വേളത്തു നിന്നും അമേരിക്കയിലേക്ക്.......6
നിറങ്ങളുടെ കളഭം ചാര്‍ത്തി പ്രകൃതി പൂത്തുലഞ്ഞു നില്‍ക്കുന്ന ഓണക്കാലം പോയി എന്ന് പലരും കരുതുന്നു. പക്ഷെ ഓണം ആഘോഷിക്കാന്‍ എന്നും മിടുക്കരാണ് മലയാളികള്‍. അത് കേരളത്തില്‍ തന്നെ വളരെ വൈവിധ്യത്തോടെ ആഘോഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്നും നാനാത്വത്തില്‍ ഏകത്വം മുറുകെ പിടിക്കുന്ന കേരളീയന് ഓണത്തിന്റെ കാര്യത്തിലും മാറ്റം വരുത്തേണ്ടതില്ലല്ലോ. ഡിസ്കൌണ്ട് ഓണം , പെഗ് ഓണം, കാറ്ററിംഗ് ഓണം എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്.
ബോസ്ടനില്‍ ഓണം ഒരു ഒത്തു ചേരലിന്റെ ദിനം കൂടിയാണ്. ബോസ്ടനിലെ നൂറോളം കുടുംബങ്ങള്‍ ഓണദിനത്തില്‍ ലീവെടുത്ത് ഓണം ആഘോഷിക്കാന്‍ ഒത്തുചേരും. അന്ന് വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്ക് അവസാനമായി ഒരു ഓണസദ്യ. പ്ലാസ്റ്റിക് ഇല വടിച്ചു ഇറങ്ങിപോകുന്ന അച്ഛനമ്മമാര്‍ക്ക് അമേരിക്കയില്‍ ജനിച്ച ലഗോണ്‍ കുഞ്ഞുകള്‍ സദ്യ എങ്ങിനെ കഴിക്കണം എന്നറിയാതെ കഷ്ടപ്പെടുന്നത് ബോസ്ടനിലെ രസകരമായ ഒരു ഓണകാഴ്ച തന്നെയാണ്.
ബോസ്ടനിലെ ഓണാഘോഷ കമ്മറ്റിയില്‍ ഇപ്രാവശ്യം ഷാജി ഒരു പ്രധാന സ്ഥാനം വഹിക്കുന്നുണ്ട് . ഷാജിയുടെ ശബ്ദം ഓണാഘോഷ കമ്മറ്റിയില്‍ ഉയര്‍ന്നു കേട്ടു. ഷാജി ഉദ്ഘോഷിച്ചു, ഇപ്രാവശ്യത്തെ ഓണം നമുക്ക് കേമമാക്കണം. അത് ഏറ്റു പിടിച്ചു മറ്റുള്ളവര്‍ പ്രമേയം പാസാക്കി. ഡാന്‍സ് പഠിപ്പിക്കാനായി കലാമണ്ഡലം ശശിയെ ഷാജി നാട്ടില്‍ നിന്നും വിളിച്ചു വരുത്തി.
കലാമണ്ഡലം ശശി സ്ത്രൈണ ഭാവം പൂണ്ട ഒരു പുരുഷനായിരുന്നു. നടപ്പിലും സംസാരത്തിലും പ്രവര്‍ത്തിയിലും കലാമണ്ഡലം തന്റെ സ്ത്രൈണ ഭാവത്തിനു ഒരു കുറവും കാട്ടിയിരുന്നില്ല. ബോസ്ടനിലെ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പെട്ടെന്ന് സ്ത്രൈണ ഭാവം പൂണ്ട കലാമണ്ഡലം ദ്വിമുദ്രയില്‍ അഞ്ചു ഡോളര്‍ എടുത്ത് ടിക്കറ്റ് കൌണ്ടറില്‍ കൊടുത്തു. തിരികെ നല്‍കിയ രണ്ടു ഡോളര്‍ ചിന്മുദ്രയില്‍ വാങ്ങി കീശയില്‍ ഇട്ടു. മുഖത്താണെങ്കില്‍ ശൃംഗാരവും. കണ്ടു നിന്ന ടിക്കറ്റ് കൌണ്ടറിലെ സായിപ്പ് ഏക മുദ്രയില്‍ നമസ്കരിച്ചു. അങ്ങിനെ ശശിയുടെ സ്ത്രൈണഭാവം ബോസ്ടനിലെ മലയാളികള്‍ക്കിടയില്‍ ഒരു സംസാര വിഷയമായി.
കലാമണ്ഡലം പഠിപ്പിക്കാന്‍ ഉദ്ദേശിച്ചത് രണ്ടു ഡാന്‍സ് ഐറ്റം ആയിരുന്നു. ഒന്ന് സംഘ നൃത്തവും മറ്റൊന്ന് ഒപ്പനയും. ഒപ്പന ഇതുവരെ ആരും ഓണത്തിന് അവതരിപ്പിചിരുന്നില്ല. അത് കൊണ്ട് ഷാജിക്ക് നിര്‍ബന്ധം ഒപ്പനയിലയിരുന്നു. കൂടാതെ മീനാക്ഷിയെ ഒപ്പനയുടെ ക്യാപ്ടനും ആക്കി. ക്യാപ്ടന് അധ്വാനം കുറഞ്ഞ ജോലിയും ഷാജി സമ്മാനിച്ചു. ഒപ്പനയിലെ പുതു മണവാട്ടി.
