വേളത്തുനിന്നും അമേരിക്കയിലേക്ക് -3
ശാരീരിക ക്ഷമതയില്‍ വാചാലയായിരുന്ന മീനാക്ഷിക്ക് സ്വന്തം കാര്യത്തില്‍ കാര്‍ക്കശ്യം കാട്ടാന്‍ തീരെ മടിയാണ്. എന്നാലും ഒരുനാള്‍ തീരുമാനമായി ,സ്വന്തം ശരീരത്തിലെ പിത്തവും കഫവും കുറച്ചു യുവത്വം വീണ്ടെടുക്കാന്‍ . കണ്ടുപിടിച്ച വഴിയോ , വൈകുന്നേരങ്ങളിലെ നടത്തം. എന്നും വൈകുന്നേരം കാണാം തടാകത്തിന് ചുറ്റും പട്ടാളക്കാരെ വെല്ലുന്ന പ്രകടനം. മീനാക്ഷിയുടെ കാര്യത്തില്‍ വാഗ അതിര്‍ത്തിയിലെ പട്ടാളക്കാര്‍ പോലും തലകുനിക്കും.
വൈകുന്നേരങ്ങളിലെ നടത്തം മീനാക്ഷിക്ക് ഒരു പ്രത്യേക ഉത്തേജനം ഏകുന്നതായിരുന്നു. തടാകത്തിനു ചുറ്റും നടക്കാന്‍ എത്തുന്ന ആളുകള്‍ , തടാകത്തിലെ അരയന്നങ്ങളും താറാവുകളും, പട്ടികളെ പരിശീലിപ്പിക്കുന്ന ഒരു കൂട്ടം ആളുകള്‍, ഇളം ചുടു കാറ്റ് . അതില്‍ അവളെ ഏറ്റവും ആകര്‍ഷിച്ചത് മീന്‍ പിടുത്തക്കാര്‍ ആണ്.
മീന്‍ പിടുത്തക്കാര്‍ തങ്ങളുടെ ഇരിപ്പിടത്തില്‍ ആസ്വദിച്ചു , തികഞ്ഞ ആത്മാര്‍ഥതയോടെ ചൂണ്ടയിട്ടു ഇരിപ്പാണ്. ചൂണ്ടയില്‍ കുടുങ്ങിയ മീനിനെ പൂര്‍ണ്ണ രക്ഷ ഉറപ്പാക്കി തിരിച്ചു വെള്ളത്തിലേക്ക് ഇടുകയായിരുന്നു ഈ മത്സ്യ സ്നേഹികള്‍. തലകുലുക്കി വെള്ളത്തിലേക്ക് തിരികെ നീന്തുന്ന പിടിക്കപ്പെട്ട മീനിനെ കണ്ടാല്‍ രാഷ്‌ട്രപതി കൊലക്കയര്‍ ശിക്ഷ ഇളവു ചെയ്ത ഒരു പ്രതിയുടെ ആര്‍മാദവസ്തയില്‍ ആയിരിക്കും. മീനാക്ഷിക്ക് പലപ്പോഴും തോന്നാറുണ്ട്, പിടിക്കപ്പെട്ട മീനുകള്‍ ഒരു സമ്മേളനം വിളിച്ചു മറ്റുള്ള മീനുകളോട് മീന്‍ പിടുത്തക്കാരെ പ്രകീര്തിക്കുമെന്ന്. എന്നാല്‍ സമ്മേളനത്തിന് എത്തുന്ന കൊച്ചു മീനുകള്‍ എന്നും ചോദ്യത്തിന്റെ ഒരു ഭാണ്ഡം തുറന്നു വിടും. അതിലെ ലളിതമായ ഒരു ചോദ്യം ഇതായിരിക്കും, മത്സ്യ സ്നേഹികള്‍ എന്തിന് ഈ ചോര തുപ്പുന്ന മുറിവുകള്‍ ചൂണ്ടയുടെ കൊക്ക കൊണ്ട് മത്സ്യങ്ങള്‍ക്ക് സമ്മാനിക്കുന്നു എന്ന്.!
