഡേ പോലും ആ മനുഷ്യന്‍ ഓര്‍ക്കാറില്ല. ഇന്ന് നോക്കു, ഇതാ ഒരു കറുമ്പന്‍ തന്റെ സൗഹൃദം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഇഷ്ടപ്പെടുന്നു. മനസ്സില്ല മനസ്സോടെ മീനാക്ഷി ആ റോസ് സ്വീകരിച്ചു.

അന്ന് കറുമ്പന്‍ വളരെ വാചാലനായി. അയാള്‍ ഒരു കല്യാണം കഴിച്ച ആളാണ്. ഒരു പെണ്‍കുട്ടിയും അയാള്‍ക്കുണ്ട്. വിവാഹജീവിതം അഞ്ചു  വര്‍ഷമേ നീണ്ടു നിന്നുള്ളൂ.  മകള്‍ക്ക് മൂന്ന് വയസ്സുള്ളപ്പോള്‍ ഭാര്യ തന്നെയും മകളെയും ഉപേക്ഷിച്ചു വേറൊരാളുടെ കൂടെ പോയി. ഇപ്പോള്‍ മകള്‍ക്ക് പതിനാറു വയസ്സായി. മകള്‍ വളര്‍ന്നു വരുന്ന രീതി അയാള്‍ക്ക് എന്നും അഭിമാനം പകര്‍ന്നു. മകളിലൂടെ അയാള്‍ പൂക്കളെ സ്നേഹിച്ചു, പക്ഷികളെ സ്നേഹിച്ചു. മകള്‍ ജനിക്കുന്നതിനു മുമ്പ് പൂക്കളും കിളികളും അയാളുടെ കാഴ്ച്ചയില്‍ ഇല്ലായിരുന്നു. പക്ഷികളുടെ ശബ്ദം അയാള്‍ കേള്‍ക്കാരില്ലയിരുന്നു. രാത്രിയുടെ കുളിര്‍ ആസ്വദിക്കാരില്ലായിരുന്നു. മകള്‍ ഇന്ന് പൂര്‍ണ്ണവതിയാണ്. അവള്‍ക്കു classical സംഗീതത്തിലാണ് അഭിരുചി. റോക്കിന്റെ പിന്നാലെ പോകുന്ന യുവത്വത്തില്‍ നിന്ന് വിഭിന്നമാണ് അവള്‍. എന്നും കറുമ്പന് അയാളുടെ മകള്‍ അഭിമാനമാണ്. കറുമ്പന്റെ വാചാലതക്ക് അപശ്രുതിയായി അയാളുടെ ഫോണ്‍ ശബ്ദമുണ്ടാക്കി. അന്നും അയാള്‍ വാഷ്‌ ബൈസിന്‍ നന്നാക്കാതെ തിരിച്ചു പോയി.

എന്നത്തേതിലും നേരത്തെ ഷാജി ഓഫീസില്‍ നിന്നും തിരിച്ചു വന്നു. ഓടിക്കയറിയത് വാഷ്‌ ബൈസിന്റെ അടുത്തേക്കായിരുന്നു. വാഷ്‌ ബൈസിന്‍ നന്നാക്കിയിട്ടില്ല . ഫോണ് വന്നു കറുമ്പന്‍ തിരിച്ചു പോയി എന്ന് പറഞ്ഞു മീനാക്ഷി നിര്‍ത്തി. അതിനെ പറ്റി അവര്‍ സംസാരിച്ചില്ല. അടുത്ത ദിവസവും ഷാജി പോയി നിമിഷങ്ങള്‍ക്കകം വീണ്ടും വാതില്‍ക്കല്‍ നീണ്ട കൊട്ടല്‍ . മീനാക്ഷി വാതില്‍ തുറന്നു. സുസ്മേരവദനനും മന്ദസ്മിതനുമായ കറുമ്പന്‍ . ഇന്ന് ഒരു  റോസല്ല,  നിറയെ.  വേളംകാരിക്ക് എന്ത് ചെയ്യണം എന്നറിയില്ല. അന്ന്  അവള്‍ കറുമ്പനെ അത്ര ശ്രദ്ധിച്ചില്ല. കൂടാതെ അധികം സംസാരിച്ചില്ല. മുഖം കണ്ടാലറിയാം കറുമ്പന്‍ അത് തീരെ പ്രതീക്ഷിച്ചില്ല എന്ന്. അയാള്‍ അയാളുടെ ജോലിയും കഴിഞ്ഞു തിരിച്ചു പോയി. 

അന്ന് വൈകുന്നേരം തടാകത്തിനു ചുറ്റും നടക്കുമ്പോള്‍ അവള്‍ കറുമ്പനെ നോക്കിയത് പോലുമില്ല. ഷാജി മീനാക്ഷിയുടെ മനോവ്യതിയാനങ്ങള്‍ ഒന്നും അറിഞ്ഞില്ല. പകല്‍ ജനാലകളിലൂടെ നോക്കിയാല്‍ കാണാം കറുമ്പന്‍ അപ്പാര്റ്റ് മെന്റിന്റെ ചെടികള്‍ വെട്ടുന്നത്. വ്യത്യാസം ഇത് മാത്രം നോട്ടം ചെടികളിളല്ല, പകരം  മീനാക്ഷിയുടെ വീട്ടിലേക്കാണ്. എന്നും ഷാജിയും മീനാക്ഷിയും കൂടെ ഇറങ്ങുമ്പോള്‍ കറുമ്പന്‍ നഷ്ട സ്വപ്നം പോലെ മീനാക്ഷിയെ നോക്കും, കണ്ടു കണ്ടില്ല എന്ന മട്ടില്‍ മീനാക്ഷി നടന്നു നീങ്ങും........

2011 ഓഗസ്റ്റ് 6, ശനിയാഴ്‌ച

ആരാധനയുടെ ക്ലൈമാക്സ്‌

വേളത്തുനിന്നും അമേരിക്കയിലേക്ക് -2                


കുടുംബം പൂര്‍ണതയില്‍ വിരാജിക്കുന്ന നാളുകളായിരുന്നു മീനാക്ഷിക്ക് നാട്ടിലുണ്ടായിരുന്നത്‌. പക്ഷെ ഷാജി കൂടെയില്ലാത്ത നാളുകള്‍ അവള്‍ക്കു അത്ര പ്രീയപ്പെട്ടതായിരുന്നില്ല. എന്നാലും വേര്‍പാടില്‍ സ്നേഹത്തിന്റെ തീക്ഷ്ണത കൂടും എന്ന് പറയുന്നതില്‍ തെറ്റില്ലല്ലോ. സ്നേഹത്തിന്റെ പരിപൂര്‍ണ്ണ തലങ്ങളിലെക്കുള്ള ഒരു എത്തിനോട്ടം ആയിരുന്നു ബോസ്ടനിലെ അവളുടെ   ജീവിതം.