പലദിവസങ്ങളിലും ഒപ്പന പ്രാക്ടീസിന് പലരും അപ്രത്യക്ഷമാകുമായിരുന്നു. ആ ദിവസങ്ങളില്‍ കലാമണ്ഡലം പൂര്‍ണ്ണ സ്ത്രൈണ ഭാവം പൂണ്ടു ഒപ്പനയുടെ ഭാഗമാകും. ആളുകളുടെ എണ്ണം തികച്ചിരുന്നത് കലാമണ്ഡലം ആയിരുന്നു. ഒപ്പന കളിച്ചിരുന്ന പങ്കജാക്ഷി പലപ്പോഴും പറയുമായിരുന്നു കലാമണ്ഡലം പലപ്പോഴും ഒപ്പനയില്‍ എകമുദ്രയും ദ്വിമുദ്രയും ഒപ്പനയുടെ കൈകൊട്ടലുമായി കൂട്ടിക്കുഴക്കുന്നു എന്ന്.
കലാമണ്ഡലത്തിന്റെ പരിചരണം ഷാജിയുടെ ഉത്തരവാദിത്വം ആയിരുന്നു. ഷാജി ആതിഥ്യ മര്യാദയില്‍ കാര്‍ക്കശ്യം കാണിച്ചു. ആതിഥ്യ മര്യാദയുടെ കാര്‍ക്കശ്യം കലാമണ്ഡലത്തിന്റെ സ്ത്രൈണത ഒരു പകര്‍ച്ച വ്യാധിയെ പോലെ ഷാജിക്ക് പിടിപെട്ടോ എന്ന് മീനാക്ഷിക്ക് തോന്നാറുണ്ടായിരുന്നു. കലാമണ്ഡലം ശശിയുടെ വരവ് മടിച്ചു നിന്ന മലയാളി കുടുംബങ്ങളെയും ഓണാഘോഷ പരിപാടിയിലേക്ക് അടുപ്പിച്ചു. ഓണ പരിപാടിയുടെ മെയിലിലും പോസ്ടരിലും കലാമണ്ഡലത്തിന്റെ ദ്വിമുദ്രയിലുള്ള ഫോട്ടോ പ്രദര്‍ശിപ്പിച്ചിരുന്നു. ഇത് കണ്ട മലയാളികള്‍ അല്ലാത്ത സമൂഹവും കലാമണ്ഡലത്തിന്റെ നൃത്ത വിരുന്നു കാണണം എന്ന് ആഗ്രഹിച്ചിരുന്നു.
കഠിന പരിശീലനങ്ങള്‍ക്കും വിളംബരങ്ങള്‍ക്കും ഒടുവിലായി ഓണ പരിപാടിയുടെ ദിനം വന്നു ചേര്‍ന്നു. മലയാളി ആണുങ്ങള്‍ പാന്റും ഷര്‍ട്ടും ഊരി വച്ച് മുണ്ടും ജുബ്ബയും , പെണ്ണുങ്ങള്‍ ശരീര വളര്‍ച്ച പ്രതിധ്വനിക്കുന്ന പാന്റും ടീ ഷര്‍ട്ടും ഊരിവച്ചു സെറ്റ് സാരിയും ഉടുത്ത് ഓണ പരിപാടിക്ക് വന്നു. സാരിയുടെ 'കെട്ടുറപ്പ്' സാരി ഉടുത്തു പരിചയമില്ലാത്ത മറുനാടന്‍ മലയാളി പെണ്ണുങ്ങള്‍ക്ക് എന്നും ഒരു ഭയമായിരുന്നു.