എന്നും മീനാക്ഷി നടത്തത്തിനു ഇറങ്ങുമ്പോള്‍ ഒരു കറുമ്പന്‍ തടാകത്തിന്റെ ആരുമില്ലാത്ത ഒരു മൂലയില്‍ ഇരുന്നു മീന്‍ പിടിക്കുന്നുണ്ടാവും. അടുത്തെത്തുമ്പോള്‍ മീനാക്ഷി അയാളെ നോക്കി ഒന്ന് പുഞ്ചിരിക്കും. തിരിച്ചും ഒരു പുഞ്ചിരി സൗജന്യമായി കറുമ്പന്റെ വക. മീനാക്ഷിക്ക് മീന്‍ പിടിക്കാന്‍ ഒരു ആഗ്രഹം. ഈ ചൂണ്ട എവിടുന്നു കിട്ടും. ഒരു മുഴുമീനിനെ പിടിച്ചു കൊടം പുളിയിട്ടു വറ്റിക്കണം എന്ന് അവള്‍ കരുതിക്കാണും. അപ്രതീക്ഷിതമായി കറുമ്പന്‍ ഒരുദിവസം സല്ലാപത്തിന് വന്നു. കണ്മഷിയിട്ടാല്‍ തിരിച്ചറിയാന്‍ പ്രയാസമായ കറുപ്പ്, തുടുത്ത ചുണ്ടുകള്‍, മൂക്കിന്റെ ദ്വാരം ഗുഹകളെ ഓര്‍മിപ്പിച്ചു. ആരുകണ്ടാലും ഒന്ന് ഭയക്കും. അടുത്തുള്ള ഇന്ത്യക്കാര്‍ക്ക് മീനാക്ഷിയും കറുമ്പനും സംസാരിക്കുന്നതു ഇഷ്ടപ്പെട്ടില്ല എന്ന് തോന്നും.
മീനാക്ഷിക്ക് അറിയേണ്ടത് മീനിനെ ചൂണ്ടയിട്ടു പിടിക്കുന്ന വിദ്യ ആയിരുന്നു. കറുമ്പന്‍ അത് പഠിപ്പിക്കാന്‍ വളരെ സന്നദ്ധനും. കറുമ്പന്‍ വിദ്യ പറഞ്ഞു കൊടുക്കുന്ന ഒരു നല്ല അധ്യാപകനായി. അധ്യാപകനും വിദ്യാര്‍ത്ഥിയും എന്നും മീന്‍ സല്ലാപത്തില്‍ മുഴുകും. ചില ദിവസങ്ങളില്‍ പിടിക്കപ്പെട്ട മീനിനെ തിരികെ വെള്ളത്തിലേക്ക് അയക്കും മുന്‍പ് കറുമ്പന്‍ മീനാക്ഷിയോട് ചോദിക്കും, തനിക്ക് വേണോ എന്ന്. അവിടെ മീനാക്ഷി പിന്‍ തുടര്‍ന്നത് ഇരട്ടത്താപ്പ് നയം ആയിരുന്നു. ഒരു വശം കൊടമ്പുളി ഇട്ട കറി, മറുവശം ഷാജിഎട്ടന്റെ വിരുന്നു.
ഷാജിക്ക് കറുമ്പന്‍ മാരെ തീര്‍ത്ത അവഹേളനമായിരുന്നു. അമേരിക്കയില്‍ ഉണ്ടാകുന്ന കുറ്റകൃത്യങ്ങളില്‍ ഏറിയ പങ്കും വഹിച്ചിരുന്നത് ആഫ്രിക്കന്‍- അമേരിക്ക ക്കാരാണെന്ന് ഷാജി വിശ്വസിച്ചു പോന്നു.