മീനാക്ഷിക്ക് ധാരാളം ആരാധനാ കഥാപാത്രങ്ങളുണ്ട്. അതില്‍ ഒന്നാണ് സല്‍മാന്‍ ഖാന്‍. സല്‍മാന്‍ ന്റെ ശാരീരിക മികവില്‍ അവള്‍ എന്നും ഒരു  ഉണര്‍വ് കണ്ടു. സല്‍മാന്‍ ന്റെ ബലിഷ്ടമായകൈകളിലും കാലുകളിലും വയറിലും ഒക്കെ  ഒരു രവി വര്‍മ്മ ചിത്രം പോലെ നോക്കി മണിക്കൂറുകളോളം അവള്‍ ആസ്വദിച്ചിരുന്നു. ജിമ്മില്‍ വര്‍ക്കൌട്ട് ചെയ്തു മസില്‍ വീര്‍പ്പിക്കുന്നവരെ കാണുന്നത് തന്നെ മീനാക്ഷിക്ക് ആനന്ദം ഉളവാക്കി.ജീവിതത്തില്‍ ഇതുവരെ ജിമ്മില്‍ കയറാത്ത ഷാജിയോട് പുച്ഛമായി സംസാരിക്കുകയും ദിവസവും ജിമ്മില്‍ പോയി മസ്സില്‍ തടിപ്പിക്കുന്ന ബികാസിനെ പ്രകീര്‍ത്തിക്കുകയും ചെയുമ്പോള്‍ തന്നെ മീനാക്ഷിയുടെ മസ്സില്‍ സ്വപ്നം സ്പഷ്ടമാണ്.മീനാക്ഷി ചിലപ്പോള്‍ ഫലിത ഭാവം പൂണ്ടു ഷാജി യുടെ കയ്യില്‍ കയറിപ്പിടിച്ചു പോര എന്ന മട്ടില്‍ ഈ ചള്ള് പഴതടി ഒന്ന് മാറണ്ടേ എന്ന ഭാവത്തില്‍ പലപ്പോഴും കളിയാക്കി പോന്നു. ഷാജിയുടെ വയറ് വെറും ഗ്യാസ് സിലിണ്ടെര്‍ ആയിട്ടാണ് മീനാക്ഷി കരുതിപ്പോന്നത്. six pack അല്ലെങ്കിലും തൂങ്ങാത്ത വൃത്തിയുള്ള വയറ് ഷാജിയേട്ടന് വേണം എന്ന് എന്നും മീനാക്ഷിയുടെ ആഗ്രഹമായിരുന്നു.ഷാജിക്ക് സല്‍മാന്‍ എന്നുകെട്ടാലോ സുനാമി അടിച്ചു കയറിയത് മാതിരിയാ. ...സല്മാനിലെ ബലവാനെ താനുമായി താരതമ്യം ചെയ്യുന്നത് ഷാജിക്ക് എന്നും അതൃപ്തി ഉണ്ടാക്കി. കൂടാതെ പോണ്നതടിയനാനെന്നുള്ള  കോമ്പ്ലെക്സും.


അപ്രതീക്ഷിതമായി ബോസ്ടനില്‍ ഒരു ദിവസം സല്‍മാന്‍ പടം വന്നു. ഇത് ആദ്യമായി ഇന്ത്യന്‍ സമൂഹത്തില്‍ നടക്കുന്ന ഒരു വിശേഷമായിരുന്നു. ബോസ്ടനിലെ ഇന്ത്യന്‍ സമൂഹത്തിലെ  പ്രമുഖരില്‍  ഒരാളായ ജോര്‍ജെട്ടനാണ് ഒരുദിവസത്തെ പ്രദര്‍ശനത്തിനു malco തിയേറ്ററില്‍ ഒരു സ്ക്രീന്‍  വാടകയ്ക്ക് എടുത്തു സിനിമ പ്രദര്‍ശനം നടത്തുന്നത്.  ഒരു ഇന്ത്യന്‍ സിനിമ ആദ്യമായി ബോസ്ടനില്‍ വച്ച് കാണാമല്ലോ എന്ന ആകാംഷയിലാണ് ബോസ്ടോന്‍ ഇന്ത്യക്കാര്‍.  മീനാക്ഷിക്ക് മനസ്സില്‍ ലഡ്ഡു ഒന്നല്ല, രണ്ടാണ്  പൊട്ടിയത്. ഇന്ത്യന്‍ സിനിമ, മാത്രമോ തന്റെ ആരാധ്യ നായകന്‍ സല്‍മാനും.

ജോര്‍ജേട്ടന്‍ മീനാക്ഷിയുടെ സല്‍മാനോടുള്ള മസ്സില്‍ ആരാധന അറിയാമായിരുന്നു. അതുകൊണ്ട്  തന്നെ അദ്ദേഹം  സിനിമയുടെ മാര്‍ക്കറ്റിംഗ് തന്ത്രം മുഴുവനും  മീനാക്ഷിക്ക് വിട്ടുകൊടുത്തു. ബോസ്ടനിലെ ഇന്ത്യന്‍ വെബ്സൈറ്റ് വഴിയും ഇന്ത്യന്‍ സ്റൊരുകളിലും , ഇന്ത്യക്കാരുടെ മെയില്‍ വഴിയും സല്‍മാന്‍ പടം പരസ്യം ചെയ്യുക എന്നതായിരുന്നു മീനാക്ഷിക്ക് ജോര്‍ജേട്ടന്‍ സമ്മാനിച്ച ദൌത്യം. സിനിമക്ക് ഒരു ഷോ മാത്രം പോര, ചുരുങ്ങിയത് മൂന്നു ഷോ എങ്കിലും വേണം എന്നായിരുന്നു മീനാക്ഷിയുടെ അഭിപ്രായം. അങ്ങനെയെങ്കില്‍ തന്റെ ഇഷ്ട നായകനെ വെള്ളിത്തിരയില്‍ കണ്ടു മനസ്സ് നിറഞ്ഞു തൃപ്തിയടയാം എന്ന്  അവള്‍ കരുതിക്കാണും.