കലാമണ്ഡലം എപ്പോഴത്തെയും പോലെ ദ്വിമുദ്ര പിടിച്ചു തന്റെ ശിഷ്യ ഗണങ്ങളെ വന്ദിച്ചു. എല്ലാവരും പ്രസന്ന വദനത്തോടെ ഗുരുവിനെ വന്ദിച്ചു. പ്രസന്ന വദനം വിട്ടൊഴിഞ്ഞു മീനാക്ഷി മാത്രം ഒരു മൂലയില്‍ നില്‍ക്കുന്നുണ്ടായിരുന്നു. കലാമണ്ഡലം തന്റെ പ്രഥമ ശിഷ്യയുടെ വ്യഥയുടെ കാരണം തിരക്കി. മീനാക്ഷി വളരെ ഭവ്യതയോട് കൂടി ഗുരുവിനോട് പറഞ്ഞു പുതു മണവാട്ടിയായി ഒപ്പനയില്‍ ഞാന്‍ പങ്കെടുക്കില്ല എന്ന്. കേട്ടയുടന്‍ കലാമണ്ഡലം ഞെട്ടി. തന്റെ പ്രഥമ ശിഷ്യയും ഒപ്പനയുടെ ക്യപ്ടനുമായ താന്‍ പുതുമണവാട്ടിയാകാതെ എങ്ങിനെ ഒപ്പന നടത്താനാകും. മീനാക്ഷി പക്ഷെ പുറകോട്ടു പോയില്ല. തനിക്കു മണവാട്ടിയാകാന്‍ പറ്റില്ല എന്ന് തീര്‍ത്തു പറഞ്ഞു. കലാമണ്ഡലം മണവാട്ടിയില്ലാത്ത ഒപ്പനയുടെ അപ്രയോഗികതയെ പറ്റി പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു കൊണ്ട് പൂര്‍ണ്ണമായി സ്ത്രൈണ ഭാവം പൂണ്ടു സെന്റിയില്‍ മുഴുകി. കലാമണ്ഡലത്തിന്റെ സെന്ടിമെന്റ്സില്‍ അലിഞ്ഞ മീനാക്ഷി ഗുരുവിനോട് ചോദിച്ചു. മണവാട്ടിക്കു ഇരിക്കാതെ സ്റ്റേജില്‍ നിന്ന് ഒപ്പന കളിയ്ക്കാന്‍ ആകുമോ? ഒരിക്കലും സംഭവിക്കാത്തതും പ്രയോഗികമല്ലാതതുമായ ഒരു ആവശ്യമാണ് മീനാക്ഷി ഉന്നയിച്ചിരിക്കുന്നത്. ഗുരുവിനു അറിയേണ്ടത് മണവാട്ടി ഇരിക്കാതെ നിന്ന് കൊണ്ട് ഒപ്പന കളിക്കണം എന്ന ആവശ്യത്തിന്റെ ചേതോവികാരമായിരുന്നു.
അല്പം ലജ്ജയോടെ മീനാക്ഷി കലാമണ്ഡലത്തിന്റെ ചെവിയില്‍ എന്തോ മന്ത്രിച്ചു. കേട്ടയുടന്‍ കലാമണ്ഡലം ലജ്ജയോടെ ഒപ്പനക്കാരോട് പറഞ്ഞു. ഇന്നത്തെ ഒപ്പന നമ്മള്‍ അല്പം വ്യത്യാസം വരുത്തി , മണവാട്ടി നിന്ന് കൊണ്ടാണ് ഒപ്പന കളിയ്ക്കാന്‍ ഉദ്ദേശിക്കുന്നത്. മീനാക്ഷി മണവാട്ടിയുടെ വേഷമണിഞ്ഞു നിന്ന് കൊണ്ട് സ്റ്റേജില്‍ ഒപ്പനക്കാര്‍ കൈകൊട്ടി. ഇത് ഒപ്പന ചരിത്രത്തില്‍ ആദ്യമായിരിക്കും ഒരു മണവാട്ടിക്കു ഇരിക്കാന്‍ കസേര ഇല്ലാതെ നിന്നുകൊണ്ട് കൂടെ ഉള്ളവര്‍ ഒപ്പന കളിക്കുന്നത്. ഒപ്പന കഴിഞ്ഞപ്പോള്‍ ആരും അടുത്തില്ല എന്ന് ഉറപ്പു വരുത്തി പങ്കജാക്ഷി ഗുരുവിനോട് ചോദിച്ചു. പെട്ടെന്ന് എന്താ നമ്മുടെ മണവാട്ടിയായ മീനാക്ഷിയെ നിന്നുകൊണ്ട് മണവാട്ടിയാകാന്‍ അനുവദിച്ച് ഒപ്പന നടത്തിയത്, നമ്മള്‍ പ്രാക്ടീസ് ചെയ്തത് അങ്ങിനെ അല്ലല്ലോ എന്ന്. അല്പം ലജ്ജ പൂണ്ട് സ്ത്രൈണ ഭാവത്തില്‍ തന്റെ വിരലുകള്‍ ദ്വിമുദ്രയില്‍ ആക്കികൊണ്ട് കൈകള്‍ പ്രിഷ്ഠ ഭാഗത്തേക്ക് ചലിപ്പിച്ചു. അതിനുശേഷം കൈമുദ്രകൊണ്ട് പ്രിഷ്ഠത്തിനു മുകളിലായി ഒരു മുഴ വരച്ചു കാണിച്ചു. കണ്ടു നിന്ന പങ്കജാക്ഷി ചിരി അടക്കാന്‍ വയ്യാതെ ഗ്രീന്‍ റൂമിലേക്ക് ഓടി. അങ്ങിനെ മീനാക്ഷിയുടെ മൂലക്കുരു രഹസ്യം നാട്ടിലെങ്ങും പാട്ടായി.




അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