അപ്രതീക്ഷിതം എന്ന് പറയട്ടെ ഒരു ദിവസം മെയിന്റനന്‍സ് നു അതേ കറുമ്പന്‍ മീനാക്ഷിയുടെ വീട്ടില്‍ വന്നു. കറുമ്പനും മീനക്ഷിക്കും വിശ്വസിക്കാനാവാത്ത നിമിഷം ആയിരുന്നു അത്. അപ്പോഴാണ് കറുമ്പന്‍ മീനാക്ഷി യുടെ അതേ apartment ല് ആണ് ജോലി ചെയ്യുന്നതെന്ന് മീനാക്ഷി ക്ക് മനസ്സിലായത്. മീനാക്ഷിക്ക് apartment കാരോട് എപ്പോഴും ഒരു കാര്യത്തില്‍ രോഷം തോന്നിയിരുന്നു. മെയിന്റനന്‍സ് എന്ന പേരില്‍ അവര്‍ apartment ന്റെ ഒരു താക്കോല്‍ കയ്യില്‍ വച്ചിരുന്നു. ആ താക്കോല്‍ ഉപയോഗിച്ച് അവര്‍ വാതില്‍ തുറന്നു അകത്തു കടന്നു തങ്ങളുടെ ജോലി ചെയ്തിരുന്നു. അതിനു അവര്‍ക്ക് വീടുകാരുടെ അനുവാദം വാങ്ങണം എന്നില്ല. ഇത് ഭയന്ന ഷാജി എന്നും ഉള്ളില്‍ നിന്നും വാതിലിനു ലോക്ക് ചെയ്യാവുന്ന സംവിധാനം നിര്‍മ്മിക്കണം എന്ന് എപ്പോഴും കരുതിയിരുന്നു. ഷാജി എന്നും മീനാക്ഷിയുടെ നിസ്സംഗതയെ ഭയന്നിരുന്നു.
കറുമ്പന്‍ വളരെ ശാന്തനായിരുന്നു. തികച്ചും തന്റെ ഔദ്യോഗിക ഭാവത്തില്‍ മീനാക്ഷിയുടെ വീട്ടില്‍ വന്നു സുഖവിവരങ്ങള്‍ തിരക്കി. കറുമ്പന് മീനാക്ഷിയുടെ ആതിഥ്യ മര്യാദ തികച്ചും ബോധിച്ചു. കറുമ്പന്‍ തന്റെ ഔദ്യോഗിക പ്രക്രിയയില്‍ പ്രവേശിച്ചു. മീനാക്ഷിയുടെ കുളിമുറിയുടെ വാഷ്ബൈസിനില്‍ നിന്നും വെള്ളം ശരിക്ക് വരുന്നില്ല എന്നതായിരുന്നു പ്രശ്നം. കുറെ നേരം അയാള്‍ അതില്‍ എന്തൊക്കെയോ പണി ചെയ്തു. കുറച്ചു കഴിഞ്ഞ് അയാള്‍ മീനാക്ഷിയുടെ അടുത്ത് വന്നു കാര്യം പറഞ്ഞു. "പ്രയത്നിച്ചു, പക്ഷെ പരിഹാരം കണ്ടില്ല". നാളെ വന്നു ശരിയാക്കാം എന്ന് പറഞ്ഞു സംഭാഷണത്തില്‍ മുഴുകി.
കറുമ്പന് മീനാക്ഷിയുടെ കാര്യങ്ങള്‍ ഓരോന്നായി അറിയണമായിരുന്നു. കറുമ്പന്റെ ചോദ്യങ്ങള്‍ക്ക് മീനാക്ഷി വാചാലയായി. മീനാക്ഷിയുടെ ഒരേയൊരു കൂട്ട് ഇന്റര്‍നെറ്റ് ലെ സൗഹൃദ കൂട്ടായ്മയായ ഫേസ് ബുക്ക് ആയിരുന്നു. അവളുടെ ദൈനംദിന പ്രക്രിയകളില്‍ പകുതി സമയവും അവള്‍ ചിലവഴിച്ചത് ഫേസ് ബുക്കില്‍ ആണ്. കൂടാതെ അവള്‍ കാണുന്നത് തടാകത്തിനു ചുറ്റുമുള്ള വളരെ ചുരുങ്ങിയ ആളുകളെ മാത്രം. തികച്ചും ഒറ്റപ്പെട്ട പകലുകലയിരുന്നു ഷാജി ജോലിക്ക് പോയതിനു ശേഷം അവള്‍ക്കു ഉണ്ടായിരുന്നത്. അവള്‍ എന്നും കരുതും, അമേരിക്കകാര്‍ ഭര്‍ത്താവിന് ജോലി കൊടുത്ത് അവരുടെ ഭാര്യ ജോലി ചെയ്യരുത് എന്ന ഒരു നിയമവും ഉണ്ടാക്കി ഒരു വിഭാഗത്തെ വഞ്ചിക്കുകയല്ലേ എന്ന്. കറുമ്പന്റെ സൗഹൃദം മീനാക്ഷിക്ക് തന്റെ നിഷ്ക്രിയത്വത്തിന്റെ ഭന്ജനം ആയിരുന്നു.