ഷാജിക്ക് സല്‍മാന്റെ വീരസാഹസികതയും അച് ഞ്ചല  ദിവ്യ പ്രണയവും കണ്ടു ബോറടിക്കാന്‍ തീരെ താല്പര്യം ഇല്ലായിരുന്നു. എങ്കിലും ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി ആദ്യമായി ബോസ്ടനില്‍ വന്ന ഇന്ത്യന്‍ സിനിമ കാണാന്‍ ഷാജി തീരുമാനിച്ചു . മീനാക്ഷി കൂടെ മസിലനായ ബികാസിന്റെ കുടുംബത്തെയും ക്ഷണിച്ചു.
ബികാസും ഭാര്യയും കൃത്യ സമയത്ത് തന്നെ വീട്ടില്‍ വന്നു. എല്ലാവരും ചേര്‍ന്ന് തിയേറ്ററില്‍ പോകാമെന്നായിരുന്നു തീരുമാനം. ബ്രാ ക്ക് സമാനമായ ടീ ഷര്‍ട്ട് ബികാസിന്റെ  മസിലിനെ ഉണര്‍ന്നു നിര്‍ത്താന്‍ സഹായിച്ചു. ബികാസിന്റെ മസില്‍ കട്ടകള്‍ ഷാജിയെ നോക്കി കളിയാക്കി, കൂട്ടിനു മീനാക്ഷിയും.

ഷാജിയുടെ വീട്ടില്‍ നിന്ന് മാല്കോ വിലേക്ക് പതിനെട്ടു മൈല് ഉണ്ട്. അതില്‍ ഏറെ ഭാഗവും സ്റ്റേറ്റ് ഹൈവേ ആണ്. ബോസ്ടനിലെ സ്റ്റേറ്റ് ഹൈവേ ലോകത്തിലെ തന്നെ ഏറ്റവും തിരക്ക് പിടിച്ച ഹൈവേ കളില്‍ ഒന്നാണ്. ചിന്നം വിളിച്ചു പായുന്ന ട്രെക്കുകളും ചീറിപായുന്ന കാറുകളും ഈ ഹൈവേ യുടെ ഭീകരത ഇപ്പോഴും വര്‍ധിപ്പിക്കും. ഹൈവേയില്‍ ചുരുങ്ങിയത് നൂറ്റി ഇരുപതു കിലോമീറ്റര്‍ സ്പീഡില്‍ വണ്ടികള്‍ ഓടിക്കൊണ്ടിരിക്കും. ആ സ്പീഡില്‍ കുറച്ചു ഒരു വാഹനം ഓടിച്ചാല്‍ അപകടം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഓടിക്കുന്ന വാഹനം ട്രാഫിക്കിനു അനുസരിച്ച് പോകാന്‍ വളരെ ശ്രദ്ധിക്കേണ്ട സ്ഥലമാണ്‌ ബോസ്ടനിലെ ഹൈവേ.

ആദ്യമായാണ് മീനാക്ഷി ബോസ്ടനിലെ ഹൈവേയില്‍ യാത്ര ചെയ്യുന്നത്. ചെന്നായ്ക്കളുടെ വാശി ആയിരുന്നു ഓരോ വണ്ടിക്കും. അതിനിടയില്‍ മദം ഇളകിയ ആനയെ പ്പോലെ ട്രെക്കുകളും. മീനാക്ഷി കാറിന്റെ മുന്‍ സീറ്റിലിരുന്നു ശ്വാസം മുട്ടുകയായിരുന്നു. ഉറങ്ങുമ്പോള്‍ അല്ലാതെ വായ അടക്കാത്ത അവള്‍ ഒരക്ഷരം മിണ്ടാതെ കണ്ണടച്ചു സീറ്റില്‍ നിശ്ചലയായി ഇരുന്നു.

നിശബ്തത ഭഞ്ജിച്ചു കൊണ്ട് അലറിവിളിച്ചു മീനാക്ഷി പെട്ടെന്ന് ഷാജിക്ക് നേരെ തിരിഞ്ഞു. ഇത്രയും വികാര ഭരിത യായി മീനാക്ഷിയെ ഷാജി ഒരിക്കലും കണ്ടിട്ടില്ല. അവളുടെ ആവശ്യം ഓടിക്കൊണ്ടിരിക്കുന്ന വണ്ടി നിര്‍ത്തുകയാണ് . നൂറ്റി ഇരുപതു സ്പീഡില്‍ വണ്ടി പോയിക്കൊണ്ടിരിക്കുമ്പോഴാണ്  മീനാക്ഷി പെട്ടെന്ന് വണ്ടി നിര്‍ത്താന്‍ പറയുന്നത്. അതും കാര്‍ അഞ്ചു വരി ഹൈവേയിലെ നാലാമത്തെ വരിയിലും. കാര്‍ നിര്‍ത്തണം എങ്കില്‍ എല്ലാ വരികളും കടന്നു ബഫറില്‍ വരണം. ഈ സ്പീഡില്‍ നാല് വരിയും കടന്നു  ബഫറില്‍ എത്തണമെങ്കില്‍ ചുരുങ്ങിയത് രണ്ടു കിലോമീറെരെങ്കിലും മുന്നോട്ടു യാത്ര ചെയ്യണം.

