2011 ഒക്‌ടോബർ 16, ഞായറാഴ്‌ച

കുഞ്ഞുമേരിയുടെ പ്രണയം



അപ്രതീക്ഷിതമായിരുന്നു കുട്ടപ്പായിയുടെ ഒടുക്കത്തെ നടുവേദന. തിരിയാനും മറിയാനും പറ്റാത്ത വേദന. എന്നും കമ്പ്യൂട്ടറിന്റെ മുന്നിലെ കുത്തിയിരിപ്പ് സമരത്തിന്റെ പരിണാമമോ അതോ നട്ടെല്ലിന്റെ ക്ഷതമോ അറിയില്ല, കുട്ടപ്പായി ശരിക്കും ചക്രശ്വാസം വലിക്കുകയായിരുന്നു. അയാള്‍ ആദ്യം സമീപിച്ചത് മസ്സാജ് വീരന്‍ കേളുവെട്ടനെ. കേളുവേട്ടന്‍ വിദഗ്ദനായ ഒരു ബാര്‍ബറും മസ്സാജ് വീരനും ആയിരുന്നു. കേളുവേട്ടന്‍ കുട്ടപ്പായിയുടെ നടുപ്പുറത്ത് താണ്ഡവം ആടി. ന്യൂട്രലില്‍ ഇരുന്ന തല എല്ലാ ഗിയറിലേക്കും ഇട്ടു. ഒടുക്കത്തെ നടുവേദന ഒടുങ്ങാത്ത നടുവേദന ആക്കാന്‍ കേളുവേട്ടനു അധികം സമയം വേണ്ടി വന്നില്ല. കൂടാതെ കുട്ടപ്പായി കിടപ്പിലും ആയി. 

അലോപ്പതിയില്‍ തീരെ വിശ്വാസമില്ലാതിരുന്ന കുട്ടപ്പായി വലിച്ചു പിടിച്ച് ആയുര്‍വേദ ആശുപത്രിയില്‍ എത്തി. ആയുര്‍വേദ ഡോക്ടര്‍ കുട്ടപ്പായിയെ പരിശോധിച്ചു. കണ്ണുകള്‍ ഉരുട്ടി ദീര്‍ഘ നിശ്വാസത്തോടെ ഡോക്ടര്‍ പറഞ്ഞു, "പണി പിടിക്കും" ! . കുട്ടപ്പായിയെ അവിടെ അഡ്മിറ്റ്‌ ചെയ്തു. ഉഴിച്ചിലും പിഴിച്ചിലും ഗംഭീരമായി നടക്കുന്നു. കുട്ടപ്പായിയുടെ പോക്കെറ്റും നന്നായി പിഴിയുന്നുണ്ടായിരുന്നു. 

രാവിലെ എഴുന്നേറ്റാല്‍ നെയ്‌ ചേര്‍ത്ത മരുന്ന്. അത് ഉള്ളില്‍ ചെല്ലേണ്ട, അലാറം അടിയും , അത് കക്കൂസിലെ കതിന വെടിയിലെ അവസാനിക്കാറുള്ളൂ. എല്ലാ ദിവസവും കുട്ടപ്പായി കക്കൂസില്‍ കാര്‍ഗില്‍ യുദ്ധം നടത്തി തിരിച്ചു വരുമ്പോഴേക്കും അടുത്ത നെയ്‌ മരുന്ന്. അത് പോഖ്രാനിലെ ആറ്റം ബോംബിനു സമമായിരിക്കും. കുട്ടപ്പായി ക്ഷീണിച്ചു. കൂടാതെ നടുവേദനക്ക് അല്‍പ്പം ആശ്വാസവും. 