കറുമ്പന് അറിയേണ്ടത് നൂറുകൂട്ടം കാര്യങ്ങളാണ്. രാജ്യം, യാത്ര, ഭര്‍ത്താവ്, കുട്ടികള്‍, ജോലി,..... മീനാക്ഷി എന്ന പേര്‍ കറുമ്പന്റെ നാവില്‍ വഴങ്ങാന്‍ പ്രയാസമായിരുന്നു. അതിനാല്‍ മീനാക്ഷി ചുരുക്കി മീനു എന്ന് പറഞ്ഞുകൊടുത്തു. കറുമ്പന് തികച്ചും വ്യത്യസ്തമായ ഒരു version കണ്ടെത്തി. അതാണ് ബീനു. ബീനു എന്ന് വിളിക്കുമ്പോള്‍ പഴചക്ക യുടെ മാധുര്യം കറുമ്പന്റെ മുഖത്തു പ്രസന്നമായിരുന്നു.പറഞ്ഞു തീരും മുമ്പ് കറുമ്പന് അപ്പാര്‍ട്ട്മെന്റ് ഓഫീസില്‍ നിന്നും ഫോണ്‍ വന്നു. യാത്രയായി. എന്തായാലും നാളെ കാണാമല്ലോ എന്ന ആശ്വാസത്തില്‍ ആയിരുന്നു കറുമ്പനും മീനാക്ഷിയും . ഒരു black and white ചിത്രം പോലെ മീനാക്ഷി സ്വപ്നത്തില്‍ മുഴുകി. പക്ഷെ ഫ്രൈമില്‍ എപ്പോഴും കറുമ്പന് മുഴച്ചു നിന്നു. ഫ്രൈമില് യോജിക്കാത്ത പ്രകൃതം. കറുപ്പിന്റെ അതിപ്രസരം കറുമ്പനെ ഒപ്പിയെടുക്കാന്‍ സ്വപ്നങ്ങള്‍ പണിപ്പെട്ടു.
എന്തെന്നില്ലാത്ത ആകാംഷയോടെ ഷാജിയോട് മീനാക്ഷി കറുമ്പന്റെ കണ്ടുമുട്ടല്‍ മുഴുവിക്കാത്ത ഒരു വാക്യം പോലെ പറഞ്ഞു കൊടുത്തു. പാതി കേട്ടയുടന്‍ ഷാജിയുടെ ഭാവം മാറി. ഷാജിക്ക് മീനാക്ഷിയോട് എന്തെന്നില്ലാത്ത ദേഷ്യം വന്നു. ഷാജിയുടെ അഭിപ്രായത്തില്‍ മീനാക്ഷി വേണ്ടാത്ത സൗഹൃദം സൃഷ്ടിക്കുകയാണെന്നും അത് ഭാവിയില്‍ വിഷമ ഘട്ടത്തില്‍ അവസാനിക്കുമെന്നും ആയിരുന്നു. ഷാജി വീണ്ടും വീട്ടിന്റെ ഉള്ളില്‍ നിന്നും അടച്ചു ഭദ്രമാക്കുന്ന ലോക്കിനെ പറ്റി ആലോചിക്കാന്‍ തുടങ്ങി. മീനാക്ഷി ശരിക്കും വിഷമ ഘട്ടത്തിലായി.