ഇതൊന്നും അറിയാത്ത ഭാവത്തിലാണ് എന്ന് തോന്നും മീനാക്ഷി വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെടുന്നത്. പിന്നിലുണ്ടായിരുന്ന ബികാസിനും ഭാര്യക്കും കൂടാതെ ഷാജിക്കും കാര്‍ നിര്‍ത്താനുള്ള ആവശ്യകത മനസ്സിലായില്ല.പിന്നീടാണ്, ചീറിപ്പായുന്ന കാറിലിരുന്നു മീനാക്ഷി ഒരു അപകടം കാണാന്‍ ഇടയായതും തലകീഴായ്  കിടക്കുന്ന കാറിന്റെ അടുത്ത് ഒരു രക്ഷാപ്രവര്തനവും  ഇല്ല എന്ന് മനസ്സിലാക്കിയതിന്റെ ഫലമായി ഉണ്ടായ ഒരു പ്രത്യഘാതമായിരുന്നു മീനാക്ഷിയുടെ പൊട്ടിത്തെറി എന്ന് ഷാജി മനസ്സിലാക്കിയത്‌. ആ നിമിഷത്തില്‍ മീനാക്ഷി എന്ന വേളം പെണ്ണിനോട് അവഹേളനമാണ് ഷാജിക്ക് തോന്നിയത്, കൂടെ ഉണ്ടായിരുന്നവര്‍ക്കും. കാരണം ബോസ്ടന്‍ ഹൈവേയില്‍ ഒരു അപകടം ഉണ്ടായാല്‍ അത് പെട്ടെന്ന്‍ ഹൈവേ പോലീസിനു വിവരം കിട്ടും. ശാസ്ത്ര സാങ്കേതികമായി അമേരിക്ക വളരെ മുന്നിലാണെന്ന് ഈ വേളം പെണ്ണ് ഒരു നിമിഷം മറന്നു പോയി കാണും എന്ന് ഷാജി കരുതി.ഹൈവേ യില്‍ അപകടം ഉണ്ടായാല്‍ രക്ഷാ പ്രവര്‍ത്തനം നിമിഷങ്ങള്‍ക്കകം തുടങ്ങാന്‍ ശാസ്ത്ര സാങ്കേതിക മേഖലയില്‍ വളരെ മുന്നോട്ടു പോയ അമേരിക്ക ക്ക് കഴിയും എന്ന് ഷാജി മനസ്സില്‍ ഓര്‍ത്തു.ഇതൊന്നു മനസ്സിലാകാനുള്ള ശാന്തത മീനാക്ഷിയില്‍ കണ്ടില്ല. മീനാക്ഷിയുടെ മനസ്സില്‍ സാങ്കേതിക ക്ക് തീരെ പ്രാധാന്യമില്ലായിരുന്നു. തല മറിഞ്ഞു കിടക്കുന്ന ആ കാറിലുള്ള ജീവനെ ക്കുറിച്ചായിരുന്നു അവളുടെ വ്യഥ.

അപ്പോഴേക്കും മീനാക്ഷിയുടെ കാര്‍ വളരെ മുന്നോട്ടു പോയിരുന്നു. കാറില്‍ ഉണ്ടായിരുന്നവരെ വകവെക്കാതെ മീനാക്ഷി കാര്‍ പിന്നോട്ട് തിരിക്കാന്‍ വാശിപിടിച്ചു. സിനിമ തുടങ്ങാന്‍ പത്തു മിനിട്ട് മാത്രമേ ബാക്കിയുള്ളൂ എന്ന് പറഞ്ഞിട്ടും മീനാക്ഷി പിന്മാറിയില്ല. അവസാനം വാശി ക്ക് അടിയറവച്ച്  ഷാജി കാര്‍ ഹൈവേ യിലെ ഒരു എക്സിറ്റ് വഴി ഇറക്കി  അപകടം ഉണ്ടായ സ്ഥലത്തേക്ക് ഹൈവേ വഴി കയറി വന്നു. കാറിലുണ്ടായിരുന്ന ബികാസിന്റെയും ഭാര്യയുടെയും പിരിമുറുക്കം  മീനാക്ഷി കാര്യമാക്കിയില്ല.

ഷാജി ഹൈവേ യില്‍ അപകടം ഉണ്ടായ സ്ഥലത്ത് പോയി ബഫറില്‍ വണ്ടി നിര്‍ത്തിയിട്ടു. കാറിന്റെ വാതില്‍ തുറന്നു മീനാക്ഷി തലകീഴായി കിടക്കുന്ന ആ വണ്ടിക്കു അടുത്തേക്ക് ഓടി, ഒപ്പം കൂടെ ഉണ്ടായിരുന്നവരും. ദുരന്ത സൂചന വിളിച്ചറിയിക്കുന്ന രീതിയില്‍ ചീറിപ്പായുന്ന വാഹനങ്ങളുടെ അശരീരി അവിടെ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു.തലകീഴായ് കിടന്ന കാറിന്റെ അടിയിലൂടെ രക്തം അരുവിയായി ഒഴുകി മണ്ണിലേക്ക് ലയിക്കുന്നത് അവര്‍ കണ്ടു .  ഇത് കണ്ടയുടനെ ഷാജി പോലിസിനെ വിളിച്ചു കാര്യം അറിയിച്ചു. അല്‍പ്പം തുറന്നു കിടന്നിരുന്ന കാറിന്റെ ഗ്ലാസ്സിലൂടെ കയ്യിട്ടു ഡോര്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു ഷാജി. അതിനിടയില്‍ ആരോ കാറിനുള്ളില്‍ നിന്ന് തന്റെ കൈകള്‍ തലോടിയതായി ഷാജിക്ക് തോന്നി. കൈ പുറത്തെടുത്തപ്പോള്‍ തന്റെ കയ്യില്‍ നിന്നും രക്തം വാര്‍ന്നോഴുകുന്നുണ്ടായിരുന്നു . കൂടെ ഉള്ളവര്‍ക്ക് എങ്ങിനെ എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു.