ക്ഷീണിതനായി യുദ്ധം ചെയ്തുവരുന്ന കുട്ടപ്പായിക്ക് ജ്യുസും ആയി കുഞ്ഞുമേരി സിസ്റ്റര്‍ കാത്തു നില്‍പ്പുണ്ടാവും. കുഞ്ഞു മേരി അതിസുന്ദരിയായ ഒരു യുവതിയാണ്. എന്നും ഒടിഞ്ഞു തൂങ്ങിയ വയസ്സന്മാരെ ശുശ്രൂഷിച്ചു മടുത്ത കുഞ്ഞുമേരിക്ക് വേനലിലെ ഒരു തണുത്ത മഴയായിരുന്നു കുട്ടപ്പായി. കക്കൂസിലെ യുദ്ധവും കഴിഞ്ഞു വരുന്ന കുട്ടപ്പായി നനഞ്ഞു ഒട്ടിയ ലുങ്കി, ഒട്ടിയ വിരിഞ്ഞ വയറില്‍ വലിച്ചു കെട്ടുന്നത് കാണുന്നതില്‍ കുഞ്ഞു മേരി ഒരു ആനന്ദം കണ്ടു. കുട്ടപ്പായിക്ക് ജ്യൂസ്‌ കൊടുക്കുമ്പോള്‍ ചൂണ്ടു വിരല്‍ കൊണ്ട് കുഞ്ഞു മേരി അവന്റെ വിരലുകളില്‍ മൃദുലമായി സ്പര്ശിക്കുമായിരുന്നു. വരണ്ട മരുഭൂമിയിലെ ഒരു മരുപ്പച്ചയായിരുന്നു കുഞ്ഞുമേരിക്ക് കുട്ടപ്പായിയുടെ വിരലിലെ ഈ സ്പര്‍ശനം. എപ്പോഴെങ്കിലും കുഞ്ഞുമേരി കുട്ടപ്പായിയെ സ്പര്‍ശിച്ചാല്‍ കുഞ്ഞുമേരിയുടെ മൂക്കിന്റെ ദ്വാരങ്ങളുടെ വ്യാസം അപ്രതീക്ഷിതമായി വര്ധിക്കുന്നതയും ഇടതു പുരികം പിടഞ്ഞു കൊണ്ടിരിക്കുന്നതായും അവള്‍ക്ക് അനുഭവപ്പെട്ടിരുന്നു. സ്പര്‍ശനം പിന്‍വലിച്ചാല്‍ മൂക്കും പുരികവും സാധാരണ ഗതിയിലേക്ക് വരികയും ചെയ്യുമായിരുന്നു.

കുട്ടപ്പായിക്ക് എന്നും നടുപ്പുറത്ത് കിഴി വെക്കണം. കിഴി വച്ചിരുന്നത് കുഞ്ഞുമേരിയും. കിഴിയിലൂടെ സംഭവിക്കുന്ന കുട്ടപ്പായിയുമായുള്ള സ്പര്‍ശനം മൂക്കിന്റെയും പുരികത്തിന്റെയും അസാധാരണ രാസപ്രക്രിയയില്‍ അവസാനിച്ചിരുന്നു.  എത്രയും ചൂട് താങ്ങാന്‍ കഴിയുന്നുവോ അത്രയും വേഗം ആശുപത്രി വിട്ടു പോകാം എന്ന് രോഗിയോട് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പക്ഷെ കുഞ്ഞു മേരി ഒരിക്കലും ചൂടുള്ള കിഴി കുട്ടപ്പായിയുടെ ദേഹത്ത് പ്രയോഗിച്ചില്ല, കാരണം കുട്ടപ്പായി കൂടുതല്‍ ദിവസം ആശുപത്രിയില്‍ കിടക്കേണ്ടത്‌ കുഞ്ഞുമേരിയുടെ ആവശ്യമായിരുന്നു. കുട്ടപ്പായി കുഞ്ഞുമേരിയുടെ ചന്തി മറയുന്ന മുടിയിലും ഉണ്ട കണ്ണുകളിലും ഭംഗിയുള്ള കൈകളിലും കാലുകളിലും ശ്രദ്ധിക്കുന്നതായി അവള്‍ക്കു തോന്നി. അവന്‍ നോക്കുന്നതിനു അനുസരിച്ച് അവള്‍ തന്റെ ശരീര വടിവ് അവനെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. 

ആശുപത്രിയിലെ ഒടിഞ്ഞു തൂങ്ങിയ വയസ്സന്മാര്‍ എന്നും കുട്ടപ്പായിയുടെ നോട്ടത്തിലും കുഞ്ഞുമേരിയുടെ നടപ്പിലും സംശയാലുക്കള്‍ ആയിരുന്നു. എന്നും വയസ്സന്മാര്‍ ഒന്നും കാണാത്ത മട്ടില്‍ കുഞ്ഞുമേരിയുടെ ജ്യുസ് ഗ്ലാസില്‍ ഇടം കണ്ണിട്ടു നോക്കുകയും കുഞ്ഞുമേരിയുടെ സ്വപ്നത്തില്‍ ഊളിയിട്ടു ഇറങ്ങുകയും ചെയ്തു. കൂടാതെ കുഞ്ഞുമേരി കുട്ടപ്പായിയെ ശുശ്രൂഷിക്കുമ്പോള്‍ വയസ്സന്മാര്‍ തങ്ങളോടു മറ്റു നേഴ്സ്മാര്‍ നീതികാണിക്കാത്ത മട്ടില്‍ പിറുപിറുത്തു. കുട്ടപ്പായിയുടെ ബെഡ്ഡില്‍ എന്ത് സംഭവിക്കുന്നു എന്നതായിരുന്നു ചാവാറായ കിളവന്‍മാരുടെ ആധി. 