അടുത്ത ദിവസം ഷാജി വളരെ വൈകിയാണ് ഓഫീസില്‍ പോയത്. ഇന്ന് കറുമ്പന്‍ വരികയാണെങ്കില്‍ താന്‍ കൂടെ ഉള്ള സമയത്താവട്ടെ എന്ന് ഷാജി കരുതി കാണും . സമയം അതിക്രമിച്ചു. കറുമ്പന്‍ വന്നില്ല. ഷാജിക്ക് ഇനി വൈകിക്കാന്‍ പറ്റില്ല. സമാധാനം തീരെ ഇല്ലാതെ ഷാജി ഓഫീസിലേക്ക് യാത്രയായി.
ഷാജി കാറില്‍ കയറാന്‍ കാത്തു നിന്നതാണെന്ന് തോന്നും കറുമ്പന്‍ മീനാക്ഷിയുടെ വാതിലില്‍ മുട്ടി. ഷാജി എന്തോ എടുക്കാന്‍ മറന്നു തിരിച്ചു വന്നതാണെന്ന് കരുതി മീനാക്ഷി വാതില്‍ തുറന്നപ്പോള്‍ സുസ്മേരവദനനായി കറുമ്പന്‍ മുന്നില്‍. കറുമ്പന്റെ കയ്യിലെ റോസാപൂവ് മീനാക്ഷി ശ്രദ്ധിച്ചു . പെട്ടെന്ന് മീനാക്ഷിക്ക് ഓര്മ വന്നത് നിത്യ ഹരിത നായകന്‍ പ്രേം നസീറിനെ യാണ്. നസീര്‍ ഷീലയ്ക്ക് റോസ് നീട്ടി. മീനാക്ഷി സ്വല്പം ശബ്ദം ഉയര്‍ത്തി ചോദിച്ചു, ഇത് എന്തെന്ന്. ഒരു കൂസലും ഇല്ലാതെ കറുമ്പന്‍ പറഞ്ഞു താങ്കളും ആയുള്ള സൗഹൃദം എനിക്ക് ഇഷ്ടപ്പെട്ടു, അതിന്റെ സമ്മാനം ആണിത്. മീനാക്ഷിക്ക് റോസാ പൂവെന്നല്ല എല്ലാ പൂക്കളും ഇഷ്ടമാണ്. അവള്‍ ഓര്‍ത്തു, ഷാജിയേട്ടന്‍ ഇതുവരെ ഒരു റോസാ പൂവ് പോലും തനിക്കു സമ്മാനിച്ചിട്ടില്ല, എന്തിനു പറയുന്നു തന്റെ ബര്‍ത്ത് ഡേ പോലും ആ മനുഷ്യന്‍ ഓര്‍ക്കാറില്ല. ഇന്ന് നോക്കു, ഇതാ ഒരു കറുമ്പന്‍ തന്റെ സൗഹൃദം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഇഷ്ടപ്പെടുന്നു. മനസ്സില്ല മനസ്സോടെ മീനാക്ഷി ആ റോസ് സ്വീകരിച്ചു.
അന്ന് കറുമ്പന്‍ വളരെ വാചാലനായി. അയാള്‍ ഒരു കല്യാണം കഴിച്ച ആളാണ്. ഒരു പെണ്‍കുട്ടിയും അയാള്‍ക്കുണ്ട്. വിവാഹജീവിതം അഞ്ചു വര്‍ഷമേ നീണ്ടു നിന്നുള്ളൂ. മകള്‍ക്ക് മൂന്ന് വയസ്സുള്ളപ്പോള്‍ ഭാര്യ തന്നെയും മകളെയും ഉപേക്ഷിച്ചു വേറൊരാളുടെ കൂടെ പോയി. ഇപ്പോള്‍ മകള്‍ക്ക് പതിനാറു വയസ്സായി. മകള്‍ വളര്‍ന്നു വരുന്ന രീതി അയാള്‍ക്ക് എന്നും അഭിമാനം പകര്‍ന്നു. മകളിലൂടെ അയാള്‍ പൂക്കളെ സ്നേഹിച്ചു, പക്ഷികളെ സ്നേഹിച്ചു. മകള്‍ ജനിക്കുന്നതിനു മുമ്പ് പൂക്കളും കിളികളും അയാളുടെ കാഴ്ച്ചയില്‍ ഇല്ലായിരുന്നു. പക്ഷികളുടെ ശബ്ദം അയാള്‍ കേള്‍ക്കാരില്ലയിരുന്നു. രാത്രിയുടെ കുളിര്‍ ആസ്വദിക്കാരില്ലായിരുന്നു. മകള്‍ ഇന്ന് പൂര്‍ണ്ണവതിയാണ്. അവള്‍ക്കു classical സംഗീതത്തിലാണ് അഭിരുചി. റോക്കിന്റെ പിന്നാലെ പോകുന്ന യുവത്വത്തില്‍ നിന്ന് വിഭിന്നമാണ് അവള്‍. എന്നും കറുമ്പന് അയാളുടെ മകള്‍ അഭിമാനമാണ്. കറുമ്പന്റെ വാചാലതക്ക് അപശ്രുതിയായി അയാളുടെ ഫോണ്‍ ശബ്ദമുണ്ടാക്കി. അന്നും അയാള്‍ വാഷ് ബൈസിന്‍ നന്നാക്കാതെ തിരിച്ചു പോയി.