അല്പം പ്രയാസപ്പെട്ടു  ഷാജിയുടെ കൈ ഡോര്‍ തുറക്കാനുള്ള ബട്ടണില്‍ എത്തി.  അപകടത്തിന്റെ ആഘാതത്തില്‍ പറ്റിയത് ആവാം, മുന്നിലെ ഡോര്‍ തുറക്കാന്‍ കഴിഞ്ഞില്ല. ഷാജിയുടെ പിന്നീടുള്ള ശ്രമം പിന്നിലെ ഡോര്‍ തുറക്കാന്‍ ആയിരുന്നു. ഏറെ പണിപ്പെട്ടു പിന്നിലുള്ള ഡോര്‍ എല്ലാവരും ചേര്‍ന്ന് വലിച്ചു. ഡോര്‍ തുറന്നു. അതാ ഒരു പിഞ്ചു കുഞ്ഞു സീറ്റ് ബെല്‍റ്റില്‍ തൂങ്ങി ക്കിടക്കുന്നു. കുഞ്ഞിനു ബോധം നഷ്ടപ്പെട്ടിരുന്നു എന്ന് അസ്വസ്ഥതയോടെ അവര്‍ മനസ്സിലാക്കി.  മീനാക്ഷി ഓടിപ്പോയി കാറില്‍ നിന്നും വെള്ളം എടുത്തു കൊണ്ട് വന്നു. ശ്രദ്ധയോടെ ഷാജിയും  ബികാസും ചേര്‍ന്ന് കുഞ്ഞിനെ പുറത്തെടുത്തു. മീനാക്ഷി യുടെ കയ്യില്‍ നിന്ന് വെള്ളം വാങ്ങി കുഞ്ഞിന്റെ മുഖത്തേക്ക് തൂകി. ഒരു ആഘാതത്തിന്റെ ഭയം ഉള്ളില്‍ ഒതുക്കി കൊണ്ട് കുഞ്ഞു മെല്ലെ കണ്ണ് തുറന്നു ചുറ്റുപാടും നോക്കി. ഒരു നിമിഷത്തില്‍ എന്തൊക്കെയാണ് സംഭവിച്ചത് എന്ന് അഞ്ചു വയസ്സ് തോന്നിപ്പിക്കുന്ന കുട്ടി സായിപ്പിന് തിട്ടമില്ലായിരുന്നു.  അവന്‍ അല്‍പനേരം കാറിനെ നോക്കി എന്തോ ആലോചിച്ചു. പിന്നെ മാറിനിന്ന മീനാക്ഷിയുടെ നേര്‍ക്ക്‌ ആ കുഞ്ഞു കണ്ണുകള്‍ തിരിഞ്ഞു. പിന്നെ ഒന്നും ചിന്തിച്ചില്ല , കുഞ്ഞു മീനാക്ഷി യുടെ അടുത്തേക്ക് ഓടി. ഓടുന്നതിനിടയില്‍ അസ്വസ്ഥതയോടെ  കുട്ടി കാറിന്റെ ശീര്‍ഷാസനം നോക്കുന്നുണ്ടായിരുന്നു. കണ്ണുകള്‍ തുടച്ചു മീനാക്ഷി കുഞ്ഞിനെ വാരി എടുത്തു. തോളത്ത് കിടത്തി തലോടി.

നിമിഷങ്ങള്‍ക്കകം പോലീസും കൂടെ ആംബുലന്‍സും വന്നു. പോലിസ് പൂര്‍ണ്ണമായും സ്ഥലം ഏറ്റെടുത്തു. മീനാക്ഷിയും കൂട്ടരും കാഴ്ചക്കാര്‍ മാത്രമായി. മുന്നിലെ ഡോര്‍ അവര്‍ കട്ടര്‍ ഉപയോഗിച്ച് തുറന്നു. അവര്‍ ഒരു സ്ത്രീയെ പുറത്തെടുത്തു. ആംബുലന്‍സില്‍ കയറ്റി.  പോലിസ് കുഞ്ഞിനെ മീനാക്ഷിയുടെ കയ്യില്‍ നിന്ന്  മാറ്റാന്‍ ശ്രമിച്ചു . പക്ഷെ അവന്‍ ആ തോളത്ത് നിന്നും അകലാന്‍  തയ്യാറല്ലായിരുന്നു. പോലിസ് കുഞ്ഞിനെ എടുക്കാന്‍ നോക്കുമ്പോള്‍ കുഞ്ഞു ആ മാറില്‍ പറ്റി കിടക്കും. പണിപെട്ട് അവര്‍ കുഞ്ഞിനെ മീനാക്ഷി യില്‍ നിന്നും അടര്‍ത്തി മാറ്റി. 
പോലീസിന്റെ ചുമലില്‍ കിടന്ന കുഞ്ഞു മീനാക്ഷിയെ ഇമ വെട്ടാതെ നോക്കുന്നുണ്ടായിരുന്നു. അവസാന കാഴ്ചയിലും അവന്‍ മീനാക്ഷിയുടെ ചിത്രം അവന്റെ കുഞ്ഞു കാന്‍വാസില്‍ പകര്‍ത്തി. ഒരു ദീര്‍ഘ നിശ്വാസത്തോടെ മീനാക്ഷിയും കൂട്ടരും കാറില്‍ കയറി. കാറിനുള്ളില്‍ ശാന്തത മാത്രം. ആരും ഒന്നും മിണ്ടുന്നില്ല.   കാറുകളുടെയും ട്രെക്കുകളുടെയും ഒന്നും ശബ്ദം കേള്‍ക്കുന്നില്ല.


മീനാക്ഷിയുടെ മനസ്സില്‍ കുഞ്ഞു ഇപ്പോഴും അവളുടെ മാറില്‍ കിടന്നു കരയുന്നുണ്ട്. ഷാജിയുടെ മനസ്സില്‍ നിന്നും രക്തം പൂണ്ട ആ തലോടല്‍ മായുന്നില്ല. എന്ത് പറയാന്‍. മസില്‍മാന്‍ സല്‍മാനെ എല്ലാവരും മറന്നു. സമയം വല്ലാതെ അതിക്രമിച്ചിരിക്കുന്നു. ഷോ പകുതി ആയിക്കാണും. ശാന്തമായ മനസ്സുമായി തിരിച്ചുള്ള യാത്ര.....

2011 ജൂലൈ 30, ശനിയാഴ്‌ച

നിശബ്ദതയുടെ രാഗം ..........

                          വേളത്തുനിന്ന്  അമേരിക്കയിലേക്ക്   -1  



 മീനാക്ഷി വളരെ ആകാംഷയിലാണ്. നാളുകളുടെ കാത്തിരിപ്പ്‌. മായാത്ത ഓര്‍മയില്‍ആകും ചിലപ്പോള്‍. സ്വയം സംസാരിക്കും , ഇന്ന് അവള്‍ ഭര്‍ത്താവിന്റെ അടുത്തേക്ക് പോവുകയാണ് . കുറെ മാസങ്ങളുടെ വേര്‍പാടിന് ശേഷം.അവളോട്‌ ചോദിച്ചാല്‍ മാസമല്ല ദിവസങ്ങളാണ് അവള്‍ക്കു തിട്ടം. ഇന്ന് കോഴിക്കോട് നിന്ന് ദുബായ് ലേക്ക് , ദുബായില് നിന്ന് ബോസ്ടോന്‍ ..അതാണ് യാത്ര.

മീനാക്ഷി ഇതുവരെ വിമാനത്തില്‍ കയറിയിട്ടില്ല. ആകാശത്ത് പറക്കുന്ന വിമാനത്തെ എന്നും അവള്‍ അസൂയയോടെ നോക്കാറുണ്ട്. എന്നെങ്കിലും കയറുമെന്ന് അവള്‍ രാഗിയോട് പറയാറുണ്ട്.