കുട്ടപ്പായിയുടെ ആശുപത്രി നാളുകള്‍ നീണ്ടുപോയി. ഒരുദിവസം തന്റെ കക്കൂസിലെ യുദ്ധവും കഴിഞ്ഞ് കുഞ്ഞുമേരിയുടെ കയ്യില്‍ നിന്നും ജ്യുസും വാങ്ങി കുടിച്ചു ഒരു കഥാകാരന് കഥ എഴുതാന്‍ പ്രസവവേദന കിട്ടിയ മാതിരി കടലാസില്‍ എന്തോ കുത്തിക്കുറിക്കുകയാണ് കുട്ടപ്പായി. ഒരു മൂലയില്‍ കിടന്ന ഒടിഞ്ഞ വയസ്സന്‍ അല്പം തലപൊക്കി ആരും കേള്‍ക്കാതെ ആംഗലേയത്തില്‍ പറഞ്ഞു "love letter". കുട്ടപ്പായി വളരെ ആലോചിച്ചു മുക്കിയും മൂളിയും എഴുതി തീര്‍ത്ത കടലാസ് ഒരു ബൂക്കിനുള്ളിലാക്കി വച്ചു. വയസ്സന്മാരെ കൂടാതെ കുഞ്ഞു മേരിയും ഇത് കണ്ടു. 
കുഞ്ഞുമേരിക്ക് ഉത്തര കടലാസ് കിട്ടുമ്പോഴുള്ള ടെന്‍ഷന്‍ ആയിരുന്നു. പരീക്ഷയില്‍ തോല്‍ക്കുമോ അതോ ജയിക്കുമോ? ആശുപത്രിയിലെ വയസ്സന്മാര്‍ക്കും കുഞ്ഞുമേരിക്കും എഴുത്തിനെ ചൊല്ലി  ഒരേ  ജിജ്ഞാസയായിരുന്നു. ഉച്ചക്ക് കിഴിവെക്കാന്‍ കുഞ്ഞുമേരി കുട്ടപ്പായിയുടെ അടുത്തു വന്നു. വയസ്സന്മാര്‍ തിമിരം ബാധിച്ച കണ്ണുകള്‍ കൊണ്ട് കഷടപ്പെട്ട് ഇനി എന്ത് സംഭവിക്കും എന്ന് അറിയാന്‍ വേണ്ടി ഇമ വെട്ടാതെ കുട്ടപ്പായിയുടെ ബെഡിലേക്ക് നോക്കിയിരുന്നു, കൂടാതെ കത്ത് വെച്ച ബുക്കിലേക്കും. 

കുഞ്ഞുമേരി കിഴിമതിയാക്കി പോകാന്‍ ഒരുങ്ങുമ്പോള്‍ കുട്ടപ്പായി ആരും കാണുന്നില്ലല്ലോ എന്ന് ഉറപ്പു വരുത്തി അല്പം ലജ്ജയോടെ എഴുതിയ കത്ത് വച്ചു നീട്ടി. ഒരു ചോദ്യം പോലും ചോദിക്കാതെ കുഞ്ഞുമേരി ആ കത്ത് വാങ്ങി.വയസ്സന്മാര്‍ ദീര്‍ഘ നിശ്വാസം വിട്ടു. കുഞ്ഞുമേരി കത്തുമായി ഡ്യൂട്ടി റൂമിലേക്ക്‌ ഓടി. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഓമന നേഴ്സ് കാണാതെ ബുക്കിനുള്ളില്‍ ഒളിപ്പിച്ചു കത്ത് വായിക്കാന്‍ തുടങ്ങി.

  എത്രയും പ്രീയപ്പെട്ട മേരി സിസ്റ്റര്‍, 
               എന്റെ ചേട്ടന്‍ ഒരു പുല്ലു ലോറി ആയി എന്റെ മുന്നില്‍ കല്യാണം കഴിക്കാതെ നില്ക്കാന്‍ തുടങ്ങിയിട്ട് നാള്‍ ഏറെയായി. എന്റെ അപ്പനാണെങ്കില്‍ പുര നിറഞ്ഞു നില്‍ക്കുന്ന ചേട്ടനെ കല്യാണം കഴിപ്പിക്കാന്‍ ഒരു താല്‍പ്പര്യവും കാണിക്കുന്നുമില്ല. നിങ്ങള്‍ എത്ര ആത്മാര്‍ഥതയോടെ ആണ് രോഗികളെ പരിചരിക്കുന്നതു? എന്ത് കൊണ്ട് എന്റെ ചേട്ടനെ കല്യാണം കഴിച്ചു പരിചരിച്ചു കൂട? ഉത്തരം പ്രതീക്ഷിച്ചുകൊണ്ട് ,
                                                                                                       കുട്ടപ്പായി.