എന്നത്തേതിലും നേരത്തെ ഷാജി ഓഫീസില്‍ നിന്നും തിരിച്ചു വന്നു. ഓടിക്കയറിയത് വാഷ് ബൈസിന്റെ അടുത്തേക്കായിരുന്നു. വാഷ് ബൈസിന്‍ നന്നാക്കിയിട്ടില്ല . ഫോണ് വന്നു കറുമ്പന്‍ തിരിച്ചു പോയി എന്ന് പറഞ്ഞു മീനാക്ഷി നിര്‍ത്തി. അതിനെ പറ്റി അവര്‍ സംസാരിച്ചില്ല. അടുത്ത ദിവസവും ഷാജി പോയി നിമിഷങ്ങള്‍ക്കകം വീണ്ടും വാതില്‍ക്കല്‍ നീണ്ട കൊട്ടല്‍ . മീനാക്ഷി വാതില്‍ തുറന്നു. സുസ്മേരവദനനും മന്ദസ്മിതനുമായ കറുമ്പന്‍ . ഇന്ന് ഒരു റോസല്ല, നിറയെ. വേളംകാരിക്ക് എന്ത് ചെയ്യണം എന്നറിയില്ല. അന്ന് അവള്‍ കറുമ്പനെ അത്ര ശ്രദ്ധിച്ചില്ല. കൂടാതെ അധികം സംസാരിച്ചില്ല. മുഖം കണ്ടാലറിയാം കറുമ്പന്‍ അത് തീരെ പ്രതീക്ഷിച്ചില്ല എന്ന്. അയാള്‍ അയാളുടെ ജോലിയും കഴിഞ്ഞു തിരിച്ചു പോയി.
അന്ന് വൈകുന്നേരം തടാകത്തിനു ചുറ്റും നടക്കുമ്പോള്‍ അവള്‍ കറുമ്പനെ നോക്കിയത് പോലുമില്ല. ഷാജി മീനാക്ഷിയുടെ മനോവ്യതിയാനങ്ങള്‍ ഒന്നും അറിഞ്ഞില്ല. പകല്‍ ജനാലകളിലൂടെ നോക്കിയാല്‍ കാണാം കറുമ്പന്‍ അപ്പാര്റ്റ് മെന്റിന്റെ ചെടികള്‍ വെട്ടുന്നത്. വ്യത്യാസം ഇത് മാത്രം നോട്ടം ചെടികളിളല്ല, പകരം മീനാക്ഷിയുടെ വീട്ടിലേക്കാണ്. എന്നും ഷാജിയും മീനാക്ഷിയും കൂടെ ഇറങ്ങുമ്പോള്‍ കറുമ്പന്‍ നഷ്ട സ്വപ്നം പോലെ മീനാക്ഷിയെ നോക്കും, കണ്ടു കണ്ടില്ല എന്ന മട്ടില്‍ മീനാക്ഷി നടന്നു നീങ്ങും........




അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