മീനാക്ഷി ഭര്‍ത്താവിനെ വിളിക്കുകയാണ്‌ . ഒടുങ്ങാത്ത സംശയം, ഭയം. ഷാജിയെട്ടാ വിമാനത്തില്‍ കയറിയാല്‍ മൂത്രം ഒഴിക്കാന്‍ പറ്റുമോ? അവര് ഇംഗ്ലീഷില്‍ വല്ലതും ചോദിച്ചാല്‍ എനിക്ക് മറുപടി പറയാന്‍ പറ്റുമോ? അമേരിക്കകാരുടെ ചോറ് എനിക്ക് പിടിക്കുമോ? സംശയം ഇങ്ങനെ നീളുന്നു ...ഷാജിക്ക് പൊറുതി മുട്ടി. ഇന്ന് അഞ്ചാമത്തെ തവണയാണ് അമേരിക്കയിലേക്ക് ഫോണ്‍ വിളിച്ചു മൂത്ര സംശയം മാറ്റുന്നത്. ക്ഷമ നശിച്ച ഷാജി  പറഞ്ഞു രഹിമിനോട് ഞാനൊരു കോളാമ്പി എടുക്കാന്‍ പറഞ്ഞിട്ടുണ്ട്. മൂത്രശങ്ക തോന്നുമ്പോള്‍ രഹിമിനോട് പറഞ്ഞാല്‍ മതി.

റഹിം ഷാജിയുടെ കൂടെ അമേരിക്കയില്‍ ജോലിചെയ്യുന്ന ആളാണ്. അയാള്‍ അവധിക്കു നാട്ടില്‍ വന്നതാണ്‌. മീനാക്ഷി അയാളുടെ കൂടെയാണ് അമേരിക്കയിലേക്ക് യാത്രയാകുന്നത്.

സ്വന്തമായി വരാന്‍ ഷാജി പലതവണ പറഞ്ഞതാണ്‌ , കേള്‍ക്കണ്ടേ...വഴിക്ക് വച്ച് വിമാനത്തിന്റെ പെട്രോള്‍ തീര്‍ന്നു ആകാശത്ത് നിര്തിയിടെന്റി വന്നാലോ !!!വഴിയെ പോകുന്ന വിമാനത്തിന്റെ ബോര്‍ഡ്‌ വായിച്ചു അമേരിക്കയിലെത്താന്‍ മീനാക്ഷി കഷ്ടപ്പ്പെടില്ലേ.!! എന്നും പറഞ്ഞു ഷാജി എന്നും മീനാക്ഷിയെ കളിയാക്കിയിരുന്നു...

സമയം രാത്രി ഒമ്പത് മണി. മീനാക്ഷി  ടെന്‍ഷനില്‍ ആണ്. രഹിമിനെ കാണാനില്ല. കൂടാതെ റഹിം എങ്ങിനെ ഉള്ള ആളാണെന്ന് അവള്‍ക്ക് അറിയില്ലല്ലോ. നാട്ടിലുള്ള ചില ചെക്കന്മാരെ പോലെ ആകാതിരുന്നാല്‍ മതിയായിരുന്നു...തോണ്ടലും പിടിക്കലും ചിലവന്മാരുടെ ഒരു ഹോബ്ബ്യ. ..അടുത്തുള്ള അനിയത്തിയോട് മീനാക്ഷി..

ആ കാത്തിരിപ്പു മീനാക്ഷിയെ ബാത്‌റൂമില്‍ എത്തിച്ചു..അവസാനം റഹിം വന്നു..കറുത്ത് ഇരുണ്ട നിറം. കൂടാതെ കഷണ്ടി. ഗ്ലാമര്‍ തീരെയില്ല. മട്ടുകണ്ടിട്ടു മീനാക്ഷിക്ക് തീരെ പിടിച്ചിട്ടില്ല. എന്തുചെയ്യാനാ വേറെ വഴിയില്ലല്ലോ. കിട്ടിയതുകൊണ്ട് തൃപ്തി പ്പെടാമെന്ന ഭാവത്തില്‍ മീനാക്ഷി രഹിമിന്റെ കൂടെ കൂടി.

രണ്ടു പേരും കൂടി ലെഗ്ഗെജു ചെക്കിങ്ങിനു പോയി. റഹിം എന്തുചെയ്യുന്നുവോ അതെ പോലെ മീനാക്ഷിയും ചെയ്തു. കൂടെ വന്നവരെ മീനാക്ഷി മറന്നു. റഹിം എന്ത് ചെയ്യുന്നുവോ അതിലാണ് ശ്രദ്ധ. കാണുന്നവര്‍ കരുതും മീനാക്ഷിക്ക് കോപ്പിയടി നല്ല ശീലമാണെന്ന്. ചെക്കിന്‍ കഴിഞ്ഞു ബോഡിംഗ് പാസ്സുമായി രണ്ടുപേരും മുന്നോട്ടു നീങ്ങി. മുന്നില്‍ രഹിം പിന്നിലായി മീനാക്ഷി. ഉറുമ്പുകള്‍ അവരുടെ മുന്‍ഗാമി യുടെ പ്രിഷ്ടം നോക്കി എങ്ങിനെ പിന്തുടരുന്നുവോ അതേപോലെ ആയിരുന്നു രഹിമിന്റെ പിന്നാലെ മീനാക്ഷി.


ഒരുനേരം മീനാക്ഷിയുടെ കണ്ണുകളെ അവള്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എന്തോ കണ്ടു പേടിച്ചത് മാതിരി അവള്‍ പിന്നോട്ടേക്ക് ഓടി. രഹിമിനെ പിന്തുടര്‍ന്നു അവള്‍ ചെന്ന് കയറിയത് ജെന്റ്സ് ടോയ്ലെറ്റില്‍ ആയിരുന്നു. കയറിയ ഉടനെ കുറെ ഭ്രാന്തമായ കണ്ണുകള്‍ അവളുടെ മുകളില്‍ പതിഞ്ഞു. എന്തോ കണ്ടു കണ്ടില്ല എന്ന മട്ടില്‍ അവള്‍ പിന്തിരിഞ്ഞോടി. രഹിമിനെ കാത്തു ,ഒരു കാവല്‍ ഭടനെ പോലെ , ജെന്റ്സ് ടോയ്ലെട്ടിനു മുന്നില്‍ ....ടോയ്ലെറ്റില്‍ നിന്ന് വരുന്നവരുടെ മുഖത്ത് നാണം കവര്‍ന്ന ഒരു ചിരി മീനാക്ഷി ശ്രദ്ധിച്ചു.