കുഞ്ഞുമേരി കഷായം കുടിച്ചതു  മാതിരി ആയി. കുട്ടപ്പായിയെ സ്നേഹിച്ച കുഞ്ഞുമേരിയുടെ മുന്നില്‍  സ്വന്തം ചേട്ടനെ കല്യാണം കഴിക്കാനുള്ള അപേക്ഷയുമായി കുട്ടപ്പായി. അന്ന് വൈകുന്നേരം നല്ല തിളപ്പിച്ച വെള്ളത്തില്‍ മുക്കിയ കിഴികൊണ്ട് കുട്ടപ്പായിയെ മൂന്നുലോകവും കുഞ്ഞുമേരി കാണിച്ചു കൊടുത്തു. കിഴിയുടെ ചൂടില്‍ കുട്ടപ്പായിയും കണ്ടു നിന്ന വയസ്സന്മാരും അവരവരുടെ ഭാവനകള്‍ രചിച്ചു. അന്ന്  എന്നും സംഭവിച്ചിരുന്ന മൂക്കിന്റെയും പുരികത്തിന്റെയും അസാധാരണത അവള്‍ക്കു അനുഭവപ്പെട്ടില്ല.


3 അഭിപ്രായങ്ങൾ:

  1. ഒരു കഥ എന്ന് വേണമെങ്കിൽ പറയാം. പ്രമേയം പഴയത്,രചനാരീതിയും പഴയത്.ഗുണമൊന്നും പറയാനില്ല.എന്നാൽ ദോഷം പറഞ്ഞ് വിഷമിപ്പിക്കുന്നുമില്ല.
    ഇതു പോലെയുള്ള കഥകൾ എഴുതുന്നതിനു പകരം സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രമേയങ്ങൾ കണ്ടെത്തി എഴുതിയാൽ നന്നായിരിക്കും എന്ന് തോന്നുന്നു. അല്ലെങ്കിൽ അനുവാചകർക്ക് രസം നൽകുന്ന ഒരു രചനാരീതി സൃഷ്ട്ടിക്കുക. രണ്ടിലൊന്നെങ്കിലുമില്ലാതെ ബൂലോകത്തിങ്ങനെ വെറുതെ തുടരുക എന്ന ഉദ്ദേശ്യമേ ഉള്ളൂ എങ്കിൽ ഇതൊക്കെ മതി.
    സ്നേഹ പൂർവ്വം വിധു

    മറുപടിഇല്ലാതാക്കൂ
  2. എന്റെ ചേട്ടന്‍ ഒരു പുല്ലു ലോറി ആയി എന്റെ മുന്നില്‍ കല്യാണം കഴിക്കാതെ നില്ക്കാന്‍ തുടങ്ങിയിട്ട് നാള്‍ ഏറെയായി. എന്റെ അപ്പനാണെങ്കില്‍ പുര നിറഞ്ഞു നില്‍ക്കുന്ന ചേട്ടനെ കല്യാണം കഴിപ്പിക്കാന്‍ ഒരു താല്‍പ്പര്യവും കാണിക്കുന്നുമില്ല. നിങ്ങള്‍ എത്ര ആത്മാര്‍ഥതയോടെ ആണ് രോഗികളെ പരിചരിക്കുന്നതു? എന്ത് കൊണ്ട് എന്റെ ചേട്ടനെ കല്യാണം കഴിച്ചു പരിചരിച്ചു കൂട?

    അനുജത്തിക്ക് ജ്യേഷ്ടനോടുള്ള സ്നേഹം ഇതുതന്നെയാ വളരെ നന്നായിരിക്കുന്നു, .ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

ഗുരു പൂജ

മാറിയ വിലാസത്തിനും മാറിയ പുരയിടത്തിനും മാറ്റാൻ പറ്റാത്ത ഗുണവിശേഷമുണ്ട്, അവളിൽ പഴിചാരപ്പെട്ട സ്വഭാവഗുണം.  പിൻ വഴിയിലെ പിറു പിറുക്കലും തുറിച്...