 കാത്തിരിപ്പിനൊടുവില്‍ വിമാനത്തില്‍ കയറാനുള്ള വിളംബരം വന്നു. കാലങ്ങളായുള്ള ആഗ്രഹം. വിമാനത്തിന്റെ ഒച്ചകേട്ടാല്‍ മതി ഓടി വന്നു ആകാശത്തെ ആ രാജകുമാരനെ  നോക്കിനില്‍ക്കും. ഇന്ന് അവന്റെ കൂടെയാണ് യാത്ര. അവന്റെ മാരില്‍ ചവിട്ടി ഇരിപ്പിടത്തില്‍ സ്ഥാനം പിടിച്ചു. അവള്‍ക്കു അവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല.വരിക്കച്ചക്ക പോലെ വിരിഞ്ഞ എയര്‍ ഹോസ്ടസ്സുമാര്. ജ്യൂസ് വേണോ പാല് വേണോ ....ഒരു നിമിഷം ഞാന്‍ സ്വര്‍ഗതിലാണോ, മാലാഖമാര്‍ തന്നെ സല്ക്കരിക്കുകയാണോ എന്ന് മീനാക്ഷിക്ക് തോന്നി.

സന്തോഷത്തിനു അന്ത്യം പറഞ്ഞുകൊണ്ട് ഒരു സ്ത്രീ മീനാക്ഷിയുടെ മുന്നില്‍ വന്നു നിന്ന്നു . പഴകിയ വസ്ത്രം ധരിച്ച അവരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കി. കയ്യില്‍ തുണി പൊതിഞ്ഞ ഒരു ഭാണ്ടമുണ്ട്. കമ്മലോ മാലയോ ഒന്നുമില്ല. മുഖത്ത് ചായവുമില്ല. മുഷിഞ്ഞതാനെങ്കിലും സാരി അവരെ ഭാരതീയ എന്ന് വിളിച്ചു പറയിച്ചു. കുഴിഞ്ഞ കണ്ണുകളിലൂടെ അവള്‍ എന്തോ പറയുന്നുണ്ടായിരുന്നു, കേള്‍ക്കാന്‍ആരുമില്ല എന്ന് മാത്രം. അടുത്തുവന്ന മാലാഖയോട് അവള്‍ തന്റെ ബോഡിംഗ് പാസ്‌ നീട്ടി. മാലാഖ തിരിഞ്ഞു നോക്കാതെ പോയി. അവര്‍ തന്റെ ഇരിപ്പിടം തിരയുകയാണ്. അവസാനം വന്ന മാലാഖ അവരെ ഇരുത്തി. 



സുന്ദരിയെ കാത്തുനിന്ന യുവാവിനു നഷ്ടസ്വപ്നമായി ആ സ്ത്രീ അയാളുടെ അടുത്തിരുന്നു. കയ്യിലുണ്ടായ ഭാണ്ഡം അവര്‍ കൈവിട്ടതുമില്ല. എല്ലാം കണ്ടുകൊണ്ടു മീനാക്ഷി ഇരിക്കുന്നുണ്ടായിരുന്നു. പറഞ്ഞയച്ചവര്‍ നല്ല ഒരു സാരിയോ ബാഗോ ആ സ്ത്രീക്ക് വാങ്ങിക്കൊടുക്കായിരുന്നെന്നു മീനാക്ഷി പിറുപിറുത്തു. ലെഗ്ഗെജ് കാബിനില്‍ ഭാണ്ഡം എടുത്തു വെക്കാന്‍ മീനാക്ഷി ആ സ്ത്രീയോട് ആംഗ്യം കാണിച്ചു. അവര്‍ക്ക് മനസ്സിലായില്ല. അവര്‍ ചുറ്റുപാടും നോക്കി. ക്ഷമ നശിച്ച മീനാക്ഷി രഹിമിനോട് അവരെ സഹായിക്കാന്‍ അഭ്യര്‍ഥിച്ചു. ഉറക്കച്ചടവിലായിരുന്ന രഹിം സ്ത്രീയെ നോക്കി നോക്കിയില്ല എന്ന ഭാവത്തില്‍ ഉറക്കത്തിലേക്കു അലിഞ്ഞു വീണു.

കെട്ടിപ്പിടിച്ച ഭാണ്ഡത്തില്‍ തലവച്ചു കിടക്കാന്‍ പോയ സ്ത്രീയോട് മീനാക്ഷി ആംഗ്യം തുടര്‍ന്നു. മാലാഖ ജ്യുസും പാലുമായി ആ സ്ത്രീയെ സമീപിച്ചു. മാലാഖയുടെ ദേവഭാഷ അവര്‍ക്ക് മനസ്സിലായില്ല. അവര്‍ ഒന്നും മിണ്ടിയില്ല.

വെള്ളത്തില്‍ നിന്നും കരയില്‍ പിടിച്ചിട്ട പരലിനെ പോലെ മീനാക്ഷിക്ക് ആ സ്ത്രീയെ കണ്ടപ്പോള്‍ തോന്നി. അവസാനം മീനാക്ഷി തുനിഞ്ഞിറങ്ങി. സ്തീയുടെ അടുത്തുചെന്നു കൈ പിടിച്ചു. ക്ഷീണിച്ച അവരുടെ കൈയില്‍ നിന്ന് ഭാണ്ഡം എടുത്തു ലഗേജ് കാബിനില്‍ വച്ചു. നഷ്ടപ്പെട്ട സഹായം എവിടെ നിന്നോ തിരികെ കിട്ടിയത് പോലെ ആ സ്ത്രീ ക്ക് തോന്നി. വാക്കുകള്‍ കൊണ്ട് നന്ദി പ്രകാശനം നടത്താനൊന്നും അവര്‍ക്ക് അറിയില്ലായിരുന്നു. എന്നാലും ആ കണ്ണുകള്‍ മീനാക്ഷിയോട് നന്ദി പറഞ്ഞു.

മീനാക്ഷിയുടെ യാത്രയില്‍ മോഹന്‍ലാലും മമ്മുട്ടിയും ഓടിക്കൊണ്ടിരുന്നു. എല്ലാ സിനിമകളും കണ്ടു തീര്‍ക്കാന്‍ സമയമില്ലല്ലോ എന്ന സങ്കടത്തിലായിരുന്നു അവള്‍. സിനിമയുടെ തിരക്കിലും ആ സ്ത്രീ യുടെ കാര്യം മീനാക്ഷി മറന്നില്ല. മാലാഖ മാര്‍ കൊണ്ടുവരുന്ന ഭക്ഷണം താന്‍ എടുക്കുകയാണെങ്കില്‍ അവര്‍ക്കും ഒന്ന് വച്ച് നീട്ടും.

മൂത്രമൊഴിക്കാന്‍ മുട്ടിയപ്പോള്‍ മീനാക്ഷിക്ക് ഷാജി ഏട്ടന്റെ തമാശ ഓര്‍ത്തു ചിരി വന്നു. രഹിം നല്ല ഉറക്കത്തിലാണ്. ആ സ്ത്രീയോട് മീനാക്ഷി മൂത്രം ഒഴിക്കണോ എന്ന് ചോദിച്ചു. പകച്ചു നിന്ന സ്ത്രീ ഒന്നും മിണ്ടിയില്ല. മീനാക്ഷി കാര്യം സാധിച്ചു വന്നു ഉറക്കമായി.

അമേരിക്കന്‍ സമയം കണക്കാക്കി ഉറങ്ങാന്‍ പറഞ്ഞ ഷാജിയുടെ വാക്ക് മീനാക്ഷി തെറ്റിച്ചില്ല. ഉറക്കത്തിലേക്കു വഴുതി വീഴാന്‍ തുടങ്ങിയപ്പോള്‍ ആ സ്ത്രീ  കുലുക്കി വിളിക്കുന്നു.  അവര്‍ക്ക് മൂത്രം ഒഴിക്കണമെന്നു. മീനാക്ഷി അവരെയും കൂട്ടി വാഷ്‌ റൂമില്‍ പോയി.

മീനാക്ഷിയിലൂടെ അവര്‍ ഒരു സുരക്ഷിതത്വം അനുഭവിക്കുന്നുണ്ടായിരുന്നു. ഉറക്കത്തിലേക്കു വീഴുമ്പോഴും ആ സ്ത്രീ ക്ഷീണിച്ച കണ്ണുകള്‍ കൊണ്ട് മീനാക്ഷിയെ ഇമവെട്ടാതെ നോക്കിക്കൊണ്ടിരുന്നു. എപ്പോഴാണ് ഉറങ്ങിയത് എന്നറിയില്ല. കണ്ണ് തുറന്നപ്പോള്‍ ബോസ്റ്റണില്‍ എത്തിയെന്ന അനൌന്‍സ്മെന്റ് ആയിരുന്നു.

കണ്ണുകള്‍ തുറന്നു നോക്കിയപ്പോള്‍ ആ സ്ത്രീ മീനാക്ഷിയെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു, മീനാക്ഷി ഷാജിയെട്ടനെ കാണാനുള്ള തിരക്കിലും. ബാഗ്‌ ഒക്കെ എടുത്തു തയ്യാറായി ഇരുന്നു. അതിനിടയില്‍ ആരോ ആ സ്ത്രീക്ക് ഭാണ്ഡം എടുത്തു കൊടുത്തു. എല്ലാവരും വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങി. മറ്റുള്ളവരെ തട്ടിമാറ്റി രഹിമിന്റെ കൂടെ മീനാക്ഷിയും മുന്നോട്ടു പോയി.


"പോര്‍ട്ട്‌ ഓഫ് എന്‍ട്രി" യുടെ അടുത്ത് എത്തിയപ്പോഴാണ് ആ സ്ത്രീ യുടെ കാര്യം മീനാക്ഷി ക്ക് ഓര്മ വന്നത്. മറ്റൊരു ക്യു വില്‍ തന്നെയും നോക്കി ഒതുങ്ങി നില്‍ക്കുന്ന അവരെ മീനാക്ഷി ആംഗ്യം കാണിച്ചു വിളിച്ചു. അവരുടെ മുഖത്ത് സന്തോഷത്തിന്റെ ഒരു മിന്നല്‍ മീനാക്ഷി കണ്ടു. വര്‍ഷങ്ങള്‍ക്കു മുന്‍പ് നഷ്ടപ്പെട്ട തന്റെ മകളെ തിരിച്ചുകിട്ടി എന്ന ഭാവത്തില്‍ അവര്‍ ഓടിവന്നു. കസ്റ്റെമ്സില് മീനാക്ഷി അവരെ സഹായിച്ചു. കസ്റ്റെംസ് കഴിഞ്ഞു പോകുമ്പോള്‍ അതാ ഷാജിയേട്ടന്‍ മുന്നില്‍. മീനാക്ഷി യെ ഷാജി യുടെ കയ്യില്‍ ഏല്പിച്ചു രഹിം യാത്രയായി. കോളാമ്പി കൊണ്ടുവരാന്‍ രഹിം മറന്നില്ലല്ലോ എന്ന് ചോദിച്ചു കളിയാക്കുമ്പോള്‍ മീനാക്ഷി ആ സ്ത്രീ യുടെ കാര്യം ഓര്‍ത്തു.

സ്ത്രീയുടെ കൂടെ ആഡംബര വസ്ത്രധാരി കളായ രണ്ടുപേരുണ്ട്. ആ സ്ത്രീയുടെ  മുഖത്ത് സന്തോഷമില്ലെങ്കിലും അവര്‍ മീനാക്ഷിയെ ഇമവെട്ടാതെ നോക്കുന്നുണ്ടായിരുന്നു. എന്തെന്നറിയില്ല....മീനാക്ഷിയുടെ മനസ്സില്‍ നിശബ്ദത യുടെ രാഗം അലയടിക്കുന്നുണ്ടായിരുന്നു.



ഗുരു പൂജ

മാറിയ വിലാസത്തിനും മാറിയ പുരയിടത്തിനും മാറ്റാൻ പറ്റാത്ത ഗുണവിശേഷമുണ്ട്, അവളിൽ പഴിചാരപ്പെട്ട സ്വഭാവഗുണം.  പിൻ വഴിയിലെ പിറു പിറുക്കലും തുറിച്...